മാന്നാർ ∙ മദ്യം വാങ്ങാൻ പണം നൽകാതിരുന്നതിന് ആക്രമണം: 3 പേർക്കു പരുക്ക്, 6 പേർ അറസ്റ്റിൽ. ചെന്നിത്തല ഒരിപ്രത്തു നടന്ന സംഭവത്തിൽ ചെന്നിത്തല ഒരിപ്രം പൈനുമ്മൂട്ടിൽ ഗോപാലകൃഷ്ണൻ (45), ചെന്നിത്തല വലിയകുളങ്ങര ആയില്യം വീട്ടിൽ അമിത് (30), മാന്നാർ കുട്ടംപേരൂർ തയ്യിൽ വീട്ടിൽ നിഖിൽ (28) എന്നിവർക്കാണ് അക്രമത്തിൽ പരുക്കേറ്റത്. ചെന്നിത്തല കാരാഴ്മ കിഴക്ക് വാരോട്ടിൽ സിജി (37), ചെന്നിത്തല കാരാഴ്മ കിഴക്ക് പൂയപ്പള്ളിൽ ജോൺസൺ(31), ചെന്നിത്തല കാരാഴ്മ കിഴക്ക് വെട്ടുകുളഞ്ഞിയിൽ വിനീഷ് (ഉണ്ണിബോസ് –47),
ചെന്നിത്തല കാരാഴ്മ പൗവത്തിൽ വീട്ടിൽ സുനിൽ കുമാർ(39), ചെന്നിത്തല ഒരിപ്രം കണ്ടത്തിൽ ഷിബു (34), ചെന്നിത്തല ഒരിപ്രം ദ്വാരകയിൽ ബിബിൻ (32) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റു ചെയ്തത്. പരുക്കേറ്റവർ പരുമലയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ: മദ്യം വാങ്ങാൻ 5000 രൂപ നൽകണമെന്ന് പ്രതികൾ ഗോപാലകൃഷ്ണനോട് ഫോണിലൂടെ ആവശ്യപ്പെട്ടു. പണമില്ലെന്നു പറഞ്ഞപ്പോൾ അക്രമി സംഘം വീട്ടിലെത്തി വാക്കു തർക്കമായി.
കഠാര എടുത്ത് വീശുകയും മർദിക്കുകയുമായിരുന്നു. പരുക്കേറ്റ ഒരാൾക്കു നെഞ്ചിന് താഴെ വാരിയെല്ലിന് സമീപത്തായാണ് മുറിവേറ്റിട്ടുള്ളത്. പിടിയിലായവരിൽ സിജി മാന്നാർ പൊലീസ് ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളും, ഉണ്ണിബോസ് മാന്നാർ സ്റ്റേഷനിൽ ഒന്നിലധികം കേസുകളിൽ പ്രതിയുമാണ്. പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു. തുടർന്ന് മാന്നാർ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.