ADVERTISEMENT

ആലപ്പുഴ∙ വണ്ടാനത്തെ സർക്കാർ മരുന്നുസംഭരണശാല സുരക്ഷിതമെന്നു അഗ്നിരക്ഷാസേന വിധിയെഴുതിയതു തീപിടിത്തമുണ്ടായ ബ്ലീച്ചിങ് പൗഡർ ഗോഡൗണിന്റെ സുരക്ഷ പരിശോധിക്കാതെ. തീപിടിത്തമുണ്ടാകുന്നതിന്റെ രണ്ടു ദിവസം മുൻപു നടത്തിയ പരിശോധനയിൽ മരുന്നു സൂക്ഷിക്കുന്ന പ്രധാന കെട്ടിടത്തിന്റെ സുരക്ഷ മാത്രമാണു വിലയിരുത്തിയത്. തിരുവനന്തപുരം, കൊല്ലം  ജില്ലകളിലെ സർക്കാർ മരുന്നുസംഭരണശാലകളിലെ തീപിടിത്തം  ഉണ്ടായതിനു പിന്നാലെയാണു സംസ്ഥാനത്തെ എല്ലാ മരുന്നുസംഭരണ കേന്ദ്രങ്ങളിലും 24ന് അഗ്നിരക്ഷാസേന പരിശോധന നടത്തിയത്. എന്നാൽ തിരുവനന്തപുരത്തെയും കൊല്ലത്തെയും തീപിടിത്തത്തിനു കാരണം ബ്ലീച്ചിങ് പൗഡറാണെന്നു സംശയമുയർന്നിട്ടും വണ്ടാനത്തു ബ്ലീച്ചിങ് പൗഡർ സൂക്ഷിക്കുന്ന ഗോഡൗണിന്റെ സുരക്ഷാപരിശോധന നടത്തിയില്ല.

alappuzha-truck
ആലപ്പുഴ മെഡിക്കൽ സർവീസ് കോർപറേഷൻ വെയർഹൗസിൽ തീ പടർന്നപ്പോൾ സമീപത്തെ മരുന്നുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലെ എസി തകർന്നിരുന്നു. തണുപ്പ് ആവശ്യമുള്ള ഇൻസുലിനും മറ്റും മരുന്നുകൾ സൂക്ഷിച്ചിരിക്കുന്ന റഫ്രിജറേറ്റർ ട്രക്കാണ് ചിത്രത്തിൽ. ചിത്രം : മനോരമ.

പ്രധാന കെട്ടിടത്തിനു സമീപത്താണു ബ്ലീച്ചിങ് പൗഡർ സൂക്ഷിക്കുന്ന രണ്ടു മുറിക്കെട്ടിടം. പ്രധാന കെട്ടിടത്തിൽ മാത്രം പരിശോധന നടത്തിയ അഗ്നിരക്ഷാസേന ഇവിടെ സുരക്ഷാ സംവിധാനങ്ങളുണ്ടെന്നു റിപ്പോർട്ട് നൽകി. എന്നാൽ ബ്ലീച്ചിങ് പൗഡർ സൂക്ഷിക്കുന്ന ഗോഡൗണിലെ സുരക്ഷാപ്രശ്നങ്ങൾ അഗ്നിരക്ഷാസേനയുടെ ശ്രദ്ധയിൽ പെട്ടതു കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായതിനു ശേഷം മാത്രം. 1000 ചതുരശ്ര മീറ്ററിനു മുകളിലുള്ള കെട്ടിടങ്ങൾക്കു മാത്രമാണ് ഫയർ ലൈസൻസ് ആവശ്യമുള്ളുവെന്നും അതു കൊണ്ടാണ് ചെറിയ കെട്ടിടത്തിൽ പരിശോധിക്കാത്തത് എന്നുമാണ് അഗ്നിരക്ഷാസേനയുടെ വിശദീകരണം.

ഫയർ ലൈസൻസ് ആവശ്യമില്ലെങ്കിലും 300 ചതുരശ്ര മീറ്ററിനു മുകളിലുള്ള കെട്ടിടങ്ങളിൽ അഗ്നിരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നു നിർദേശമുണ്ട്. എന്നാൽ തീപിടിത്തമുണ്ടായ രണ്ടു മുറികെട്ടിടം ഈ പരിധിയിലും വരില്ലെന്നാണു വിശദീകരണം. എന്നാൽ സംസ്ഥാനത്ത് രണ്ടിടത്തു തീപിടിത്തമുണ്ടായതിന്റെ കാരണം ബ്ലീച്ചിങ് പൗഡറാണെന്നു സംശയമുയർന്ന സാഹചര്യത്തിൽ ബ്ലീച്ചിങ് പൗഡർ സൂക്ഷിക്കുന്ന കെട്ടിടം സുരക്ഷിതമാണോ എന്നു പരിശോധിക്കേണ്ടിയിരുന്നുവെന്നു ചില അഗ്നിരക്ഷാസേനാംങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നു.

