ADVERTISEMENT

മാവേലിക്കര  ∙ പുന്നമ്മൂട്ടിൽ ആറു വയസ്സുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ േകസിലെ പ്രതിയായ അച്ഛൻ ശ്രീമഹേഷ് മാവേലിക്കര സ്പെഷൽ ജയിലിൽ കഴുത്തു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇയാളെ ആദ്യം മാവേലിക്കര ജില്ലാ ആശുപത്രിയിലും രാത്രിയോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ രാത്രി അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. അപകട നില തരണം ചെയ്തിട്ടില്ലെന്നു മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു. ഇന്നലെ വൈകിട്ട് 6.45 നാണ് ആത്മഹത്യാശ്രമം. തെളിവെടുപ്പിനു ശേഷം ജയിലിൽ എത്തിച്ച ശ്രീമഹേഷിനെ ജയിൽ അധികൃതർ വാറന്റ് റൂമിൽ എത്തിച്ചപ്പോഴാണു സംഭവം. റിമാൻഡ് രേഖകൾ ജയിൽ റജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനിടെ മേശമേലുണ്ടായിരുന്ന ബ്ലേഡ് എടുത്ത് കഴുത്തിലും കയ്യിലും സ്വയം മുറിവേൽപിക്കുകയായിരുന്നു. കഴുത്തിലെ മുറിവ് ആഴമുള്ളതാണ്. 

alappuzha-hospital
മാവേലിക്കര പുന്നമ്മൂട് ആനക്കൂട്ടിൽ ശ്രീമഹേഷിനെ മാവേലിക്കര സ്പെഷൽ സബ് ജയിലിൽ കഴുത്തുമുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടർന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ.

ശ്രീമഹേഷിന്റെ (38) അറസ്റ്റ് ഇന്നലെ പകൽ രേഖപ്പെടുത്തിയിരുന്നു. ഉച്ചയോടെ പ്രതിയുമായി, സംഭവം നടന്ന വീട്ടിൽ പൊലീസ് തെളിവെടുപ്പു നടത്തി. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് കാത്തുനിന്ന നൂറുകണക്കിനു നാട്ടുകാർ രൂക്ഷമായി പ്രതിഷേധിച്ചു. സ്ത്രീകൾ ശ്രീമഹേഷിനെതിരെ ശാപവാക്കുകൾ പറഞ്ഞു. തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ ജയിലിൽ എത്തിച്ചപ്പോഴായിരുന്നു ആത്മഹത്യാ ശ്രമം.ബുധനാഴ്ച രാത്രി ഏഴരയോടെയാണു നക്ഷത്ര കൊല്ലപ്പെട്ടത്. നക്ഷത്രയുടെ നിലവിളി കേട്ടു സമീപത്ത്  മകളുടെ വീട്ടിൽ താമസിക്കുന്ന ശ്രീമഹേഷിന്റെ അമ്മ സുനന്ദ (62) ഓടിയെത്തിയപ്പോൾ വെട്ടേറ്റ് കിടക്കുന്ന നക്ഷത്രയാണ് കണ്ടത്. നിലവിളിച്ചു പുറത്തേക്കോടിയ സുനന്ദയെയും ശ്രീമഹേഷ് ആക്രമിച്ചു.

alappuzha-cousins
ഫേബ എൽസ കോശി, നിഷ

സുനന്ദയുടെ കൈക്കും തലയ്ക്കും വെട്ടേറ്റു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരുന്ന സുനന്ദയെ ഇന്നലെ തിരികെ വീട്ടിലെത്തിച്ചു.തന്റെ സുഖജീവിതത്തിനു മകൾ തടസ്സമാകുമെന്ന ചിന്തയിലാണു ശ്രീമഹേഷ് നക്ഷത്രയെ കൊലപ്പെടുത്തിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മാതാവ് സുനന്ദയോടും ശ്രീമഹേഷിനു വിരോധമുണ്ടായിരുന്നെന്നു പ്രഥമ വിവര റിപ്പോർട്ടിലുണ്ട്.നക്ഷത്രയുടെ സംസ്‌കാരം ഇന്നു വൈകിട്ടു 3ന് , പരേതയായ അമ്മ വിദ്യയുടെ പത്തിയൂരിലെ വീട്ടുവളപ്പിൽ നടത്തും. മുള്ളിക്കുളങ്ങര ഗവ. എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് നക്ഷത്ര.


