ആറുവയസ്സുകാരി വെട്ടേറ്റു മരിച്ചു; അച്ഛൻ കസ്റ്റഡിയിൽ

HIGHLIGHTS
  • മുത്തശ്ശിക്കും വെട്ടേറ്റു; പ്രതിക്കെതിരെ നാട്ടുകാരുടെ രോഷം
nakshathra
നക്ഷത്ര
SHARE

മാവേലിക്കര ∙ പുന്നമ്മൂട്ടിൽ 6 വയസ്സുള്ള മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി, ബഹളം കേട്ട് ഓടിയെത്തിയ മുത്തശ്ശിയുടെ കൈക്കും തലയ്ക്കും വെട്ടേറ്റു. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. അച്ഛൻ ശ്രീമഹേഷിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തു. നക്ഷത്രയുടെ കഴുത്തിന്റെ വലതുഭാഗത്താണു മഴുകൊണ്ടുള്ള വെട്ടേറ്റത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. 

ഇന്നലെ രാത്രി ഏഴരയോടെയാണു സംഭവം. മഹേഷും മകളും മാത്രമായിരുന്നു വീട്ടിൽ താമസം. നക്ഷത്രയുടെ നിലവിളി കേട്ടു സമീപത്തു സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന മഹേഷിന്റെ അമ്മ സുനന്ദ (62) ഓടിയെത്തിയപ്പോൾ വെട്ടേറ്റ് സിറ്റൗട്ടിലെ സോഫയിൽ കിടക്കുന്ന കുഞ്ഞിനെയാണു കണ്ടത്. നിലവിളിച്ചു പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന ശ്രീമഹേഷ് അവരെയും ആക്രമിച്ചു. കൈക്കും തലയ്ക്കും പരുക്കേറ്റ സുനന്ദ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. 

ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെയും മഴു കാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാൻ ശ്രമിച്ച ശ്രീമഹേഷിനെ പൊലീസ് എത്തി ബലം പ്രയോഗിച്ചു കീഴടക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലെത്തിച്ച ശ്രീമഹേഷിനെ സ്റ്റേഷനിലേക്കു കൊണ്ടുപോകാൻ സമ്മതിക്കാതെ ക്ഷുഭിതരായ നാട്ടുകാർ തടഞ്ഞതു ഏറെ നേരം സംഘർഷത്തിനിടയാക്കി. 

നക്ഷത്ര മുള്ളിക്കുളങ്ങര ഗവ.എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. നക്ഷത്രയുടെ അമ്മ വിദ്യ ഒന്നര വർഷം വർഷം മുൻപ് ജീവനൊടുക്കിയിരുന്നു. ശ്രീമഹേഷിന്റെ പിതാവ് ശ്രീമുകുന്ദൻ രണ്ടര വർഷം മുൻപു ട്രെയിൻ തട്ടി മരിച്ചിരുന്നു. പിതാവിന്റെ മരണത്തോടെയാണു വിദേശത്തായിരുന്ന ശ്രീമഹേഷ്  നാട്ടിലെത്തിയത്.

ദിവസവും വൈകിട്ടു മകളുമായി സ്കൂട്ടറിലും കാറിലും പുന്നമ്മൂട്ടിലും പരിസരത്തു എത്തുമായിരുന്ന ശ്രീമഹേഷ് പുനർവിവാഹത്തിനായി ശ്രമിച്ചിരുന്നു. ഒരു വിവാഹം ഉറപ്പിച്ചിരുന്നെങ്കിലും ശ്രീമഹേഷിന്റെ സ്വഭാവത്തിൽ അസ്വാഭാവികതയുണ്ടെന്നറിഞ്ഞ് പെൺകുട്ടിയുടെ ബന്ധുക്കൾ വിവാഹത്തിൽ നിന്നു പിൻമാറുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS