ADVERTISEMENT

ആലപ്പുഴ∙ താൽക്കാലികമായി പ്രവർത്തനം നിർത്തിയ ഓട്ടോകാസ്റ്റ് ഇന്നു മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കും. ഇന്നു വൈദ്യുതബന്ധം പുനഃസ്ഥാപിക്കുമെന്നു ഓട്ടോകാസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. റെയിൽവേയുടെ ഉൾപ്പെടെ ഓർഡറുകൾ പൂർത്തിയാക്കാനുള്ളതിനാലും പൊതുമേഖലാ സ്ഥാപനമായതിനാലും ഇളവു നൽകണമെന്ന ആവശ്യം വൈദ്യുത വകുപ്പ് അംഗീകരിച്ചെന്നാണു സൂചന. കെഎസ്ഇബിക്കു നൽകാനുള്ള തുക തവണ വ്യവസ്ഥയിൽ അടച്ചു തീർക്കുമെന്ന് ഉറപ്പുനൽകി. ഇതുപ്രകാരം ജൂൺ പകുതിക്കുള്ളിൽ 10 ലക്ഷം രൂപ കെഎസ്ഇബിക്ക് അടയ്ക്കണം. ബാക്കി തുക തവണ വ്യവസ്ഥയിൽ അടച്ചു തീർക്കണം. 2022 സെപ്റ്റംബർ മുതൽ 2023 മേയ് വരെയുള്ള കാലയളവിൽ മാത്രം 1.28 കോടി രൂപയാണ് ഓട്ടോകാസ്റ്റ്, കെഎസ്ഇബിക്കു നൽകാനുള്ളത്.

ഓട്ടോകാസ്റ്റിൽ രണ്ടു ഷിഫ്റ്റിൽ ജോലിക്കെത്താൻ ജീവനക്കാർക്കു നിർദേശം നൽകിയിട്ടുണ്ട്. മുൻപു നാലു ഷിഫ്റ്റുകളിലായാണു ജീവനക്കാർ ജോലി ചെയ്തിരുന്നത്. വൈദ്യുതി ബിൽ കുടിശിക കൂടിയതിനെത്തുടർന്നു 23ന് ആണു കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുത ബന്ധം വിഛേദിച്ചത്. ചർച്ചകളിലും തീരുമാനമാകാത്തതിനെത്തുടർന്നു 26 മുതൽ ഇന്നലെ വരെ സ്ഥാപനം അടച്ചിടുകയായിരുന്നു. ഓട്ടോകാസ്റ്റിന്റെ സ്തംഭനാവസ്ഥ പരിഹരിക്കുന്നതിനായി ഓട്ടോകാസ്റ്റ് ഐഎൻടിയുസി യൂണിയനും പ്രദേശത്തെ മറ്റ് സംഘടനകളും ചേർന്ന് ഓട്ടോകാസ്റ്റ് സംരക്ഷണ സമിതി രൂപീകരിച്ചു.

ജനങ്ങളെ സംഘടിപ്പിച്ചു സമര പരിപാടികൾ ആരംഭിക്കാൻ തീരുമാനിച്ചു.വിഛേദിച്ച വൈദ്യുതിബന്ധം ഉടൻ പുനഃസ്ഥാപിക്കുക, മൂന്നു മാസമായി മുടങ്ങിയ ശമ്പളം എത്രയും വേഗം നൽകുക, തൊഴിൽ നഷ്ടപ്പെട്ട ദിവസവേതനത്തൊഴിലാളികളെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ സമിതി ഉന്നയിച്ചു. സി.കെ.ഷാജിമോഹനാണ് ഓട്ടോകാസ്റ്റ് സംരക്ഷണ സമിതി ചെയർമാൻ. എൻ.ചിദംബരൻ (വർക്കിങ് ചെയർമാൻ), പി.ഉണ്ണിക്കൃഷ്ണൻ, ജി.സുരേഷ്ബാബു, സോമകുമാർ (വൈസ് ചെയർമാൻമാർ), പി.തമ്പി (ജനറൽ കൺവീനർ), എസ്.ശ്യാംജിത്ത് (കൺവീനർ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com