ADVERTISEMENT

കായംകുളം∙ ദേശീയപാതാ നിർമാണത്തിൽ കായംകുളത്തെ രണ്ടായി വെട്ടിമുറിക്കുന്ന നിർമാണ രീതി പൂർണമായി ഒഴിവാക്കി ഉയരപ്പാത (എലിവേറ്റഡ് ഹൈവേ) നിർമിക്കണമെന്ന ആവശ്യവുമായി ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സത്യഗ്രഹം ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ എംഎസ്എം കോളജ് ജംക്‌ഷനിൽ നടക്കും.

പൗരാവലിയും നഗരസഭയിലെയും തീരദേശ പഞ്ചായത്തുകളിലെയും ജനപ്രതിനിധികളും പങ്കെടുക്കുന്ന  സത്യഗ്രഹ സമരം അശാസ്ത്രീയ ദേശീയപാത നിർമാണത്തിനെതിരെ നടക്കുന്ന ഏറ്റവും വലിയ ബഹുജന മുന്നേറ്റമാണ്. പട്ടണത്തെ വെട്ടിമുറിക്കുന്ന ദേശീയപാത നിർമാണം ഇനി അനുവദിക്കില്ലെന്ന ശക്തമായ താക്കീതുമായി സമരസമിതി സംഘടിപ്പിക്കുന്ന പരിപാടിക്ക് വിവിധ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

നൂറിലേറെ വാർഡുകളിൽ നിന്ന് ജനങ്ങൾ സത്യഗ്രഹത്തെ അഭിവാദ്യം ചെയ്യാനെത്തുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. എല്ലാ വാർഡുകളിലും ജനപ്രതിനിധികളുടെയും   സമര സമിതിയുടെയും  നേതൃത്വത്തിൽ  ഇതിനായുള്ള പ്രചാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

‘എലിവേറ്റഡ് ഹൈവേ നിർമിക്കണം’

∙ പട്ടണത്തെ രണ്ടായി വെട്ടിമുറിക്കുന്ന ദേശീയ പാത നിർമാണം ഒഴിവാക്കി എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്ന് നാഷനൽ യൂത്ത് ലീഗ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കെട്ടിയടച്ചുള്ള നിർമാണം പട്ടണത്തെ പടിഞ്ഞാറും കിഴക്കുമായി വിഭജിക്കും. യോഗം നാഷനൽ യൂത്ത് ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ ടി.മുഹമ്മദലി ഫാറൂഖ് സഖാഫി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിമോൻ അധ്യക്ഷത വഹിച്ചു.  സെക്രട്ടറി നൗഫൽ, ജില്ലാ സെക്രട്ടറി ഷെഫീഖ് ,അമാൻ, റസീൽ, സുനീർ തുടങ്ങിയവർ പ്രസംഗിച്ചു.

അധികൃതർ യോഗം ചേരും

കായംകുളം∙ ദേശീയപാതയിൽ അടിപ്പാതയ്ക്ക് പകരം ഉയരപ്പാത വേണമെന്ന ആവശ്യവുമായി പൗരാവലി ഇന്ന് സംഘടിക്കുന്നതിനിടെ ദേശീയപാത അതോറിറ്റി അധികാരികളും കരാർ കമ്പനിയുടെ ചുമതലപ്പെട്ടവരും ഇന്ന് ഉച്ചയ്ക്ക് 12 ന്  ടൗൺഹാളിൽ സിറ്റിങ് നടത്തും. ജനങ്ങൾക്കുള്ള സംശയം ദൂരീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇവർ സിറ്റിങ്ങിന് എത്തുന്നത്. ‍നഗരസഭ കൗൺസിലർമാർ, പഞ്ചായത്ത് മെംബർമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനാ ഭാരവാഹികൾ എന്നിവരാണ് പങ്കെടുക്കുന്നത്.നഗരസഭാധ്യക്ഷ പി.ശശികലയുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ദേശീയപാത അതോറിറ്റി അധികാരികൾ കായംകുളത്തെത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com