ADVERTISEMENT

ആലപ്പുഴ∙ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ രോഗിക്കൊപ്പമെത്തിയ അതിഥിത്തൊഴിലാളി, ഗർഭിണിയായ ഡോക്ടറെ ആക്രമിക്കാൻ തുനിഞ്ഞ സംഭവമുണ്ടായത് ഇക്കഴിഞ്ഞ ദിവസം. ആക്രമണം തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ ചവിട്ടുകയും ചെയ്തു. ഇവിടെ പൊലീസ് സേവനം ലഭ്യമല്ല. 2 വനിതകൾ ഉൾപ്പെടെ 6 സെക്യൂരിറ്റി ജീവനക്കാർ മാത്രമേയുള്ളൂ. ജില്ലയിലെ മറ്റു പ്രധാന ആശുപത്രികളിലെ സ്ഥിതിയും വ്യത്യസ്തമല്ല.

മെഡിക്കൽ കോളജ് ആശുപത്രി

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മാതാവിനു കൂട്ടുനിന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സെക്യൂരിറ്റി ജീവനക്കാർ മർദിച്ചിരുന്നു. ചികിത്സയിലിരിക്കെ മന്ത്രി സജി ചെറിയാന്റെ ഗൺമാൻ ആശുപത്രി ജീവനക്കാരോടു മോശമായി സംസാരിച്ചതു വിവാദമായി. പൊലീസ് എയ്ഡ്പോസ്റ്റിൽ പൊലീസുകാർ കാണുമെങ്കിലും പലപ്പോഴും അക്രമ സംഭവങ്ങൾ സമയത്തു നിയന്ത്രിക്കാനാകുന്നില്ല.

ആലപ്പുഴ ജനറൽ ആശുപത്രി

ജനറൽ ആശുപത്രിയിൽ ഒന്നര വർഷം മുൻപു വനിതാ ഡോക്ടറെ ആക്രമിച്ച കേസിൽ പ്രതിയെ ശിക്ഷിച്ചു. വാർഡിൽ കയറി കുത്തിവയ്പ് മരുന്നു മോഷ്ടിക്കാൻ ശ്രമം ഉണ്ടായിട്ടുണ്ട്. ഇവിടെ പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും കാര്യമായ സേവനം ലഭിക്കാറില്ല.

മാവേലിക്കര ജില്ലാ ആശുപത്രി

ജനുവരി 19നു സെക്യൂരിറ്റിയെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വർഷങ്ങൾക്കു മുൻപു വനിത ഡോക്ടറെ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞതിനെത്തുടർന്നു നടന്ന ചർച്ചയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ച്, രാത്രിയും പകലും പൊലീസിനെ ഡ്യൂട്ടിക്കു നിയോഗിക്കാൻ തീരുമാനിച്ചു. കുറച്ചു മാസങ്ങൾക്കു ശേഷം രാത്രി എയ്ഡ് പോസ്റ്റ് പ്രവർത്തനം നിലച്ചു.

കായംകുളം താലൂക്കാശുപത്രി

ഒരാഴ്ച മുൻപു ചികിത്സ തേടി എത്തിയ രോഗി അക്രമാസക്തനായി രണ്ട് സെക്യൂരിറ്റി ജീവനക്കാരെ കുത്തിപ്പരുക്കേൽപിച്ചിരുന്നു. പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും ഒരു ഹോം ഗാർഡ് മാത്രമാണു ഡ്യൂട്ടിയിലുണ്ടാവുക‌. 2022 സെപ്റ്റംബറിലും ആശുപത്രിയിൽ ആക്രമണം ഉണ്ടായിരുന്നു.

ഹരിപ്പാട് താലൂക്കാശുപത്രി

ഒരു മാസം മുൻപു ബൈക്ക് അപകടത്തിൽ പരുക്കേറ്റ് അത്യാഹിത വിഭാഗത്തിൽ വന്ന യുവാവ് നഴ്സിങ് ഓഫിസറെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. ആറുമാസം മുൻപു സംഘർഷത്തെ തുടർന്ന് ഇരുഭാഗത്തുമുള്ളവർ ആശുപത്രിയിൽ അഡ്മിറ്റാകാൻ വന്നതു വീണ്ടും സംഘർഷത്തിനു കാരണമായി. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറയുകയും സെക്യൂരിറ്റി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും അനുകൂല നടപടിയില്ല.

പുളിങ്കുന്ന് താലൂക്കാശുപത്രി

ഡോക്ടർമാരെ ഭീഷണിപ്പെടുത്തുകയോ, ആക്രമിക്കുകയോ ചെയ്ത സംഭവങ്ങൾ പുളിങ്കുന്നിലില്ല. പുളിങ്കുന്ന് പൊലീസ് സ്റ്റേഷനു തൊട്ടടുത്താണ് ആശുപത്രിയെന്നതും ഗുണകരമായി.

കലവൂർ എഫ്എച്ച്സി

കലവൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ രാത്രി ചികിത്സ തേടിയെത്തിയ ഗുണ്ടകൾ ഡോക്ടറെയും നഴ്സിങ് ജീവനക്കാരെയും ആക്രമിച്ച സംഭവം കഴിഞ്ഞ വർഷം ജൂണിലുണ്ടായി. പരുക്കേറ്റ ഡോക്ടർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു.

ശിക്ഷ ഇങ്ങനെ

ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുകയോ മുറിവേൽപ്പിക്കുകയോ മരണഭീതി സൃഷ്ടിക്കുകയോ, സ്ഥാപനത്തിനു നാശനഷ്ടം വരുത്തുകയോ ചെയ്താൽ

∙ ജാ‌മ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കും
∙ 3 വർഷം തടവും 50,000 രൂപ പിഴയും
∙ സ്ഥാപനത്തിനു നഷ്ടപരിഹാരത്തുക നൽകാത്ത പക്ഷം റവന്യു റിക്കവറി നടപടികൾ നേരിടേണ്ടി വരും.
∙ ഗുരുതര സ്വഭാവമുള്ള ആക്രമണമാണെങ്കിൽ 10 വർഷം വരെ തടവ്

മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റിൽ 11 പേർ ഡ്യൂട്ടിക്കു വേണമെങ്കിലും നിലവിൽ 6 പേർ മാത്രമാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com