ADVERTISEMENT

ചേർത്തല∙ കണ്ണീരിന്റെ വിലയുള്ള കൈക്കൂലി വാങ്ങുന്ന സർക്കാർ ജീവനക്കാർ ഗതി പിടിക്കില്ലെന്നും പുഴുത്തുനാറി അവസാനം ആരും തിരിഞ്ഞു നോക്കാനില്ലാതെ അവരുടെ തലമുറയും കണ്ണീരു കുടിക്കേണ്ടി വരുമെന്നും മന്ത്രി സജി ചെറിയാൻ. ചേർത്തലയിൽ താലൂക്ക്തല പരാതിപരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 

‘‘ജീവിക്കാനുള്ള ന്യായമായ ശമ്പളം സർക്കാർ നൽകുമ്പോഴും ആർത്തി പൂണ്ടു ചിലർ നക്കാപ്പിച്ച കൈക്കൂലി വാങ്ങുന്നു. ആ കാശ് ഗുണം ചെയ്യില്ല, അനുഭവിക്കാനുമാവില്ല. അവരുടെ തലമുറ തന്നെ നശിച്ചുപോകും. കണ്ണീരിന്റെ വിലയുള്ള പണമായതിനാൽ മക്കൾ അനുഭവിക്കേണ്ടി വരും. ഇതു കേട്ട് കൈക്കൂലിക്കാശ് തിരിച്ചു കൊടുക്കാൻ പോകേണ്ടതില്ല. പാപത്തിനു പരിഹാരമായി കൂടുതൽ ജോലി ചെയ്ത് മറ്റുള്ളവരെ സഹായിച്ചാൽ മതി’’– മന്ത്രി പറഞ്ഞു. 

‘‘ഈയിടെ ഒരാൾ കൈക്കൂലിപ്പണം ശേഖരിച്ചു വച്ച് വിളക്കു കത്തിച്ചു പൂജിക്കുന്നു. ഒരു ചായ പോലും കുടിക്കാതെ വീണ്ടും കൈക്കൂലി വാങ്ങി ഇതിനു മുകളിൽ കുന്നുകൂട്ടുകയാണ്.’’ ചട്ടങ്ങളും നിയമങ്ങളുമെല്ലാം ഉണ്ടെങ്കിലും അതു ജനങ്ങൾക്ക് എങ്ങനെ പ്രായോഗികമായി ഉപയോഗപ്പെടുത്താമെന്ന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അദാലത്തിൽ ഉടൻ പരിഹരിക്കാനാകാത്ത അപേക്ഷകളിൽ സമയബന്ധിതമായി തീരുമാനമെടുക്കുമെന്നും ഇതിനായി കലക്ടറേറ്റിൽ പ്രത്യേക സംവിധാനം ഒരുക്കുമെന്നും അധ്യക്ഷനായ മന്ത്രി പി. പ്രസാദ് പറഞ്ഞു. എ.എം.ആരിഫ് എം.പി ,എംഎൽഎമാരായ ദലീമ ജോജോ, പി.പി.ചിത്തരഞ്ജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, കലക്ടർ ഹരിത വി.കുമാർ, തഹസിൽദാർ മനോജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com