ADVERTISEMENT

ആലപ്പുഴ∙ പൊതുമേഖലാ സ്ഥാപനമായ കലവൂർ കെഎസ്ഡിപിയിൽ തുടങ്ങുന്ന ഓങ്കോളജി ഫാർമ പാർക്കിൽ ഉൽപാദിപ്പിക്കുന്ന, കാൻസറിനുള്ള മരുന്നുകൾക്ക് 50–60% വരെ വില  കുറയും.  കാൻസറിനെ പ്രതിരോധിക്കുന്നതിന് കുറഞ്ഞ നിരക്കിൽ മരുന്നു നിർമിക്കുക എന്ന ലക്ഷ്യത്തോടെ കിഫ്ബിയിൽ നിന്ന് 231 കോടി രൂപ ചെലവഴിച്ചാണ് കെഎസ്ഡിപി ഓങ്കോളജി ഫാർമ പാർക്ക് നിർമിക്കുന്നത്. 

  2026 മാർച്ചിനുള്ളിൽ  പ്രവർത്തനം തുടങ്ങും. പ്രതിവർഷം ആറു കോടി ഗുളികകൾ, 4.5 കോടി കാപ്സ്യൂളുകൾ, 37 ലക്ഷം കുത്തിവയ്പ് മരുന്നുകൾ എന്നിവയുടെ ഉൽപാദനമാണ്​ ലക്ഷ്യമിടുന്നത്​. ഇതിലൂടെ പ്രതിവർഷം 350 കോടിയുടെ വിറ്റുവരവാണ്​ പ്രതീക്ഷിക്കുന്നത്​. 50-60 കോടി രൂപ പ്രവർത്തന ലാഭവും കണക്കാക്കുന്നു.

അതീവ വീര്യമുള്ള മരുന്നുകൾ നിർമിക്കുന്നതിനു പൂർണമായ ഓട്ടമാറ്റിക് സംവിധാനങ്ങളും ഉണ്ടാകും. ഉൽപാദന രംഗത്ത് പ്രവർത്തിക്കുന്നവരെ ബാധിക്കാതിരിക്കാൻ റെസ്ട്രിക്ടഡ്​ ആക്സസ്​ ബാരിയർ സിസ്റ്റം (ആർഎബിഎസ്​) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. വായു, വെള്ളം ഉൾപ്പെടെയുള്ള പരിസ്ഥിതി മലിനീകരണം പൂർണമായും തടയുന്ന മാലിന്യ സംസ്കരണ യൂണിറ്റും പാർക്കിനൊപ്പം പ്രവർത്തിക്കും.

 കെഎസ്ഡിപിയോടൊപ്പം സമാനമായ മറ്റു കമ്പനികൾക്കും മരുന്ന് നിർമാണത്തിന് ഇവിടെ അവസരമുണ്ട്. ദേശീയപാതയിൽ കെഎസ്ഡിപിയുടെ ഫാക്ടറിക്ക് തെക്ക് ജില്ലാ സഹകരണ ബാങ്ക് ജപ്തി ചെയ്തിരുന്ന സഹകരണ ആശുപത്രിയുടെ 6.5 ഏക്കർ സ്ഥലത്താണ് ഓങ്കോളജി പാർക്ക് നിർമിക്കുന്നതെന്ന് കെഎസ്ഡിപി ചെയർമാൻ   സി.ബി.ചന്ദ്രബാബു, എംഡി: ഇ.എ.സുബ്രഹ്മണ്യൻ, പ്രൊഡക്‌ഷൻ മാനേജർ ടി.ആർ. സന്തോഷ്​, ഡപ്യൂട്ടി മാനേജർ ടി.നവീൻ കുമാർ, കമ്പനി സെക്രട്ടറി പി.എച്ച്​.അഫ്സൽ, പ്രോജക്ട് മാനേജർ ലിജേഷ് ജോയി, പി ആൻഡ‍് എ മാനേജർ വിനോദ്​കുമാർ, അസിസ്റ്റന്റ് മാനേജർ അജു മോഹൻ എന്നിവർ അറിയിച്ചു. പാർക്കിന്റെ നിർമാണോദ്ഘാടനം നാളെ ​ 12ന്​ മന്ത്രി പി.രാജീവ്​ നിർവഹിക്കും.​ പി.പി.ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com