ADVERTISEMENT

ആലപ്പുഴ∙ ‘സ്ക്രാച്ച് ആൻഡ് വിൻ’ വഴി കാർ സമ്മാനമായി ലഭിച്ചെന്നു പറഞ്ഞു ലക്ഷങ്ങൾ തട്ടിയെടുത്ത വൻ തട്ടിപ്പു സംഘത്തിലെ 2 മലയാളികൾ അറസ്റ്റിൽ. കായംകുളത്തിനു സമീപം ദേവികുളങ്ങര പഞ്ചായത്ത് 12–ാം വാർഡ് പുതുപ്പള്ളി പൂത്തൂർ കിഴക്കതിൽ വീട്ടിൽ മനു ചന്ദ്രൻ (35), ആലുവ കീഴ്മാട് പഞ്ചായത്ത് ചെന്താര വീട്ടിൽ ലിഷിൽ (35) എന്നിവരെ ഇടുക്കി കരിങ്കുന്നത്തെ വാടക വീട്ടിൽ നിന്നാണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് പിടികൂടിയത്. റീട്ടെയ്ൽ വ്യ‌ാപാര വെബ്സൈറ്റായ നാപ്റ്റോൾ വഴി സാധനങ്ങൾ വാങ്ങുന്നവരുടെ വിവരങ്ങൾ ശേഖരിച്ച്  അവരുടെ വിലാസത്തിലേക്കു നാപ്റ്റോളിന്റെ പേരിൽ വ്യാജ സ്ക്രാച്ച് ആൻഡ് വിൻ കാർഡ് അയച്ചായിരുന്നു തട്ടിപ്പ്. പിടിയിലായവർ വലിയ ശൃംഖലയുടെ ഭാഗമാണ്. വിപുലമായ അന്വേഷണ സംഘത്തെ രൂപീകരിച്ച് ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇവർ കുടുങ്ങിയത്.

തട്ടിപ്പിന്റെ വഴി

ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിനിയാണു തട്ടിപ്പിനിരയായത്. നാപ്റ്റോളിന്റെ പേരിൽ കിട്ടിയ കാർഡ് ‘സ്ക്രാച്ച്’ ചെയ്തപ്പോൾ മഹീന്ദ്ര ഥാർ എന്ന വാഹനം സമ്മാനം! കാർഡിലുള്ള നമ്പറിൽ ബന്ധപ്പെട്ടപ്പോൾ സമ്മാനം ‘സ്ഥിരീകരിച്ചു’. സർവീസ് ചാർജും വിവിധ നികുതികളും എന്നു വിശ്വസിപ്പിച്ചു 16 തവണയായി 8,22,100 രൂപ പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു.   വാഹനം ആവശ്യപ്പെട്ടപ്പോൾ പ്രതികൾ വീണ്ടും പണം ചോദിച്ചു. അപ്പോഴാണു സംശയം തോന്നിയത്. ഉടൻ ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശ പ്രകാരം കേസെടുത്ത് അന്വേഷണ സംഘം രൂപീകരിച്ചു.  ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ എഴുന്നൂറോളം സിസിടിവി ദൃശ്യങ്ങളും രണ്ടായിരത്തോളം ഫോൺ വിളികളും പരിശോധിച്ചും മറ്റു ശാസ്ത്രീയ മാർഗങ്ങളിലൂടെയുമാണ് ഇടുക്കി കരിങ്കുന്നത്തു നിന്നു പ്രതികളെ പിടികൂടിയത്. കൂടുതൽ പേർ തട്ടിപ്പിന് ഇരയായെന്നു സംശയമുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പണം ‘ചുരണ്ടുന്നത് ’ഇങ്ങനെ

