ചെങ്ങന്നൂർ ∙ ഗവ.ഐടിഐ ജംക്‌ഷനു സമീപത്തെ ബവ്റിജസ് ഔട്‌ലെറ്റിൽ നിന്നു മദ്യക്കുപ്പികൾ കവർന്നു. ഇന്നലെ രാവിലെ ജീവനക്കാരെത്തിയപ്പോഴാണു മോഷണവിവരം അറിയുന്നത്. ഷട്ടറിൽ താഴിടാനുള്ള ഭാഗം അറുത്തു മാറ്റിയാണു മോഷ്ടാക്കൾ എംസി റോഡരികിലെ ഔട്‌ലെറ്റിനുള്ളിൽ കടന്നത്.ഓഡിറ്റ് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയിൽ ഒന്നാംനിലയിലെ പ്രീമിയം കൗണ്ടറിൽ നിന്ന് 11,890 രൂപ വില മതിക്കുന്ന 6 കുപ്പി വിദേശമദ്യം കവർന്നതായി കണ്ടെത്തി.
താഴത്തെ നിലയിലെ കൗണ്ടറിലെ കണക്കെടുപ്പ് കൂടി പൂർത്തിയായെങ്കിലേ കൃത്യമായ കണക്ക് ലഭ്യമാകൂ. കംപ്യൂട്ടർ സംവിധാനം കള്ളൻമാർ കേടു വരുത്തിയതും സ്റ്റോക്കെടുപ്പ് വൈകാൻ കാരണമായി.സിസിടിവിയുടെ ഒരു ഡിവിആർ കള്ളന്മാർ അപഹരിച്ചെങ്കിലും മറ്റൊരു ഡിവിആറിൽ നിന്നു ദൃശ്യങ്ങൾ കണ്ടെടുത്തു. ദൃശ്യങ്ങളിൽ നിന്നുള്ള സൂചന പ്രകാരം പൊലീസ് പരിശോധന നടത്തുന്നു. ആലപ്പുഴയിൽ നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.