വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് വഴി 44,001 രൂപ തട്ടി
Mail This Article
എടത്വ ∙ സാമൂഹിക മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് പണം തട്ടിയതായി പരാതി. തലവടി തണ്ണുവേലിൽ സാഗർ സ്റ്റുഡിയോ ഉടമ സുനിൽ സാഗറിന്റെ 44001 രൂപ നഷ്ടമായി. മൂന്നു ദിവസം മുൻപ് രാത്രി 11 ന് സുഹൃത്തിന്റെ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്നും സുനിൽ സാഗറിന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിലേക്ക് സൗഹൃദം ക്ഷണിച്ചുള്ള സന്ദേശം വന്നു. ക്ഷണം സ്വീകരിച്ചു. പിന്നീട് ഫെയ്സ്ബുക് മെസഞ്ചറിൽ സന്ദേശങ്ങൾ അയയ്ക്കുകയും സുഹൃത്തിന്റെ ഫോട്ടോയും കുടുംബ ഫോട്ടോയും ഷെയർ ചെയ്ത് വിശ്വാസ്യത നേടുകയും ചെയ്തു.
വെള്ളിയാഴ്ച രാത്രി 11 ന് അത്യാവശ്യമായി സൃഹൃത്തിന്റെ ഭാര്യയ്ക്ക് ഓപ്പറേഷന് 20000 രൂപ അയച്ചു കൊടുക്കാൻ പറഞ്ഞ് സുനിൽ സാഗറിന് ഗൂഗിൾ പേ നമ്പർ അയച്ചു. പണം പല പ്രാവശ്യം അയയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇക്കാര്യം സന്ദേശത്തിലൂടെ അറിയിച്ചപ്പോൾ മറ്റൊരു നമ്പർ നൽകി. അതിലേക്ക് ആദ്യം ഒരു രൂപയും പിന്നീട് 20000 രൂപയും അയച്ചു.
ഇതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് യഥാർഥത്തിലുള്ള സുഹൃത്തിന്റെ വാട്സാപ്പിലേക്ക് അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതേ തുടർന്ന് ആദ്യത്തെ മെസഞ്ചറിൽ തന്നെ പണം അയച്ച കാര്യം അറിയിക്കുകയും വാട്സാപ്പിൽ സ്ക്രീൻഷോട്ട് അയച്ച കാര്യം പറയുകയും ചെയ്തു. ഉടൻ തന്നെ സുഹൃത്തിന്റെ ചിത്രം വച്ച് പുതിയ വാട്സാപ് ക്രിയേറ്റ് ചെയ്ത് അയച്ചു കൊടുത്തു. അതിലേക്ക് പണം അയച്ച രസീത് അയച്ചു. കുറച്ചു കഴിഞ്ഞപ്പോൾ പ്രതീക്ഷിച്ച പണം ലഭിച്ചില്ലെന്നും 24000 രൂപ കൂടി അയയ്ക്കണം എന്നും ആവശ്യപ്പെട്ടു. അതും അയയ്ക്കുകയായിരുന്നു
രാവിലെ വീണ്ടും പണം ആവശ്യപ്പെട്ട് സന്ദേശം കണ്ടതോടെ സംശയം തോന്നിയെങ്കിലും കാര്യമാക്കിയില്ല. എന്നാൽ സുനിൽ സാഗറിനെ മറ്റു സുഹൃത്തുക്കൾ ഫോണിൽ വിളിച്ച് അത്യാവശ്യമായി പണം ആവശ്യപ്പെടുന്നത് എന്തിനാണെന്നു തിരക്കി. ഇതേക്കുറിച്ചു തിരക്കിയപ്പോഴാണ് തന്നെ പറ്റിക്കുക മാത്രമല്ല തന്റെ പേരിലും തട്ടിപ്പു നടക്കുന്നുണ്ടെന്നു മനസ്സിലായത്. ഉടൻ സുനിൽ സാഗർ യഥാർഥ സുഹൃത്തുമായി ബന്ധപ്പെടുകയും കാര്യങ്ങൾ പറയുകയും ചെയ്തു. എടത്വ പൊലീസിലും ആലപ്പുഴ സൈബർ സെല്ലിലും പരാതി നൽകി.