ADVERTISEMENT

മാവേലിക്കര ∙ പ്രഖ്യാപനം യാഥാർഥ്യമാകുന്നു, സീതാമൗണ്ട് ബസ് സർവീസ് ഇന്നു പുനരാരംഭിക്കും. ദിവസവും രാവിലെ 7.10നു മാവേലിക്കര കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു വയനാട്ടിലെ സീതാമൗണ്ടിനു സർവീസ് നടത്തിയിരുന്ന ബസ് ഡിപ്പോയുടെ അഭിമാനമായിരുന്നു. ഏറെ വരുമാനം ലഭിച്ചിരുന്ന സർവീസിനു ആനവണ്ടി പ്രേമികളുടെ ഇടയിൽ ഏറെ ആരാധകരും ഉണ്ടായിരുന്നു.

ആദ്യം സുൽത്താൻ ബത്തേരി വരെ സർവീസ് നടത്തിയിരുന്ന സൂപ്പർഫാസ്റ്റ് ബസ് സർവീസ് പിന്നീട് കർണാടകയുമായി അതിർത്തി പങ്കിടുന്ന സീതാമൗണ്ട് വരെ ദീർഘിപ്പിച്ചു. സ്ഥിരമായി ഏറെ യാത്രക്കാർ ഉണ്ടായിരുന്ന സർവീസിനു വേണ്ടി ഉപയോഗിച്ചിരുന്ന 2 സൂപ്പർ ഫാസ്റ്റ് ബസുകളുടെ കാര്യക്ഷമത കാലാവധി അവസാനിച്ചതോടെയാണു സർവീസ് നിലച്ചത്. പകരം ബസ് നൽകുമെന്നു പലതവണ പ്രഖ്യാപനം ഉണ്ടായെങ്കിലും നടപടി മാത്രം ഉണ്ടായില്ല. ഇതു സംബന്ധിച്ചു മലയാള മനോരമ കഴിഞ്ഞ 11നു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

യാത്രക്കാരുടെ ആവശ്യം മനസ്സിലാക്കി എം.എസ്.അരുൺകുമാർ എംഎൽഎ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഡിപ്പോയിലേക്ക് ഒരു പുതിയ സ്വിഫ്റ്റ് ബസ് അനുവദിച്ചു. ഈ സാഹചര്യത്തിലാണു സീതാമൗണ്ട് സർവീസ് പുനരാരംഭിക്കാൻ തീരുമാനമായത്. സ്വിഫ്റ്റ് പാലക്കാട് സർവീസായി ഉപയോഗിച്ചതോടെ പാലക്കാട് സർവീസിന് ഉപയോഗിച്ചിരുന്ന സൂപ്പർഫാസ്റ്റ് ബസ് സീതാമൗണ്ട് സർവീസിനായി പുനഃക്രമീകരിച്ചു. ദിവസവും രാവിലെ 7.10നു മാവേലിക്കര നിന്നു പുറപ്പെടുന്ന ബസ് വൈകിട്ട് 7.20നു സീതൗമൗണ്ടിൽ എത്തിച്ചേരും. സീതാമൗണ്ടിൽ നിന്നു രാവിലെ 6.50നു പുറപ്പെടുന്ന ബസ് വൈകിട്ട് 7.20നു മാവേലിക്കരയിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com