ഹരിപ്പാട് ∙ ജില്ലാതല ഉദ്ഘാടനത്തിനു മുൻപ്, ഒപ്പം പദ്ധതിക്കു കാർത്തികപ്പള്ളി താലൂക്കിൽ തുടക്കം. റേഷൻ കടകളിലെത്തി റേഷൻ കൈപ്പറ്റാൻ സാധിക്കാത്ത ജനവിഭാഗങ്ങൾക്ക് ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ റേഷൻ വീടുകളിൽ എത്തിക്കുന്നതാണ് ഒപ്പം പദ്ധതി. ഏപ്രിലിൽ മന്ത്രിയെ ഉൾപ്പെടുത്തി ജില്ലാതല ഉദ്ഘാടനം നടത്താനുള്ള ക്രമീകരണങ്ങളുമായി സിവിൽ സപ്ലൈസ് വകുപ്പ് മുന്നോട്ടു പോകുമ്പോഴാണു കാർത്തികപ്പള്ളി താലൂക്കിൽ വിതരണം തുടങ്ങിയത്.
രോഗിയായ എഎവൈ കാർഡ് ഉടമ കുഞ്ഞമ്മയ്ക്ക് പിലാപ്പുഴ 255–ാം നമ്പർ റേഷൻ കടയിൽ നിന്നു ഓട്ടോറിക്ഷയിൽ റേഷൻ സാധനങ്ങൾ എത്തിച്ചു നൽകുകയായിരുന്നു. റേഷനിങ് ഇൻസ്‌പെക്ടർ രാജേഷ് വിശ്വനാഥ്, ലൈസൻസി നവാസ് ഗഫൂർ എന്നിവർ പങ്കെടുത്തു. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ വിശദീകരണം തേടിയിട്ടുണ്ടെന്നാണു വിവരം.