ആലപ്പുഴ∙ രാജ്യമാകെ വ്യാപിച്ച വൻ തട്ടിപ്പു സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവർ എന്നാണു പൊലീസിന്റെ നിഗമനം. വ്യാജ കാർഡിലെ നമ്പറിൽ വിളിക്കുന്നവരോടു സംസാരിക്കാൻ ആ ഭാഷ അറിയുന്നവരെയാണു നിയോഗിച്ചിരുന്നത്. കേരളത്തിൽ നിന്നുള്ള ഫോൺ വിളികളാണ് ഇപ്പോൾ അറസ്റ്റിലായ മനു ചന്ദ്രനും ലിഷിനും കൈകാര്യം ചെയ്തിരുന്നത്. നാപ്റ്റോൾ വഴി സാധനങ്ങൾ വാങ്ങുന്നവരുടെ വിവരങ്ങൾ ശേഖരിച്ചാണ് അവരുടെ വിലാസത്തിലേക്കു സ്ക്രാച്ച് ആൻഡ് വിൻ കാർഡ് അയച്ചിരുന്നത്. കാർഡ് ചുരണ്ടിയാൽ വില കൂടിയ വാഹനങ്ങളും മറ്റും സമ്മാനം ലഭിച്ചതായി തെളിയും.  ചിലരെങ്കിലും കാർഡിലെ നമ്പരിലേക്കു വിളിക്കുന്നതോടെ കെണിയൊരുങ്ങുന്നു. 

വാഹനം ലഭിക്കാനുള്ള വിവിധ ഫീസുകൾ, നികുതി എന്നിവ വിശദീകരിക്കും. അവർ പറയുന്ന അക്കൗണ്ടുകളിലേക്കു ഘട്ടം ഘട്ടമായി പണം നിർബന്ധിച്ച് അയപ്പിക്കും. നാപ്റ്റോളിൽ നിന്നു തന്നെ ഇവർക്ക് ആരോ വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടെന്നാണു പൊലീസിന്റെ സംശയം. അല്ലാതെ ഇടപാടുകാരുടെ വിവരങ്ങൾ കൃത്യമായി ലഭിക്കില്ലെന്നും ഉദ്യോഗസ്ഥർ കരുതുന്നു. കൂടുതൽ പേർ തട്ടിപ്പിന് ഇരയായതായി സംശയിക്കുന്നുണ്ട്. പ്രതികൾ പിടിയിലായതോടെ പരാതിയുമായി അവർ മുന്നോട്ടു വരുമെന്നു പൊലീസ് പ്രതീക്ഷിക്കുന്നു.

പ്രതികളെ ഒരു മാസം  പൊലീസ് ചുരണ്ടി, ജയിച്ചു

ഒരു മാസം നീണ്ട നീക്കത്തിലൂടെയാണ് പ്രതികളെ സൈബർ പൊലീസ് കുടുക്കിയത്. പരാതിക്കാരിയെ വിളിച്ച ഫോൺ നമ്പർ പരിശോധിച്ചപ്പോൾ  ബംഗാളിലേതാണെന്നു വ്യക്തമായി. പൊലീസ് ലൊക്കേഷൻ പിന്തുടർന്നു കൊണ്ടിരുന്നു. കേരളത്തിൽ ഉണ്ടെന്നു കണ്ടതോടെ വിശദമായി അന്വേഷിച്ചു. മൂവാറ്റുപുഴ, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിൽ നമ്പർ കണ്ടതോടെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന തുടങ്ങി. ഓരോ ലൊക്കേഷനിലും നമ്പർ കണ്ട സമയത്തെ ഒട്ടേറെ ദൃശ്യങ്ങൾ പരിശോധിച്ചു. അങ്ങനെയാണു പ്രതികളിലേക്ക് എത്തിയത്. ഇവരിൽ നിന്നു ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്.

ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും. വിശദമായ അന്വേഷണത്തിനായി ഇവരെ കസ്റ്റ‍‍‍ഡിയിൽ ലഭിക്കാൻ കോടതിയിൽ പൊലീസ് അപേക്ഷ നൽകും. ആലപ്പുഴ ക്രൈം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ കെ.പി. വിനോദ്, എഎസ്ഐമാരായ സജികുമാർ, ശരത്ചന്ദ്രൻ, എസ്‌സിപിഒമാരായ ബിനോജ്, നെഹൽ, സിപിഒമാരായ സുഭാഷ് ചന്ദ്രബോസ്, സിദ്ദിഖ്, ജോസഫ് ജോയ് എന്നിവരും എസ്ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സൈബർ സെൽ വിദഗ്ധരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com