ADVERTISEMENT

മാരാരിക്കുളം ∙ സഹോദരന്മാർ ഉൾപ്പെട്ട അന്തർ ജില്ലാ ബൈക്ക് മോഷണസംഘത്തെ പൊലീസ് പിടികൂടി. തിരുവനന്തപുരം കുട്ടിച്ചൽ പഞ്ചായത്ത് കോട്ടൂർ ചവടമൂട് സൗദ് മൻസിൽ സൗദ് (24), സഹോദരൻ സബിത്ത് (19), തിരുവനന്തപുരം കരമന കാലടി കോടൽ വീട്ടിൽ കാർത്തിക്ക് (18) എന്നിവരെയാണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മോഷ്ടിച്ചതെല്ലാം ‘ബുള്ളറ്റ്’ ബൈക്കുകളാണ്. ഇതുവരെ 8 ബുള്ളറ്റുകൾ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. മാരാരിക്കുളം റെയിൽവേ സ്റ്റേഷനു സമീപം പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോഷ്ടിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് പ്രതികൾ കുടുങ്ങിയത്.

മാരാരിക്കുളം കളിത്തട്ടിന് സമീപം വാടക വീട്ടിൽ താമസിച്ച് തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിന്നുമാണ് വാഹനങ്ങൾ മോഷ്ടിച്ചത്. യഥാർഥ ഉടമസ്ഥരുടെ ഫോൺ നമ്പർ പരിവാഹൻ ഓൺലൈൻ സൈറ്റിലുടെ മാറ്റിയും, എൻജിൻ നമ്പറിലും, ഷാസി നമ്പറിലും മാറ്റം വരുത്തി ആർസി ബുക്ക് വ്യാജമായി പ്രിന്റ് ചെയ്ത് സമൂഹമാധ്യമത്തിലൂടെ വിൽപന നടത്തുന്നതാണ് പ്രതികളുടെ രീതി. പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്ന കളിത്തട്ട് ഭാഗത്തുള്ള വീട്ടിൽ നിന്നും വ്യാജമായി ആർസി ബുക്ക് പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച ലാപ് ടോപ്പ്, പ്രിന്റർ മറ്റ് അനുബന്ധ ഉപകരണങ്ങളും ഡ്യൂപ്ലിക്കറ്റ് താക്കോലുകളും കണ്ടെടുത്തു.

ഇവർ എറണാകുളം മരട്, എറണാകുളം സെൻട്രൽ, തിരുവനന്തപുരം പേട്ട, പൂജപ്പുര എന്നീ പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്തിരുന്ന ബുള്ളറ്റ് മോഷണ കേസുകളിലെ പ്രതികളാണെന്ന് തെളിഞ്ഞിട്ടുണ്ട്. മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഒന്നാം പ്രതി സൗദ് നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കള്ള നോട്ട് കേസിലെയും പ്രതിയാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. മാരാരിക്കുളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.വി. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com