3 ശാഖകളിൽ നിന്ന് നഷ്ടപ്പെട്ടത് 21 ലക്ഷം രൂപയുടെ പണയസ്വർണം, ഒടുവിൽ കേരള ബാങ്ക് നിയമനടപടിക്ക്

Mail This Article
ചേർത്തല ∙ കേരള ബാങ്കിന്റെ 3 ശാഖകളിൽ നിന്ന് 21 ലക്ഷത്തോളം രൂപയുടെ പണയസ്വർണം നഷ്ടമായ സംഭവത്തിൽ ബാങ്ക് നിയമനടപടികളിലേക്ക് കടക്കുന്നു. പൊലീസിൽ പരാതി നൽകാൻ ചേർത്തല, പട്ടണക്കാട്, നടക്കാവ് ശാഖകൾക്കു കേരള ബാങ്ക് അധികൃതർ നിർദേശം നൽകി. ഈ മൂന്നു ശാഖകളിൽ നിന്നു സ്വർണം നഷ്ടമായെന്നാണു ബാങ്കിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ടു ബാങ്കിന്റെ ചേർത്തല ഏരിയ മാനേജർ മീര മാത്യുവിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. നടക്കാവ്, ചേർത്തല ശാഖകൾ ചേർത്തല പൊലീസിലും പട്ടണക്കാട് ശാഖ പട്ടണക്കാട് പൊലീസിലുമാണു പരാതി നൽകുക. പണയസ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടു പൊലീസ് സ്പെഷൽ ബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
നടക്കാവ് ശാഖയിൽ നിന്ന് 11.6 ലക്ഷം രൂപയുടെ സ്വർണം നഷ്ടമായപ്പോൾ ചേർത്തല ശാഖയിൽ നിന്ന് 3.6 ലക്ഷം, പട്ടണക്കാട് ശാഖയിൽ നിന്ന് 6.3 ലക്ഷം രൂപയ്ക്കുള്ള സ്വർണമാണു കാണാതായത് എന്നാണു പ്രാഥമിക നിഗമനം.പണയസ്വർണം നഷ്ടമായ വിവരം പുറത്തറിഞ്ഞതോടെ പണമടച്ചു പരാതി ഒതുക്കിത്തീർക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ നടക്കാവ് ശാഖയിലെ സ്വർണം നഷ്ടമായത് ഉദ്യോഗസ്ഥർ മേലധികാരികളെ അറിയിച്ചതോടെയാണു റീജനൽ ഓഫിസ് ഇടപെട്ടു പരിശോധന നടത്തിയതും ഏരിയ മാനേജർക്കെതിരെ നടപടിയെടുത്തതും.

ഏരിയ മാനേജരുടെ സാന്നിധ്യത്തിൽ നടന്ന സ്റ്റോക്ക് പരിശോധനയ്ക്കിടെയാണു വിവിധ ശാഖകളിൽ നിന്നു സ്വർണം നഷ്ടമായത്. മീര മാത്യുവിനു സ്റ്റോക്ക് പരിശോധനയുടെ ചുമതലയുള്ള ചേർത്തല താലൂക്കിലെ മറ്റു ശാഖകളിൽ കേരള ബാങ്ക് റീജനൽ ഓഫിസിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. ഇവർ നേരത്തേ ജോലി ചെയ്തിരുന്ന ശാഖകളിലെ സ്വർണപ്പണയ ഇടപാടുകളും പരിശോധിക്കുന്നുണ്ട്.