ADVERTISEMENT

ആലപ്പുഴ∙‘ ഭൂമി തരംമാറ്റാനായി ഞാനും അയൽവാസിയും ഒരുമിച്ചാണ് അപേക്ഷ നൽകിയത്. ഒരു മാസത്തിനകം അദ്ദേഹത്തിന്റെ നിലം രേഖകളിൽ പുരയിടമായി. എന്നാൽ 8 മാസത്തോളം വില്ലേജ് ഓഫിസിലും ആർഡിഒ ഓഫിസിലും കയറിയിറങ്ങുകയും ആർഡിഒയ്ക്കു പരാതി നൽകുകയും ചെയ്തതിനു ശേഷമാണ് എനിക്ക് ഭൂമി തരംമാറ്റി കിട്ടിയത്. പിന്നീടാണ് അറിഞ്ഞത്; ഏജന്റ് വഴി 10,000 രൂപ കൊടുത്താണ് അയൽവാസി അപേക്ഷിച്ചത്.

ഞാൻ നേരിട്ടും; സർക്കാർ ഓഫിസുകളിലെ അഴിമതിയെക്കുറിച്ചു പറയാൻ മലയാള മനോരമയിലേക്കു വിളിച്ച ചേർത്തല പട്ടണക്കാട് സ്വദേശിയുടെ വാക്കുകളിൽ, ഒരേ ആവശ്യവുമായി എത്തിയവരെ രണ്ടു തരം പൗരൻമാരാക്കിയ കൈക്കൂലിയോടുള്ള അമർഷമുണ്ടായിരുന്നു. അർഹതയുണ്ടായിട്ടും   കൈക്കൂലി നൽകാത്തതിന്റെ പേരിൽ മാത്രം സേവനം നിഷേധിക്കപ്പെടുന്നു എന്ന പരാതിയുമായി വിളിച്ചവരായിരുന്നു ഏറെയും. മാസങ്ങളോളം നടന്നിട്ടും അനുവദിക്കാത്ത രേഖകൾ പണം കൊടുത്തപ്പോൾ കയ്യിലെത്തിയ അനുഭവം ചിലർ രോഷത്തോടെയാണു പങ്കുവച്ചത്.  

ലൊക്കേഷൻ സർട്ട‌ിഫിക്കറ്റ് നൽകാൻ 200 രൂപ വാങ്ങിയ ഉദ്യോഗസ്ഥൻ മുതൽ വീടിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് അനുവദിക്കാൻ ഏതോ കടലാസു ട്രസ്റ്റിന്റെ പേരിലുള്ള 1000 രൂപയുടെ സംഭാവനക്കൂപ്പൺ എടുപ്പിച്ച ഉദ്യോഗസ്ഥൻ വരെയുള്ള അഴിമതിയുടെ പല മുഖങ്ങൾ ഓരോ പരാതിയിലുമുണ്ടായിരുന്നു. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന കഥകളാണു വിളിച്ചവരിൽ ഏറെയും ചൂണ്ടിക്കാട്ടിയത്. വീട്ടുനമ്പർ അനുവദിക്കാനും പട്ടയം ലഭിക്കാനുമെല്ലാം ഓഫിസുകൾ കയറിയിറങ്ങുന്നവരുടെ ദുരിത കഥകൾ. വായ്പ പുതുക്കാൻ ഒരു പൊതുമേഖലാ ബാങ്ക് മാനേജർ  കൈക്കൂലി ചോദിച്ചെന്നു പറഞ്ഞതു രോഗിയായ വയോധികൻ. 