പുനർവിവാഹം: യുവതിയെ ജോലി സ്ഥലത്തെത്തി ശല്യം ചെയ്തു

alappuzha-police-officers
ശ്രീമഹേഷുമായി പൊലീസ് കൊലപാതകം നടന്ന വീട്ടിൽ തെളിവെടുപ്പ് നടത്തുന്നു.

ഭാര്യ വിദ്യ ആത്മഹത്യ ചെയ്തതിനു ശേഷം വൈവാഹിക പംക്തി വഴി ശ്രീമഹേഷ് പുനർവിവാഹത്തിനു ശ്രമിച്ചിരുന്നു.  വനിതാ സിവിൽ പൊലീസ് ഓഫിസറുടെ ആലോചന വന്നെങ്കിലും അന്വേഷണത്തിൽ ശ്രീമഹേഷിനെക്കുറിച്ചു മോശമായ വിവരങ്ങൾ അറിഞ്ഞതോടെ ആ വീട്ടുകാർ വിവാഹത്തിൽ നിന്നു പിന്മാറി. ഇതിന്റെ വിരോധത്തിൽ ശ്രീമഹേഷ് യുവതിയുടെ ജോലി സ്ഥലത്തെത്തി അവരെ ശല്യപ്പെടുത്തി. ഇതു സംബന്ധിച്ച്  മാവേലിക്കര പൊലീസ് സ്റ്റേഷനിൽ കേസുണ്ട്.

alappuzha-people-violence
മാവേലിക്കര പുന്നമ്മൂട്ടിൽ ആനക്കൂട്ടിൽ വീട്ടിൽ പ്രതിയുമായി പൊലീസ് തെളിവെടുപ്പിന് എത്തിയപ്പോൾ തടിച്ചുകൂടിയവർ.


‘ഞാൻ എന്റെ കുഞ്ഞിനെ കൊന്നു,നിങ്ങൾക്കെന്താ?’

മകളെ കൊലപ്പെടുത്തിയതു  ശ്രീമഹേഷ് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നു പ്രാഥമിക നിഗമനം. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തിയ ശ്രീമഹേഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ തടിച്ചുകൂടിയ  ജനക്കൂട്ടം രോഷം പ്രകടിപ്പിച്ചു. അവരോട്, ‘ഞാൻ എന്റെ കുഞ്ഞിനെ കൊന്നു, അതിനു നിങ്ങൾക്കെന്താ’ എന്നാണു  ശ്രീമഹേഷ് പ്രതികരിച്ചത്. സംഭവ ദിവസം നക്ഷത്രയുമായി ബീച്ചിൽ പോയ ശ്രീമഹേഷ് , മരിച്ചുപോയ ഭാര്യ വിദ്യയുടെ വീട്ടിലേക്കു അവിടെവച്ച് ഫോൺ വിളിച്ചിരുന്നു. നക്ഷത്രയുമായി സംസാരിച്ചപ്പോൾ അടുത്തദിവസം പത്തിയൂരിലെ വീട്ടിലേക്കു വരാമെന്നു പറഞ്ഞാണു ഫോൺ വച്ചതെന്നു വീട്ടുകാർ പറഞ്ഞു.

