ആലപ്പുഴ∙ തുറമുഖ വകുപ്പും ടൂറിസം പൊലീസും നടത്തിയ പരിശോധനയിൽ 28 ബോട്ടുകളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഇതിൽ 27 എണ്ണവും ഹൗസ് ബോട്ടുകളാണ്. സർവീസ് നടത്താൻ ആവശ്യമായ ഒരു രേഖയുമില്ലാത്ത 6 ബോട്ടുകൾ പിടിച്ചെടുത്തു. ഇവ തുറമുഖ വകുപ്പിന്റെ ആര്യാട് യാഡിലേക്കു മാറ്റി. ഹൗസ്ബോട്ട്, ശിക്കാര, മോട്ടർ ബോട്ട് എന്നിവയിലായിരുന്നു പരിശോധന.
വീഴ്ച കണ്ടെത്തിയ 22 ബോട്ടുകൾക്ക് 2.5 ലക്ഷം പിഴയിട്ട് ഉടമകൾക്കു നോട്ടിസ് നൽകി. 19 ബോട്ടുകളിലെ ഡ്രൈവർമാർക്കു ലൈസൻസ് ഉണ്ടായിരുന്നില്ല. ചില ബോട്ടുകളിൽ ആവശ്യത്തിന് ലൈഫ് ജാക്കറ്റുകൾ, അഗ്നിരക്ഷാ ഉപകരണങ്ങൾ എന്നിവ ഇല്ലായിരുന്നു.
നിയമംലംഘിച്ചു സർവീസ് നടത്തുന്നതിൽ ഹൗസ് ബോട്ടുകളാണ് മുൻപിൽ എന്നു പരിശോധനയിൽ വ്യക്തമായി. ക്രമക്കേട് കണ്ടെത്തിയ 28 ബോട്ടുകളിൽ 27 എണ്ണവും ഹൗസ് ബോട്ടുകളാണ്. ഒരെണ്ണം മോട്ടർ ബോട്ടും. 32 ഹൗസ് ബോട്ടുകൾ പരിശോധിച്ചപ്പോഴാണ് 27 എണ്ണത്തിൽ ക്രമക്കേടു കണ്ടെത്തിയത്. മോട്ടർ ബോട്ടുകളും ശിക്കാര ബോട്ടുകളുമായി 18 എണ്ണമാണു പരിശോധിച്ചത്.
ക്രമക്കേടു കണ്ടെത്തിയത് ഒരു മോട്ടർ ബോട്ടിൽ മാത്രം. പോർട്ട് സർവേയർ വി.കെ.നന്ദകുമാർ, പോർട്ട് കൺസർവേറ്റർ കെ.അനിൽ കുമാർ, ടൂറിസം പൊലീസ് എസ്ഐ പി.ജയറാം, എസ്ഐ പി.പി.പ്രസാദ്, സിപിഒമാരായ ബിൻസി അശോക്, എം.നകുൽ കുമാർ എന്നിവർ നേതൃത്വം നൽകി.