ADVERTISEMENT

ചെങ്ങന്നൂർ ∙ കോടുകുളഞ്ഞിയിൽ 12 മണിക്കൂർ കിണറ്റിൽ അകപ്പെട്ടു മരിച്ച പെരുംകുഴി കൊച്ചുവീട്ടിൽ യോഹന്നാന്റെ മരണകാരണം ഹൃദയാഘാതമെന്നു പോസ്റ്റ്മോർട്ടത്തിലെ സൂചന. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ചെങ്ങന്നൂരിലെ സ്വകാര്യാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെ, കോടുകുളഞ്ഞി കൊല്ലംപറമ്പിൽ ‘ഷെൽട്ടറി’ൽ പരേതനായ കെ.കെ.ഇടിക്കുളയുടെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് യോഹന്നാൻ കിണറ്റിൽ കുടുങ്ങിയത്. 12 മണിക്കൂർ നാട്ടുകാർ, അഗ്നിരക്ഷാസേന, ഐടിബിപി , പൊലീസ് എന്നിവർ ചേർന്നു രക്ഷാപ്രവർത്തനം നടത്തിയിട്ടും രക്ഷിക്കാനായില്ല. വൈകിട്ട് അഞ്ചിനു ശേഷം അബോധാവസ്ഥയിലായ അദ്ദേഹത്തെ രാത്രി ഒൻപതരയോടെയാണു പുറത്തെടുക്കാനായത്. ഹൃദ്രോഗി ആയിരുന്ന യോഹന്നാന്റെ മരണകാരണം ഹൃദയാഘാതമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന.

യോഹന്നാൻ എന്ന കർഷകൻ; പലർക്കും സഹായി 

എന്നും ഊർജസ്വലതയോടെ നടന്നിരുന്ന യോഹന്നാന്റെ ദാരുണാന്ത്യം കോടുകുളഞ്ഞിക്കു നൊമ്പരമായി. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തും കൃഷി നടത്തിയിരുന്ന യോഹന്നാൻ അടുപ്പമുള്ള പ്രവാസികളുടെ വീടുകളുടെ മേൽനോട്ട ചുമതലയും നിർവഹിച്ചു വന്നു. വീട്ടുകാർ വിദേശത്തായതിനാൽ കൊല്ലംപറമ്പിൽ വീടിന്റെ മേൽനോട്ടം  യോഹന്നാനായിരുന്നു. വീട്ടുകാരെത്തുന്നതു പ്രമാണിച്ചു കിണർ വൃത്തിയാക്കാനെത്തിയതാണ്. ഇത്തരം ജോലികൾ ചെയ്തു പരിചയമുള്ള ആളായതിനാലാണ് ഈ പ്രായത്തിലും മടിയില്ലാതെ കിണറ്റിൽ ഇറങ്ങിയത്.

കിണറിലെ കാടുംപടർപ്പും നീക്കിയതിനു പിന്നാലെ അപ്രതീക്ഷിതമായി കിണർ ഇടിഞ്ഞു താഴ്ന്നതാണു വിനയായത്. ഇടതു കാൽ റിങ്ങുകൾക്കിടയിൽ കുടുങ്ങിയത് അപകടമായി. മകൻ ബിനുവിനും കുടുംബത്തിനുമൊപ്പമാണു യോഹന്നാൻ താമസിച്ചിരുന്നത്. യോഹന്നാന്റെ വരുമാനവും കുടുംബത്തിനു സഹായമായിരുന്നു. കൃഷിപ്പണി ചെയ്തു കഴിയുകയാണു ബിനു. സംസ്കാരം ഇന്നു 10നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോൺസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടക്കും. ഭാര്യ: കാഞ്ഞിരംനിൽക്കുന്നതിൽ പരേതയായ തങ്കമ്മ. മറ്റു മക്കൾ: ബിനോയ്, ബീന. മരുമക്കൾ: അനു, ലിസി , സിബി.

രക്ഷാപ്രവർത്തനം; എതിർത്തും അനുകൂലിച്ചും വാദം  

ചെങ്ങന്നൂർ∙ വേണ്ടവിധത്തിൽ രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിൽ കിണറ്റിൽ കുടുങ്ങിയ യോഹന്നാനെ രക്ഷിക്കാമായിരുന്നെന്ന വാദം ഉയരുമ്പോഴും വെല്ലുവിളികൾ ഏറെയായിരുന്നെന്നാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവരുടെ പക്ഷം. കിണർ കുത്തുന്ന ജോലിക്കാർ ഉൾപ്പെടെയുള്ളവരുടെ സേവനം രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചില്ലെന്നാണു സാമൂഹ്യ മാധ്യമങ്ങളിലും നാട്ടുകാർക്കിടയിലും ഉയർന്ന പ്രധാന ആരോപണം.