ഓടിയെത്തിയവർക്ക് നേരെ മഴു വീശി

വലിയ ബഹളം കേട്ടു പുന്നമ്മൂട് ചന്തയ്ക്കു കിഴക്കുള്ളവർ ഓടിയെത്തിയപ്പോൾ കയ്യിൽ മഴുവുമായി കൊലവിളി നടത്തുന്ന ശ്രീമഹേഷിനെയാണു കണ്ടത്. കൈക്കും തലയിലും വെട്ടേറ്റ് ഓടിയ സുനന്ദ,   ‘അവൻ കുഞ്ഞിനെ കൊന്നു’ എന്നു പറഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്നു. ഓടിയെത്തിയ അയൽവാസികൾ വീടിനുള്ളിലേക്കു കടക്കാൻ ശ്രമിച്ചപ്പോൾ ശ്രീമഹേഷ് മഴു വീശി അക്രമാസക്തനായി. പൊലീസ് സംഘമെത്തിയാണു ശ്രീമഹേഷിനെ കീഴ്പ്പെടുത്തിയത്. ഭാര്യ വിദ്യ മരിച്ചതിനു ശേഷം മകൾ നക്ഷത്രയ്ക്കൊപ്പം പുന്നമ്മൂട് ആനക്കൂട്ടിൽ വീട്ടിലായിരുന്നു ശ്രീമഹേഷ് താമസിച്ചിരുന്നത്. ആദ്യം ഇരുവർക്കും ഒപ്പം താമസിച്ചിരുന്ന ശ്രീമഹേഷിന്റെ അമ്മ സുനന്ദ ഏതാനും നാളുകളായി സമീപത്തു തന്നെ മറ്റൊരു മകളുടെ വീട്ടിലാണു താമസം. ദിവസവും വൈകിട്ടു മകളുമായി സ്കൂട്ടറിലോ കാറിലോ ശ്രീമഹേഷ് സവാരിക്കിറങ്ങുമായിരുന്നു. മകളുമായി ശ്രീമഹേഷിന് ഏറെ അടുപ്പമായിരുന്നെന്നു തോന്നിപ്പിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രീമഹേഷ് തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.


മഴു ഉണ്ടാക്കിച്ചത് മരം മുറിക്കാനെന്നു പറഞ്ഞ്

നക്ഷത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മഴു പുന്നമ്മൂട് സ്വദേശിയെക്കൊണ്ടു ശ്രീമഹേഷ് ഉണ്ടാക്കിച്ചത് വീട്ടിലെ മരം മുറിക്കാനെന്നു പറഞ്ഞാണ്. പ്രതി കൊലപാതകം ആസൂത്രണം ചെയ്തിരുന്നു എന്നതിന്റെ സൂചനയാണ് ഇതെന്നാണു പൊലീസിന്റെ നിഗമനം. സിഐ: സി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കൊലപാതകം നടന്ന വീട്ടിൽ എത്തിച്ചത്. സയന്റിഫിക് ഓഫിസർ അഖിൽ കുമാർ, വിരലടയാള വിദഗ്ധ പി.പ്രതിഭ, പൊലീസ് അസിസ്റ്റന്റ് ഫൊട്ടോഗ്രഫർ രണധീർ എന്നിവരുടെ നേതൃത്വത്തിലുള്ള ഫൊറൻസിക് സംഘം സ്ഥലത്തു ശാസ്ത്രീയ പരിശോധന നടത്തി.

