ADVERTISEMENT

ആലപ്പുഴ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയെത്തുടർന്നു കുഞ്ഞും പിന്നാലെ  അമ്മയും മരിച്ച സംഭവത്തിൽ മന്ത്രിമാരായ സജിചെറിയാനും പി.പ്രസാദും  കൂടുതൽ നടപടിക്ക് ഉത്തരവിട്ടു. കലക്ടറേറ്റിനു മുന്നിൽ കുടുംബാംഗങ്ങൾ തുടങ്ങിയ അനിശ്ചിതകാല സമരം ഇതിനെ തുടർന്ന് താൽക്കാലികമായി നിർത്തി. കൈനകരി കുട്ടമംഗലം കായിത്തറയിൽ രാംജിത്തിന്റെ ഭാര്യ അപർണയും (22) പെൺകുഞ്ഞുമാണു ഡിസംബർ 6നു മരിച്ചത്.

ആശുപത്രിയുടെ ആഭ്യന്തര അന്വേഷണം, മെഡിക്കൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണം, പൊലീസ് അന്വേഷണം എന്നിവയിൽ മരണത്തിനു കാരണക്കാരായവരെ കണ്ടെത്താത്തതിനാലും  6 മാസമായിട്ടും ഫൊറൻസിക് റിപ്പോർട്ട് ലഭിക്കാത്തതിനാലുമാണ്  കുടുംബം സമരം തുടങ്ങിയത്. ഇന്നലെ കുട്ടനാട് താലൂക്ക് തല അദാലത്തിലാണ്  മന്ത്രിമാരായ സജിചെറിയാനും പി.പ്രസാദും വിഷയത്തിൽ കൂടുതൽ നടപടിക്ക് ഉത്തരവിട്ടത്. 

പുതുതായി സീനിയർ കാർഡിയോളജിസ്റ്റ്, അനസ്തെറ്റിസ്റ്റ്, കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി  മേധാവി , ജില്ലയിൽ നിന്നു ഗവ. പ്ലീഡർ, ഫൊറൻസിക് മേധാവി, ഡിഎംഒ എന്നിവർ അടങ്ങുന്ന സമിതി കൂടി വിശദമായി പരിശോധിച്ച്  രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ഉത്തരവായി. തുടർന്നാണു  സമരം താൽക്കാലികമായി നിർത്തിയത്. 

രണ്ടാഴ്ചയ്ക്കുള്ളിൽ വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്നും കുടുംബം പറഞ്ഞു. അപർണയും കുഞ്ഞും മരിച്ചതുമായി ബന്ധപ്പെട്ടു മെഡിക്കൽ റിപ്പോർട്ട് രണ്ടു മാസം മുൻപ് മെഡിക്കൽ കോളജ് സർക്കാരിലേക്ക് അയച്ചിരുന്നു. ചികിത്സപ്പിഴവുണ്ടായോ എന്നു വിലയിരുത്താൻ സീനിയർ ഡോക്ടർക്കു പകരം ജൂനിയർ ഡോക്ടറാണു കോട്ടയം മെഡിക്കൽ കോളജിൽ നിന്നെത്തിയത്. പിന്നാക്ക വികസന കോർപറേഷന്റെ വെള്ളക്കിണർ ശാഖയിൽ നിന്നു രണ്ടു ലക്ഷം രൂപ വായ്പയെടുത്തതിന്റെ  തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന്  അപർണയുടെ കുടുംബത്തിന് ജപ്തി നോട്ടിസ് വന്നിരുന്നു. അതിൽ രണ്ടു മാസത്തേക്കു നടപടി പാടില്ലെന്നും മന്ത്രി ഉത്തരവിട്ടു.

ചൈത്ര തേരേസ ജോൺ, ജില്ലാ പൊലീസ് മേധാവി :"ഫൊറൻസിക് റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കേസിൽ കൂടുതൽ അന്വേഷണം നടത്താനാകൂ. മെഡിക്കൽ ബോർഡ് കൂടി അവരുടെ റിപ്പോർട്ട് കൂടി കിട്ടേണ്ടതുണ്ട്. അതിനായി കാത്തിരിക്കുകയാണ്. ഫൊറൻസിക് റിപ്പോർട്ട് എന്നു കിട്ടുമെന്നതിൽ വ്യക്തതയില്ല."

                                                        

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com