29300 കിലോഗ്രാം ബ്ലീച്ചിങ് പൗഡർ മാറ്റി

അമ്പലപ്പുഴ∙ കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ വണ്ടാനത്തെ മരുന്നു സംഭരണശാലയിൽ തീപിടിത്തമുണ്ടായ മുറിയുടെ സമീപത്തെ മുറിയിൽ സൂക്ഷിച്ചിരുന്ന 29300 കിലോഗ്രാം ബ്ലീച്ചിങ് പൗഡർ താൽക്കാലികമായി ഗോഡൗൺ വളപ്പിലേക്കു മാറ്റി.ശനിയാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ഒരു മുറി പൂർണമായും കത്തിനശിച്ചിരുന്നു.ഇവിടെ സൂക്ഷിച്ചിരുന്ന 30,700 കിലോഗ്രാം ബ്ലീച്ച് പൗഡറും നശിച്ചു. ഇന്നലെ രാവിലെയാണു കത്തിയ മുറിയോടു ചേർന്ന മുറിയിൽ സൂക്ഷിച്ചിരുന്ന ബ്ലീച്ചിങ് പൗഡർ വളപ്പിലേക്കു മാറ്റിയത്. ബ്ലീച്ചിങ് പൗഡർ തിരിച്ചെടുക്കണമെന്നു വിതരണക്കമ്പനിയോടു കെഎംഎസ്‌സിഎൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വിതരണക്കമ്പനി ഇതു തിരിച്ചെടുക്കുന്നതു വരെ കൊച്ചിയിൽ കെഎംഎസ്‌സിഎല്ലിന്റെ വെയർഹൗസിൽ സൂക്ഷിക്കാനാണു തീരുമാനം. തീപിടിച്ചതിന്റെ സമീപത്തെ മുറിയിലും ആവശ്യത്തിനു വായുസഞ്ചാരമില്ലെന്നും ബ്ലീച്ചിങ് പൗഡർ സൂക്ഷിക്കുന്നതു സുരക്ഷിതമല്ലെന്നും അഗ്നിരക്ഷാസേന നിർദേശിച്ചിരുന്നു. സംഭരണശാലയിൽ മരുന്നുകൾക്കൊപ്പം സൂക്ഷിച്ചിരുന്ന സ്പിരിറ്റും അഗ്നിരക്ഷാസേനയുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.

ഇന്നലെയുണ്ടായ തീപിടിത്തത്തിൽ പ്രധാന ഗോഡൗണിലെ 8 എസി ഒൗട്ട്ഡോർ യൂണിറ്റുകളും നശിച്ചിരുന്നു. ഇതോടെ ശീതീകരണ സംവിധാനത്തിൽ സൂക്ഷിക്കേണ്ട മരുന്നുകളുടെ സംഭരണം പ്രതിസന്ധിയിലായി. ഇന്നലെ ശീതീകരണ സംവിധാനമുള്ള മൊബൈൽ യൂണിറ്റ് എത്തിച്ചു മരുന്നുകൾ ഇതിലേക്കു മാറ്റിയാണ് പ്രശ്നം താൽക്കാലികമായി പരിഹരിച്ചത്.

സർക്കാർ ആശുപത്രികളിൽ ബ്ലീച്ചിങ് പൗഡർ പേടി!

ആലപ്പുഴ∙ മരുന്നു സംഭരണശാലകളിലെ തീപിടിത്തത്തിനു കാരണം ബ്ലീച്ചിങ് പൗഡറാണെന്നു സംശമുയർന്നതോടെ സർക്കാർ ആശുപത്രികളിൽ സുരക്ഷാഭീതി. ജില്ലയിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രി വരെയുള്ള വിവിധ സ്ഥാപനങ്ങളിലായി 20,000 കിലോഗ്രാമോളം ബ്ലീച്ചിങ് പൗഡർ ഉണ്ടെന്നാണ് കണക്ക്. ഇതിൽ ഭൂരിപക്ഷവും കഴിഞ്ഞ ജൂലൈയ്ക്കു ശേഷം കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ അനധികൃതമായി വാങ്ങിയ സ്റ്റോക്കിൽ പെട്ടവയാണ്. വണ്ടാനത്തെ കെഎംഎസ്‌സിഎൽ ഗോഡൗണിൽ തീപിടിത്തമുണ്ടായതോടെ ഇവ തിരിച്ചെടുക്കണമെന്നു ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു തുടങ്ങി.

വണ്ടാനത്തെ ഗോഡൗണിൽ മരുന്നുകളും ബ്ലീച്ചിങ് പൗഡറും വ്യത്യസ്ത കെട്ടിടങ്ങളിൽ സൂക്ഷിച്ചിരുന്നതിനാലാണ് വലിയ നാശനഷ്ടം ഒഴിവായത്. എന്നാൽ, പിഎച്ച്സികൾ മുതലുള്ള ആശുപത്രികളിൽ ഇതല്ല സ്ഥിതി. സംഭരണ സൗകര്യമില്ലാത്ത ആശുപത്രികളിൽ ബ്ലീച്ചിങ് പൗഡറുകൾ സുരക്ഷിതമായല്ല സൂക്ഷിച്ചിരിക്കുന്നത്. തീപിടിത്തത്തിനു കാരണം ബ്ലീച്ചിങ് പൗഡറാണെന്നു കെഎംഎസ്‌സിഎൽ തന്നെ വ്യക്തമാക്കിയിട്ടും ഇത് ആശുപത്രികളിൽ നിന്നു നീക്കം ചെയ്യാത്തതിൽ ജീവനക്കാർക്കിടയിലും അമർഷമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com