കാണേണ്ടവരെ കണ്ടില്ലെങ്കിൽ

1971ൽ ഇഷ്ടദാനം കിട്ടിയ ഭൂമിക്കു പട്ടയത്തിനായി 2017 ലാണ് അപേക്ഷ നൽകിയത്. ആധാരവും മുൻ തഹസിൽദാർ നൽകിയ സാക്ഷ്യപത്രവും ഉൾപ്പെടെ എല്ലാ രേഖകളും താലൂക്ക് ഓഫിസിൽ നൽകി. നാലു വർഷമായിട്ടും അനക്കമില്ല. ‘കാണേണ്ടവരെ കണ്ടില്ലെന്നു പരാതിയുണ്ട്’ എന്നാണ് കാരണമായി താലൂക്ക് ഓഫിസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്–  മനോരമയിലേക്കു വിളിച്ച വയലാർ സ്വദേശി പറഞ്ഞു. ‘ലൈഫ് പദ്ധതിയിൽ വീടു നിർമിക്കാൻ ഭൂമിയുടെ കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കാൻ വില്ലേജ് ഓഫിസർ 5000 രൂപ കൈക്കൂലി വാങ്ങി. വീട് നിർമിച്ചു. അതേ ഭൂമിക്ക് പട്ടയത്തിനായി 2018 ൽ നൽകിയ അപേക്ഷ പല കാരണങ്ങൾ പറഞ്ഞു നീട്ടിക്കൊണ്ടുപോവുകയാണ്’– ഇതായിരുന്നു മറ്റൊരു പരാതി.  

  ‘2018ലാണ് വീടുപണി തുടങ്ങിയത്. 2019 ൽ പൂർത്തിയായി. ഇതിനിടെ മൂന്നു വട്ടം വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥർക്കു കൈക്കൂലി നൽകി. അഞ്ഞൂറും ആയിരവും ഒക്കെയാണു നൽകിയത്. പണി പൂർത്തിയായ ശേഷം നഗരസഭയിൽ കംപ്ലീഷൻ സർട്ടിഫിക്കറ്റിനു പോയപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ 1000 രൂപയുടെ ഒരു കൂപ്പൺ തന്നു. എവിടെയാണെന്നു പോലും അറിയാത്ത ഏതോ ട്രസ്റ്റിന്റെ പേരിലുള്ള ആ കൂപ്പൺ എടുത്താലേ സർട്ടിഫിക്കറ്റ് തരൂ. അതും എടുത്തു’–  ഒരു യുവാവ് പറഞ്ഞു.  ആർഡിഒ നടപടിയെടുക്കാൻ പോകുന്നു എന്ന ഭയപ്പെടുത്തി വില്ലേജ് അസിസ്റ്റന്റ് പണം വാങ്ങിയ സംഭവമാണ് ഹരിപ്പാട് മേഖലയിൽ നിന്നു വിളിച്ച യുവതി പങ്കുവച്ചത്. ഭർത്താവിന്റെ പേരിലുള്ള 19 സെന്റ് സ്ഥലത്തു മണ്ണടിച്ചപ്പോഴാണു നിലം നികത്തലിനെതിരെ ആർഡിഒ നടപടി ആരംഭിച്ചിട്ടുണ്ടെന്നും അതൊഴിവാക്കാൻ സഹായിക്കാമെന്നും പറഞ്ഞു വില്ലേജ് അസിസ്റ്റന്റ് ബന്ധപ്പെട്ടത്. 

  ആർഡിഒയ്ക്കുള്ള അപേക്ഷ വില്ലേജ് അസിസ്റ്റന്റ് തന്നെ എഴുത്തിത്തന്നു. 8000 രൂപയും വാങ്ങി. അപേക്ഷയുമായി ആർഡിഒ ഓഫിസിലെത്തിയപ്പോൾ അങ്ങനെയൊരു നടപടിയെക്കുറിച്ച് അവിടെ ആർക്കുമറിയില്ല. വില്ലേജ് അസിസ്റ്റന്റിനെ വീണ്ടും സമീപിച്ചെങ്കിലും പണം തിരിച്ചു തന്നില്ലെന്നും യുവതി പറഞ്ഞു. ജില്ലയിലെ പല വില്ലേജ് ഓഫിസുകളിലും ഭൂമി തരംമാറ്റത്തിന് പതിനായിരങ്ങൾ കൈക്കൂലി വാങ്ങുന്നുണ്ടെന്ന പരാതികളുമായും വിളികളെത്തി. ആർടിഒ ഓഫിസുകളിൽ ഏജന്റ് ഭരണമാണെന്ന് പലരും  ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com