ADVERTISEMENT

കൊച്ചുവെളുപ്പാൻ കാലത്ത് സൈക്കിളിൽ ഒരു കുടുംബസവാരി..! പൂച്ചാക്കലുകാർക്കിത് പതിവ് കാഴ്ചയാണ്. പൂച്ചാക്കൽ റാംനിവാസിൽ ആർ.വി. ജയ്റാമും കുടുംബവുമാണ് സൈക്കിൾ സവാരി വർഷങ്ങളായി പതിവാക്കിയത്. ശരീരത്തിന് വ്യായാമം, മനസ്സിന് ഉന്മേഷം,  കൂടാതെ രാവിലെ കു‌ടുംബവുമൊത്ത്  വർത്തമാനം പറഞ്ഞ് സ്ഥലങ്ങൾ കണ്ടുള്ള ഒന്നരമണിക്കൂറോളം സവാരിയു‌ടെ സുഖം പറഞ്ഞറിയിക്കാനാകില്ലെന്ന് ജയ്റാം പറയുന്നു. ജയ്റാം ഭാര്യ രശ്മി ആർ. പൈ, മക്കൾ ജയ്കൃഷ്ണ പ്രഭു, ഗൗരികൃഷ്ണ പ്രഭു എന്നിവരാണ് ദിവസവും സൈക്കിളിൽ യാത്ര ചെയ്യുന്നത്. പുലർച്ചെ ആറോടെ തുടങ്ങുന്ന യാത്ര ഏഴരയോടെ അവസാനിപ്പിക്കും.

ദിവസവും 20 കിലോമീറ്റർ സൈക്കിൾ ചവിട്ടും. ഓരോ ദിവസവും ഓരോ സ്ഥലങ്ങളിലേക്കാകും പോകുക. 10 വർഷമായി തന്റെ തനിച്ചുള്ള എല്ലാ യാത്രകളും സൈക്കിളിലാണെന്ന് ജയ്റാം പറയുന്നു. തൃപ്പൂണിത്തുറ ഗവ. ആർട്സ് കോളജിൽ ബിരുദ വിദ്യാർഥിയായിരുന്ന ജയ്കൃഷ്ണൻ കോളജിൽ പോയിരുന്നതും സൈക്കിളിലാണ്. നേരത്തെ മുതലേ ജയ്റാം രാവിലെ ജയ്കൃഷ്ണനുമായി സൈക്കിൾ സവാരി പോകുമായിരുന്നു. മകൾ ഗൗരി ആറാം ക്ലാസിലെത്തിയപ്പോൾ സൈക്കിൾ ലഭിച്ചു. അച്ഛനും സഹോദരനുമൊപ്പം രാവിലെ സൈക്കിൾ സവാരിക്ക് പോകണമെന്നായി ഗൗരിക്ക്.

ആദ്യ കുറച്ചുദിവസം ഗൗരിക്ക് സഹായിയായാണ് രശ്മി വന്നതെന്നും യാത്രയുടെ പോസിറ്റിവ് എനർജി മനസ്സിലാക്കിയ രശ്മി അതു ശീലമാക്കിയെന്നും ജയ്റാം പറഞ്ഞു. ഇത്തവണ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ ഗൗരി, പരീക്ഷ ദിവസങ്ങളിലും സൈക്കിൾ സവാരിക്കുണ്ടായിരുന്നു. ദിവസത്തിലെ പതിവുയാത്രയ്ക്കു പുറമേ ആലപ്പുഴ, എറണാകുളം ഭാഗത്തേക്ക് മാസത്തിൽ ഒരു ദീർഘയാത്രയും സൈക്കിളിൽ പോകാറുണ്ട്.  സൈക്കിൾ സ്നേഹം മൂലം പഴയതും പുതിയതുമായ സൈക്കിളുകളുടെ ശേഖരവും ജയ്റാമിനുണ്ട്. ചേർത്തല ഫ്രീവീലേഴ്സ് സൈക്കിൾ ക്ലബ്ബിന്റെ പ്രവർത്തകനുമാണ് ജയ്റാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com