ആലപ്പുഴ ∙ കള്ളനോട്ട് കേസിലെ പ്രതിയായ എടത്വ മുൻ കൃഷി ഓഫിസർ ജിഷമോളെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ജയിലിലെത്തി ചോദ്യം ചെയ്തു. മാവേലിക്കര ജില്ലാ ജയിലിലായിരുന്നു ചോദ്യം ചെയ്യൽ. ഇവരെ ഒരു ദിവസത്തേക്കു ജയിലിൽ ചോദ്യം ചെയ്യാൻ കോടതി ക്രൈം ബ്രാഞ്ചിന് അനുമതി നൽകിയിരുന്നു.
സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ റിമാൻഡിലായപ്പോൾ തനിക്കു മാനസിക പ്രശ്നങ്ങളുണ്ടെന്നു ജിഷമോൾ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ഇവരെ തിരുവനന്തപുരം പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് അയച്ചു. കഴിഞ്ഞ ദിവസം ജയിലിൽ തിരിച്ചെത്തിച്ചതോടെയാണ് ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈം ബ്രാഞ്ച് അപേക്ഷിച്ചത്.
ചോദ്യം ചെയ്യലിനിടയിൽ ജിഷമോൾക്ക് മാനസിക പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നു പൊലീസ് പറഞ്ഞു. കേസിലെ മറ്റു പ്രതികളെ ചോദ്യം ചെയ്യാനും കോടതിയിൽ അപേക്ഷ നൽകുമെന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി.വി.രമേഷ് കുമാർ പറഞ്ഞു. കേസിൽ ആകെ 11 പ്രതികളാണുള്ളത്. ഇതിൽ എട്ടുപേരെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതു കൂടാതെ രണ്ടുപേർ നേരത്തെ കായംകുളം കള്ളനോട്ട് കേസിൽ അറസ്റ്റിലായിരുന്നു. ഇവർ ആലപ്പുഴ കേസിലും പ്രതികളാണ്. ഒരു പ്രതിയെ പിടികൂടാനുമുണ്ട്.