അമ്പലപ്പുഴ ∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ വണ്ടാനത്തെ ഗോഡൗണിൽ നിന്ന് 29,300 കിലോഗ്രാം ബ്ലീച്ചിങ് പൗഡർ കൊച്ചിയിലെ വെയർഹൗസിലേക്കു മാറ്റി. ഗോഡൗണിലെ തീപിടിച്ച കെട്ടിടത്തിന്റെ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ബ്ലീച്ചിങ് പൗഡറാണ് ഇന്നലെ വൈകിട്ടോടെ ലോറിയിൽ കൊണ്ടുപോയത്. അപകടമുണ്ടായ ദിവസം വൈകിട്ട് മുറിയിൽ നിന്നു മാറ്റിയ ബ്ലീച്ചിങ് പൗഡർ ഗോഡൗൺ വളപ്പിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ശീതികരിച്ചു സൂക്ഷിക്കേണ്ട ചില മരുന്നുകൾ മീൻ കൊണ്ടുപോകുന്ന ഇൻസുലേറ്റഡ് വാനിലാണ് തീപിടിത്തത്തിനു ശേഷം സൂക്ഷിച്ചിരുന്നത്. അവ പിന്നീട് കൊച്ചിയിലേക്കും കോട്ടയത്തേക്കും മാറ്റി.

ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന മുറിക്കു പുറമേ പ്രധാന കെട്ടിടത്തിന്റെ പിൻഭാഗത്തേക്കും തീ പടർന്നിരുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന എസികൾ കത്തിനശിച്ചതിനാൽ ശീതികരിച്ചു സൂക്ഷിക്കാൻ കഴിയാതെ വന്നതിനാലാണ് മരുന്നുകൾ വാനിലാക്കിയത്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധനാ റിപ്പോർട്ടിൽ വൈദ്യുതി തകരാറല്ല തീപിടിക്കാൻ കാരണമെന്ന് വിശദീകരിച്ചിട്ടുണ്ട്. ഫൊറൻസിക് ലബോറട്ടറിയിലെ പരിശോധനാഫലം വരാനുണ്ട്.