ADVERTISEMENT

ചാരുംമൂട്∙ മുതിർന്ന പൗരന്റെ എടിഎം കാർഡ് മോഷ്ടിച്ച്  10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ചുനക്കര കരിമുളയ്ക്കൽ രമ്യ ഭവനത്തിൽ രമ്യയെ (38) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. ചാരുംമൂട് നൈനാർ മൻസിലിൽ അബ്ദുൽ റഹ്മാന്റെ (80) പണമാണ് നഷ്ടമായത്. അബ്ദുൽ റഹ്മാന്റെ വീട്ടുവളപ്പിലെ കുടുംബവീട്ടിൽ വാടകയ്ക്ക് താമസിച്ച് വീട്ടുകാരുടെ വിശ്വാസം നേടിയ ശേഷമാണ് രമ്യ തട്ടിപ്പു നടത്തിയതെന്നു പൊലീസ് പറഞ്ഞു. കെഎസ്ഇബി ഓവർസീയറായി വിരമിച്ച അബ്ദുൽ റഹ്മാന്റെ  ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന പെൻഷൻ തുകയാണ് നഷ്ടപ്പെട്ടത്. മരുമകനും മകളും ജോലിക്കു പോകുമ്പോൾ  അബ്ദുൽറഹ്മാൻ മാത്രമാണ് വീട്ടിൽ ഉണ്ടാവുക.

ഉച്ചയ്ക്ക് ശേഷം അദ്ദേഹം കിടന്നുറങ്ങുമ്പോൾ രമ്യ വീട്ടിൽ കടന്ന് മേശയ്ക്കുള്ളിൽ നിന്ന് എടിഎം കാർഡും ഇതിനൊപ്പം എഴുതി സൂക്ഷിച്ചിരുന്ന പിൻനമ്പറും കൈക്കലാക്കി പലപ്പോഴായി പണം പിൻവലിക്കുകയായിരുന്നു.   ജനുവരി 13 മുതൽ പണം പിൻവലിച്ചു തുടങ്ങിയ രമ്യ 4 മാസം കൊണ്ടാണ് 10 ലക്ഷം തട്ടിയെടുത്തതെന്നു പൊലീസ് പറഞ്ഞു. അബ്ദുൽ റഹ്മാന്റെ മൊബൈൽ അപ്ഡേറ്റ് ചെയ്യാത്തതിനാൽ പണം പിൻവലിക്കുമ്പോൾ എസ്എംഎസ് വരികയില്ലായിരുന്നു. മകൾക്ക് സ്കൂട്ടർ വാങ്ങാൻ ഒരു ലക്ഷം പിൻവലിക്കാൻ എടിഎം കാർഡ് തിരക്കിയപ്പോൾ കാണാതെ വന്നതിനെ തുടർന്ന് ബാങ്കിൽ അറിയിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം അറിഞ്ഞത്.

തുടർന്നു നൂറനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി പരിശോധിച്ചു പൊലീസ് പ്രതിയെ കണ്ടെത്തി. പിൻവലിച്ച തുകയിൽ നിന്നും 10000 രൂപയും എടിഎം കാർഡും പ്രതിയിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്. മുൻപ് നൂറനാട് സ്വദേശിയുടെ ചികിത്സാസഹായവുമായി ബന്ധപ്പെട്ട പണം തട്ടിപ്പു കേസിൽ രമ്യ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളജിലെ അസി. പ്രഫസർ, ഫിസിയോതെറപ്പിസ്റ്റ്, ടെക്നിഷ്യൻ എന്നിങ്ങനെ വ്യാജ മേൽവിലാസത്തിലാണ് രമ്യ പലസ്ഥലത്തും മാറി മാറി താമസിച്ചത്. നൂറനാട് പൊലീസ് ഇൻസ്പെക്ടർ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com