ADVERTISEMENT

എടത്വ ∙ ആലപ്പുഴ– ചങ്ങനാശേരി റോഡിന്റെ നിർമാണവും അമ്പലപ്പുഴ– തിരുവല്ല റോഡിൽ അടിക്കടി തകഴി ലവൽ ക്രോസിലെ അപകടങ്ങൾ ഉണ്ടാകുന്നതും കാരണം ദേശീയപാതയിൽ നിന്ന് എംസി റോഡിലേക്കുള്ള യാത്ര ബുദ്ധിമുട്ടിലാകുന്നു. ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ നിന്നു കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്ക് എത്തേണ്ട എളുപ്പമാർഗമാണിത്. കുട്ടനാട്ടിലെ ജനങ്ങൾക്കു ജില്ലാ കേന്ദ്രവുമായി ബന്ധപ്പെടാനുള്ള പ്രധാന റോഡുകളുമാണിത്. ഇരു റോഡുകളിലും കൂടി ആയിരക്കണക്കിനു വാഹനങ്ങളാണു ദിവസവും കടന്നു പോകുന്നത്. സ്കൂൾ തുറക്കുന്നതോടെ ഗതാഗത പ്രശ്നം ഇരട്ടിക്കും. അമ്പലപ്പുഴ– തിരുവല്ല റോഡിൽ ഈ വർഷം എട്ടാമത്തെ തവണയാണ് അപകടത്തെ തുടർന്ന് അറ്റകുറ്റപ്പണിക്കായി തകഴി ലവൽക്രോസ് അടച്ചിടുന്നത്.

ആംബുലൻസടക്കം വാഹനങ്ങൾ മണിക്കൂറുകളോളം ലവൽക്രോസിൽ കുടുങ്ങിക്കിടക്കുന്നതു പതിവാണ്.രണ്ടു ദിവസം മുൻപു ടോറസ് വാഹനം ഇടിച്ചു ക്രോസ് ബാർ തകർന്നതിനെ തുടർന്ന‌ു രണ്ടു ദിവസമാണ് അടച്ചിട്ടത്. ഇന്നലെ ഉച്ചയോടെയാണ് തുറന്നു നൽകി. തകഴിയിൽ റെയിൽവേ മേൽപാലം വേണം എന്നാവശ്യപ്പെടാൻ തുടങ്ങിയിട്ടു വർഷങ്ങളായി. ഒട്ടേറെ പരാതികൾ ഇതുസംബന്ധിച്ചു കേന്ദ്ര റെയിൽവേ വകുപ്പിനും മന്ത്രിക്കും അയച്ചു നടപടി ഇല്ല എന്നു മാത്രം. എസി റോഡിൽ നിർമാണ പ്രവർത്തനം നടക്കുന്നതിനാൽ വലിയ വാഹനങ്ങൾ അമ്പലപ്പുഴ– തിരുവല്ല പാതയിലൂടെയാണു തിരിച്ചു വിടുന്നത്. ആലപ്പുഴ– ചങ്ങനാശേരി റോഡിൽ നിർമാണ പ്രവർത്തനത്തെ തുടർന്ന് 9 സ്ഥലങ്ങളിലാണു പ്രധാനമായും ഗതാഗത തടസ്സം ഉണ്ടാകുന്നത്.

പാറയ്ക്കൽ കലുങ്ക്, കിടങ്ങറ ഒന്നാം പാലം, കിടങ്ങറ ബസാർ, മാമ്പുഴക്കരി പാലം, ഒന്നാംകര, മങ്കൊമ്പ്, നെടുമുടി പൂപ്പള്ളി, പാറശേരി, പണ്ടാരക്കളം പൊങ്ങ എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. തകഴി ലവൽക്രോസ് അടച്ചതോടെ കഴിഞ്ഞ മൂന്നു ദിവസമായി ഗതാഗതം തന്നെ നിലച്ച സ്ഥിതിയിലായിരുന്നു. പണ്ടാരക്കളം ഫ്ലൈഓവറിന്റെ സമീപന പാതയിൽ ടാറിങ് നടക്കുന്നതിനാൽ രാത്രി കാലത്തു പൂർണമായും ഗതാഗതം മുടങ്ങുകയാണ്. എസി റോഡ് നിർമാണം, തകഴി മേൽപാലം നിർമാണങ്ങൾ പൂർത്തിയാകുന്നതു വരെ അത്യാവശ്യഘട്ടത്തിൽ സമാന്തരമായി ഗതാഗതം നടത്താനുള്ള സാഹചര്യം ഉണ്ടാക്കണം എന്നാണു ജനങ്ങളുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com