ADVERTISEMENT

ആലപ്പുഴ∙ ചക്രക്കസേരയിൽ സ്കൂളിൽ പോകാൻ പ്രയാസപ്പെടുന്ന അഞ്ചാം ക്ലാസുകാരൻ മുഹമ്മദ് അൽത്താഫിനു നല്ല വഴിയൊരുക്കാൻ പി.പി.ചിത്തരഞ്ജൻ എംഎൽഎയുടെ ഇടപെടൽ. ഒട്ടേറെ കുടുംബങ്ങൾ വർഷങ്ങളായി കാത്തിരിക്കുന്ന വിരുശേരി–ചക്കാലപ്പറമ്പ് റോഡ് നിർമിക്കാൻ പഞ്ചായത്തിനു കഴിയുന്നില്ലെങ്കിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ചു നിർമിക്കുമെന്നു ചിത്തരഞ്ജൻ അറിയിച്ചു. കാലുകൾക്കു ചലനശേഷിയില്ലാത്ത മണ്ണഞ്ചേരി പഞ്ചായത്ത് 18–ാം വാർഡ് നജീം മൻസിലിൽ അൽത്താഫിന്റെ ദുരിതം മനോരമ കഴിഞ്ഞ ദിവസം വാർത്തയാക്കിയിരുന്നു. തുടർന്നാണ് എംഎൽഎ ഇടപെട്ടത്.

കലക്ടർ ഹരിത വി.കുമാറും പ്രശ്നത്തിൽ ഇടപെട്ടു. റോഡ് വരുന്നതിനു തടസ്സമെന്താണെന്ന് അന്വേഷിക്കാനുള്ള കലക്ടറുടെ നിർദേശപ്രകാരം വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് നൽകി. സ്കൂൾ അധ്യയന വർഷം തുടങ്ങുമ്പോൾ അൽത്താഫ് അനുഭവിക്കുന്ന പ്രയാസം മനോരമ വാർത്തയിലൂടെ പുറത്തു കൊണ്ടുവന്നിരുന്നു.

പാഴ്‌ചെടികൾ നിറഞ്ഞ പുതമണ്ണും കൈത്തോടും കടക്കാൻ ചക്രക്കസേരയ്ക്കു സാധ്യമല്ല. മാതാവ് അമീന മറ്റുള്ളവരുടെ സഹായത്തോടെ കുട്ടിയെ എടുത്തുയർത്തിയാണു കൊണ്ടുപോകുന്നത്. വിഷയം പഞ്ചായത്ത് പ്രസിഡന്റുമായി സംസാരിച്ചെന്നു ചിത്തരഞ്ജൻ പറഞ്ഞു. മുൻപു റോഡിനായി പഞ്ചായത്ത് പണം നീക്കിവച്ചെങ്കിലും കരാറുകാർ പണി ഏറ്റെടുക്കുന്നില്ലെന്നാണു പ്രസിഡന്റ് അറിയിച്ചത്. എന്താണു പ്രശ്നമെന്നു പഠിച്ച് അറിയിക്കാൻ പഞ്ചായത്ത് സെക്രട്ടറിയോട് നിർദേശിച്ചു. ഇതിന്റെ മറുപടി കിട്ടിയാലുടൻ നടപടിയെടുക്കുമെന്നും എംഎൽഎ പറഞ്ഞു.

ചികിത്സാ സഹായത്തിനും നടപടി: കലക്ടർ

റോഡ് പണിക്കു തൊഴിലുറപ്പു പദ്ധതിയിൽ 3 വർഷം മുൻപ് ഫണ്ട് അനുവദിച്ചെങ്കിലും കരാറുകാരൻ ചെയ്തില്ലെന്നും എസ്റ്റിമേറ്റ് പുതുക്കി റോഡ് നിർമിക്കാമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചതായി വില്ലേജ് ഓഫിസർ പി.വി.ജയസിംഹൻ കലക്ടർക്കു റിപ്പോർട്ട് നൽകി. പേശികൾക്കു ബലം കുറയുന്ന രോഗം പിടിപെട്ട അൽത്താഫിനു ചികിത്സാ സഹായം ലഭ്യമാക്കാൻ വേണ്ട നടപടികൾക്കും കലക്ടർ നിർദേശിച്ചു.

അടുത്ത യോഗത്തിൽ തന്നെ തീരുമാനം: പഞ്ചായത്ത് പ്രസിഡന്റ് 

കലവൂർ ∙ റോഡ് നിർമാണത്തിന് പഞ്ചായത്ത് ഭരണസമിതിയുടെ അടുത്ത യോഗത്തിൽ തീരുമാനമെടുക്കുമെന്നു മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി.അജിത്കുമാർ അറിയിച്ചു. ഇതിനായി പുതിയ എസ്റ്റിമേറ്റ് തയാറാക്കും. 3 വർഷം മുൻപ് കരാർ നൽകിയെങ്കിലും കരാറുകാരൻ പണി ചെയ്തില്ല. ഈ സാമ്പത്തിക വർഷം തന്നെ റോഡ് നിർമിക്കാൻ നടപടിയെടുക്കുമെന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്ത് സെക്രട്ടറി സി.എസ്.ഷേഖ് ബിജു പറഞ്ഞു.

നിരക്ക് കുറവായിരുന്നെന്ന് കരാറുകാരൻ

കലവൂർ ∙ വിരുശേരി–ചക്കാലപ്പറമ്പ് റോഡ് നിർമാണത്തിനു നിശ്ചയിച്ച നിരക്ക് കുറവാണെന്നു മുൻപു കരാറെടുത്ത അനസ് നൈന. ഭൂപ്രകൃതിയുടെ പ്രത്യേകത കാരണം ആ നിരക്കിൽ ജോലി പൂർത്തിയാക്കാൻ കഴിയില്ല. രണ്ടു വർഷമായി ചെയ്ത ജോലികളുടെ പണം കിട്ടാനുമുണ്ടെന്ന് അനസ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com