അതേസമയം കിണർ നിർമാണവും കിണർ വൃത്തിയാക്കലും നടത്തുന്നവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായെന്ന് അഗ്നിരക്ഷാസേനയും പറയുന്നു.  യോഹന്നാന്റെ മകൻ ബിനുവും കിണറ്റിൽ നിന്ന് അദ്ദേഹത്തെ രക്ഷിക്കാനായി സ്ഥലത്തെത്തിയിരുന്നു. പണി സ്ഥലത്തായിരുന്ന ബിനു വിവരം അറിഞ്ഞ് എത്തിയതാണ്. കിണറ്റിൽ ഇറങ്ങാനും മണ്ണു മാറ്റാനുമെല്ലാം കൂടെ നിന്ന ബിനുവിന് അവസാനനിമിഷം വരെ അപ്പനെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. 5 മണിയോടെയാണ് യോഹന്നാൻ അവശനായത്.

സാമ്പത്തിക സഹായം: കത്തു നൽകുമെന്ന് രമേശ്

ചെങ്ങന്നൂർ ∙ യോഹന്നാന്റെ കുടുംബത്തിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു കത്ത് നൽകുമെന്നു മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എംഎൽഎ. യോഹന്നാന്റെ വീട്  സന്ദർശിച്ച അദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

അരയ്ക്കു താഴെ മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു യോഹന്നാൻ . ഇടതു കാൽ കുടുങ്ങിയിട്ടുണ്ടെന്നു യോഹന്നാൻ പറഞ്ഞതോടെ വലിച്ചെടുക്കാനുള്ള ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. കൂടാതെ കിണറ്റിനുള്ളിൽ 2 സബ്മെഴ്സിബിൾ പമ്പ്സെറ്റുകളും ഉണ്ടായിരുന്നു. ഒന്ന് കിണറ്റിൽ മുൻപുതന്നെ ഉണ്ടായിരുന്നതും മറ്റേത് യോഹന്നാൻ കിണർ വൃത്തിയാക്കാനായി കൊണ്ടുവന്നതും. വലിച്ചെടുക്കുമ്പോൾ പമ്പ് സെറ്റിലും കുടുങ്ങിക്കിടക്കുന്നതായി സംശയം തോന്നിയിരുന്നു.

വ്യാസം കുറവായതിനാൽ കുറെപേർക്ക് ഒന്നിച്ചു കിണ‌റിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്താനാകാത്ത സ്ഥിതി. യോഹന്നാനു മുകളിൽ 5 റിങ്ങുകളും ആൾമറയും ഉണ്ട്. കിണറിന്റെ കാലപ്പഴക്കം മൂലം മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുമ്പോൾ കിണർ ഒന്നാകെ ഇടിയാനുള്ള സാധ്യത ആശങ്ക സൃഷ്ടിച്ചു. ഒടുവിൽ ചുറ്റിക ഉപയോഗിച്ച് ആൾമറയും റിങ്ങുകളും പൊട്ടിച്ചു നീക്കാൻ തുടങ്ങി. തൊട്ടടുത്തു പഴക്കമുള്ള വീടിന്റെ അടിത്തറ ഉണ്ടായിരുന്നതും ആശങ്ക ഉയർത്തി. മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റ് ഉപയോഗിച്ചു കുഴിക്കുമ്പോഴുണ്ടാകുന്ന മർദം മൂലം കിണറും ചുറ്റുപാടും വീടിന്റെ അടിത്തറയും ഇളകാനുള്ള സാധ്യതയും ഭയപ്പെടുത്തുന്നതായിരുന്നു. എന്നിട്ടും സമാനരീതിയിൽ രക്ഷാപ്രവർത്തനം തുടരുകയായിരുന്നു. എന്നാൽ കുഴിയിലും കിണറ്റിലും വെള്ളവും ചെളിയും നിറയുന്നതു പ്രവർത്തനത്തിന്റെ വേഗം കുറച്ചു.  ∙ സുനിൽ ജോസഫ്, ഫയർ സ്റ്റേഷൻ ഓഫിസർ, ചെങ്ങന്നൂർ

ആദ്യമെത്തിയത് റീജനൽ ഫയർ ഓഫിസർ 

അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയതു കോട്ടയം റീജനൽ ഫയർ ഓഫിസർ അരുൺകുമാർ. രാവിലെ മാവേലിക്കര ഫയർസ്റ്റേഷനിലേക്കു പരിശോധനയ്ക്കായി പോകുകയായിരുന്ന അദ്ദേഹത്തിന്റെ വാഹനം ഫയർ ആൻഡ് റെസ്ക്യു വകുപ്പിന്റെ ബോർഡ് കണ്ട്, കോടുകുളഞ്ഞിയിൽ വച്ചു നാട്ടുകാർ കൈ കാണിച്ചു നിർത്തുകയായിരുന്നു. പുറത്തിറങ്ങിയ  അരുൺകുമാർ ആണു ചെങ്ങന്നൂർ ഫയർസ്റ്റേഷൻ ഓഫിസർ സുനിൽ ജോസഫിനെ വിളിച്ചു വരുത്തുന്നത്. ഫയർമാൻ ഡ്രൈവർ ആയ കോട്ടയം സ്വദേശി തങ്കച്ചൻ രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു.  റീജനൽ ഫയർ ഓഫിസർ അരുൺകുമാറിന്റെ ഡ്രൈവറായ തങ്കച്ചനാണ്   പലതവണ കിണറ്റിൽ ഇറങ്ങി യോഹന്നാനെ സംരക്ഷിച്ചു നിർത്തിയതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com