ADVERTISEMENT

ആലപ്പുഴ∙ 10 വർഷം മുൻപ് കാലാവധി കഴിഞ്ഞ ഹൗസ്ബോട്ട് വേമ്പനാട്ട് കായലിൽ സഞ്ചാരികളുമായി സവാരി നടത്തുന്നതിനിടെ മുങ്ങി. തമിഴ്നാട് സ്വദേശികളായ   മൂന്നുപേരെയും  2 ബോട്ട് ജീവനക്കാരെയും സമീപത്തുണ്ടായിരുന്ന സ്പീഡ് ബോട്ട് പാഞ്ഞെത്തി രക്ഷിച്ചതിനാൽ വൻദുരന്തം ഒഴിവായി. താനൂർ ബോട്ട് അപകടത്തെതുടർന്ന് തുറമുഖ വകുപ്പും പൊലീസും കർശന പരിശോധന തുടരുമ്പോഴാണു റജിസ്ട്രേഷൻ ഇല്ലാത്ത ബോട്ട് ഇന്നലെ വരെ സർവീസ് നടത്തിയത് എന്നതു ഞെട്ടിക്കുന്ന വിവരമായി. മണൽതിട്ടയിൽ തട്ടി ബോട്ടിന്റെ അടിപ്പലകയിളകി അതിലൂടെ വെള്ളം കയറിയെന്നാണു പ്രാഥമിക നിഗമനം. 

ഇന്നലെ രാവിലെ പള്ളാത്തുരുത്തി കന്നിട്ട ജെട്ടിയിൽ നിന്നു പുറപ്പെട്ട ഈസ്റ്റേൺ സെഫി എന്ന ബോട്ടാണ് ഉച്ചയ്ക്ക് 2.30ന് പുളിങ്കുന്നിൽ വേമ്പനാട് കായലിന്റെ ഭാഗമായ ചിത്തിരക്കായലിൽ മുങ്ങിയത്. പുളിങ്കുന്ന് പൊലീസ് കേസ് എടുത്തിട്ടില്ല. യാത്രക്കാർക്കു പരാതിയില്ലെന്നാണു വിശദീകരണം. റജിസ്ട്രേഷൻ ഇല്ലാത്ത ബോട്ടാണെന്നു പോർട്ട് അധികൃതർക്കു കത്തു നൽകുമെന്നും മറുപടി കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. 

ബോട്ടിന്റെ കാലപ്പഴക്കം അപകടകാരണമായതായി കരുതുന്നു. 3 വർഷം മുൻപ് ഇൻഷുറൻസ് കാലാവധി കഴിഞ്ഞിരുന്നു.തമിഴ്നാട് ശ്രീരംഗം മലയപ്പാറ നഗർ സ്വദേശികളായ മുത്തുക്കൃഷ്ണൻ (52), ഭാര്യ ദീപിക (48), മകൾ ശാന്തി എന്നിവരാണു ബോട്ടിലുണ്ടായിരുന്നത്. വെള്ളം കയറിയെങ്കിലും സാവധാനമാണു ബോട്ട് മുങ്ങിയത്. കായലിൽ സർവീസ് നടത്തിയിരുന്ന സ്പീഡ് ബോട്ട് ഉടൻ ഇവിടെയെത്തി യാത്രക്കാരെയും ജീവനക്കാരെയും രക്ഷിച്ച് സമീപത്തുള്ള മറ്റൊരു ഹൗസ് ബോട്ടിൽ കരയിലെത്തിച്ചു.

നിയമത്തെ വെല്ലുവിളിച്ച് സവാരി

ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡ് സ്വദേശി എം.എസ്.അഫ്സലിന്റെ  പേരിലാണ് 2012 ൽ ബോട്ട് റജിസ്റ്റർ ചെയ്തത്. പൂന്തോപ്പ് സ്വദേശി ചാണ്ടി ഫിലിപ്പ് ബോട്ട് വാങ്ങിയെങ്കിലും രേഖകളിൽ ഉടമസ്ഥാവകാശം മാറ്റിയിട്ടില്ല. പള്ളാത്തുരുത്തിയിൽ റിലാക്സ് ഇൻ കേരള എന്ന ബോട്ട് സർവീസ് സ്ഥാപനം നടത്തുന്ന അനസാണ് ഈ ബോട്ട് ദീർഘകാല വാടകയ്ക്കെടുത്ത് ഇപ്പോൾ സർവീസ് നടത്തുന്നത്.

5 വർഷമാണു ബോട്ടിന്റെ റജിസ്ട്രേഷൻ കാലാവധി. ഓരോ വർഷവും സർവേ നടത്തി ഇതു പുതുക്കണം. 2012 ൽ റജിസ്റ്റർ ചെയ്ത ‘ഈസ്റ്റേൺ സെഫി’ അടുത്ത വർഷം സർവേ നടത്താത്തതിനാൽ റജിസ്ട്രേഷൻ റദ്ദായി. 2018 ൽ സർവേ നടത്തിയെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ റജിസ്ട്രേഷൻ കിട്ടിയില്ല. 2020 ൽ ഇൻഷുറൻസ് കാലാവധിയും അവസാനിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com