അമ്പലപ്പുഴ∙ ആലപ്പുഴ ശുദ്ധജല പദ്ധതിയുടെ പൈപ്പ് ചോർന്ന് ജലം വൻതോതിൽ പാഴാകുന്നു. കരുമാടി പാലത്തിന് പടിഞ്ഞാറെ കരയിൽ പള്ളി റോഡിനരികിലാണ് ഇന്നലെ പുലർച്ചെ മുതൽ ചോർന്നു തുടങ്ങിയത്. ഇതേ ഭാഗത്ത് ഒന്നര വർഷം മുൻപ് പൈപ്പ് തമ്മിൽ ഘടിപ്പിച്ചിരുന്നിടത്ത് ചോർന്നിരുന്നു.
തകഴി കേളമംഗലത്തിനും റെയിൽവേ ക്രോസിനും ഇടയിൽ 78 തവണ പൈപ്പ് ചോർന്നത് പരിഹരിച്ച് സംസ്ഥാനപാതയുടെ നവീകരണം പുരോഗമിച്ചു വരുന്നതിനിടെയിലാണ് പുതുതായി പൈപ്പ് ചോരുന്നത്. ശുദ്ധജലം കിട്ടാത്ത പ്രദേശവാസികൾ പരക്കം പായുന്നതിനിടെയിലാണ് പൈപ്പ് ചോർച്ച ഉണ്ടായത്.പൈപ്പ് ചോർന്ന വിവരം പദ്ധതി ഉദ്യോഗസ്ഥരെ നാട്ടുകാർ അറിയിച്ചു. പമ്പിങ് നിർത്തിവച്ച് അടുത്ത ദിവസം തകരാർ പരിഹരിക്കുമെന്ന് പദ്ധതി എക്സി.എൻജിനീയർ അറിയിച്ചു.