ആലപ്പുഴ∙ വേമ്പനാട്ട് കായലിൽ 300 ടൺ ലഭ്യതയുണ്ടായിരുന്ന ആറ്റുകൊഞ്ചിന്റെയളവ് 100 ടണ്ണായി കുറഞ്ഞെന്നു വേമ്പനാട് ഫിഷ് ഹണ്ട് സർവേയിൽ കണ്ടെത്തി. തണ്ണീർമുക്കം ബണ്ട് കടന്ന് ഓരുവെള്ളം എത്താത്തതിനാൽ ആറ്റുകൊഞ്ച് മുട്ടവിരിയൽ പ്രക്രിയ നടക്കാത്തതു ലഭ്യത കുറയാൻ കാരണമായി.
ബണ്ടിന്റെ വരവോടെ കായലിലെ മത്സ്യ വൈവിധ്യവും ഇല്ലാതായി. കായലിലെ തെക്കൻ പ്രദേശങ്ങളിൽ 41 ഇനം ചിറകു മത്സ്യങ്ങളും 9 ഇനം തോടു മത്സ്യങ്ങളുമാണു കണ്ടെത്തിയത്. കഴിഞ്ഞ വർഷം 48 ഇനം ചിറക് മത്സ്യങ്ങളായിരുന്നു ലഭിച്ചത്. വൊളന്റിയർമാരും ഗവേഷകരുമുൾപ്പെടെ 120ൽ അധികം അംഗങ്ങളുടെ സംഘം മൂന്നു ബോട്ടുകളിലായി കായലിന്റെ കിഴക്ക്, പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിൽ തിരഞ്ഞെടുത്ത 5 സ്ഥലങ്ങളിലാണു കണക്കെടുപ്പ് നടത്തിയത്.
അശോക ട്രസ്റ്റ് ഫോർ റിസർച് ഇൻ ഇക്കോളജി ആൻഡ് ദി എൻവയൺമെന്റ് (ഏട്രീ), കമ്യൂണിറ്റി എൻവയൺമെന്റൽ റിസോഴ്സ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ സഹായത്തോടെയാണ് ഫിഷ് കൗണ്ട് നടത്തിയത്.ഫിഷ് കൗണ്ട് സമാപന ചടങ്ങ് ഏട്രീ സീനിയർ ഫെലോ ഡോ.പ്രിയദർശൻ ധർമരാജൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ഓറിയന്റേഷൻ ക്ലാസ് കുഫോസ് മുൻ ഡയറക്ടർ ഓഫ് റിസർച് റിട്ട. കെ.വി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.