ADVERTISEMENT

 ചെങ്ങന്നൂർ ∙ കിഴക്കേനട ഗവ.യുപി സ്കൂൾ കെട്ടിടത്തിനു മുകളിലേക്കു കൂറ്റൻമരം വീണുണ്ടായ അപകടത്തിന്റെ നടുക്കം നാട്ടുകാർക്ക് ഇനിയും വിട്ടുമാറിയിട്ടില്ല . അപകടത്തിൽ  ഏഴാംക്ലാസുകാരൻ ഉൾപ്പെടെ 3 പേർക്കു പരുക്കേറ്റിരുന്നു. പരീക്ഷ കഴിഞ്ഞു കുട്ടികൾ മടങ്ങി നിമിഷങ്ങൾക്കു ശേഷമാണ് അപകടം എന്നതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു.കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം പ്രവർത്തിച്ചിരുന്ന ഗവ.റിലീഫ് എൽപി സ്കൂൾ, കെട്ടിടം ജീർണാവസ്ഥയിലായതിനെ തുടർന്നു   2 വർഷമായി പ്രവർത്തിച്ചിരുന്ന ജിയുപിഎസിലെ ക്ലാസ് മുറിക്കു മുകളിലേക്കാണ്  മരം വീണത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ കൂറ്റൻ വാകമരം ചുവടുഭാഗം ഒടിഞ്ഞതിനെ തുടർന്നാണ് വീണത്.

ക്ലാസിലുണ്ടായിരുന്ന റിലീഫ് സ്കൂൾ അധ്യാപിക ആശ, ജിയുപിഎസിലെ ഏഴാം ക്ലാസ് വിദ്യാർഥി എസ്.അഭിജിത്ത്, മറ്റൊരു കുട്ടിയുടെ മാതാവ് രേഷ്മ എന്നിവർക്കാണു പരുക്കേറ്റത്. ഇവർ സുഖം പ്രാപിച്ചു വരുന്നു. അപകടത്തിൽ ക്ലാസ്‌മുറി  തകർന്നതിനാൽ ഇന്നലെ റിലീഫ് എൽപിഎസിലെ വിദ്യാർഥികൾ മറ്റൊരു ക്ലാസ്മുറിയിലാണു പരീക്ഷ എഴുതിയത്. 15 ലക്ഷത്തോളം രൂപ ചെലവിട്ടു പ്രീപ്രൈമറി വിഭാഗത്തിനായി നവീകരിച്ച കെട്ടിടമാണു  തകർന്നത്. ഈ കെട്ടിടം പൂർണമായും പൊളിച്ചുനീക്കി പുതിയ കെട്ടിടം നിർമിക്കാൻ നടപടി ആവശ്യപ്പെട്ടു വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർക്കു കത്ത് നൽകുമെന്ന് എഇഒ കെ.സുരേന്ദ്രൻ പിള്ള പറഞ്ഞു. 

അപകടം പരാതി അവഗണിച്ചതിനാൽ

സ്കൂൾ വളപ്പിലെ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണമെന്നു കാട്ടി 2021 നവംബറിലും 2022 ജൂണിലും നഗരസഭ അധികൃതർക്കു പരാതി നൽകിയിരുന്നെന്നു ജിയുപിഎസ് ഹെഡ്മിസ്ട്രസ് പി.കെ.സുജാത പറഞ്ഞു. അതേസമയം പുതിയ കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടു സ്കൂൾ മുറ്റത്തെ മരങ്ങളുടെ ശിഖരങ്ങൾ മുറിക്കാൻ അപേക്ഷ നൽകുക മാത്രമായിരുന്നെന്നു നഗരസഭാധ്യക്ഷ സൂസമ്മ ഏബ്രഹാം പറഞ്ഞു. ഇവ മുറിച്ചു മാറ്റിയിരുന്നതായും പറഞ്ഞു. അപകടാവസ്ഥയിൽ നിൽക്കുന്ന മറ്റൊരു മരം കൂടി സംഭവത്തെ തുടർന്ന് മുറിച്ചു മാറ്റാൻ നടപടി ആവശ്യപ്പെട്ട് ആർഡിഒയ്ക്കു നിവേദനം നൽകിയതായി ഹെഡ്മിസ്ട്രസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com