ആനക്കൂട്ടിൽ വീട്: 5 വർഷത്തിനിടെ 3 ദുരന്തങ്ങൾ

ദുരന്തങ്ങൾ വിട്ടൊഴിയാതെ പുന്നമ്മൂട് ആനക്കൂട്ടിൽ വീട്. 5 വർഷത്തിനിടെ 3 ദുരന്തങ്ങളാണു കുടുംബത്തെ  ദുഃഖത്തിലാക്കിയത്. ആദ്യം ശ്രീമഹേഷിന്റെ പിതാവ് ശ്രീമുകുന്ദൻ മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ചിരുന്നു. വീട്ടിലെത്തിയ ബന്ധുവിനെ ട്രെയിനിൽ കയറ്റി വിടാൻ സ്റ്റേഷനിലെത്തി മടങ്ങവേ ശ്രീമുകുന്ദൻ മറ്റൊരു ട്രാക്കിലൂടെയെത്തിയ ട്രെയിൻ തട്ടി മരിക്കുകയായിരുന്നു. പിന്നീടാണു ശ്രീമഹേഷിന്റെ ഭാര്യ വിദ്യ വീടിനുള്ളിൽ ജീവനൊടുക്കിയത്. ശ്രീമഹേഷിന്റെ ക്രൂരമായ പീഡനം മൂലമാണു വിദ്യ ജീവനൊടുക്കിയതെന്നു നാട്ടുകാർ പറയുന്നു. അമ്മയുടെ മരണത്തിനു ശേഷം ഒന്നര വർഷത്തിനുള്ളിൽ മകൾ നക്ഷത്ര പിതാവിന്റെ കൈയാൽ കൊല്ലപ്പെട്ടതോടെ ആനക്കൂട്ടിൽ വീട്ടിൽ മൂന്നാമത്തെ ദുരന്തവുമെത്തി.


മകളെ കൊന്നിട്ട് ആത്മഹത്യയ്ക്ക് പദ്ധതിയിട്ടെന്ന് ശ്രീമഹേഷ്

മാവേലിക്കര ∙ മകളെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനാണു പദ്ധതിയിട്ടതെന്നും എന്നാൽ മകളുടെ കഴുത്തു മുറിഞ്ഞു ചോര തെറിച്ചതോടെ ധൈര്യം ചോർന്നു പോയതായും ശ്രീമഹേഷ് പൊലീസിനോടു പറഞ്ഞു. ഭാര്യ നേരത്തെ ആത്മഹത്യ ചെയ്തതിനാൽ പുനർവിവാഹത്തിന് ശ്രമിച്ചിരുന്നു. എന്നാൽ ആലോചനകൾ പലതും മുടങ്ങി. ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്ന തോന്നൽ ശക്തമായതോടെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. മകൾ അനാഥയാകുമെന്ന ചിന്തയിൽ മകളെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. അതു സാധിച്ചില്ല. സിറ്റൗട്ടിലിരുന്നു ടാബിൽ കളിച്ചിരുന്ന നക്ഷത്രയെ വെട്ടിയശേഷം മഴു കട്ടിലിനടിയിലാണു സൂക്ഷിച്ചിരുന്നത്. പുന്നമ്മൂട്ടിൽ തന്നെയുള്ള ഒരാളെക്കൊണ്ടാണു മഴു ഉണ്ടാക്കിച്ചത്– ശ്രീമഹേഷ് പൊലീസിനോടു പറഞ്ഞു. ശ്രീമഹേഷിന്റെ മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. സംഭവസമയത്തു പ്രതി മദ്യപിച്ചിരുന്നതായി ജില്ലാ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

നടുക്കം മാറാതെ നിഷയും ഫേബയും

മാവേലിക്കര ∙ രാത്രി ഏഴരയോടെ റോഡിൽ ബഹളം കേട്ടപ്പോൾ ആദ്യം നായ്ക്കൾ കടിപിടി കൂടുകയാണെന്നാണു കരുതിയത്, പിന്നീട് നിലവിളി പോലെ തോന്നിയപ്പോഴാണു പുറത്തേക്കിറങ്ങി നോക്കിയത്. മൊബൈൽ ടവറിനു സമീപത്തെത്തി നോക്കിയപ്പോൾ തലയിൽ കൈ അമർത്തി പുന്നമ്മൂട് ആനക്കൂട്ടിൽ സുനന്ദ നിൽക്കുന്നതു കണ്ടു. ഓടിച്ചെന്ന് അമ്മയെ പിടിച്ചു വേഗം വീട്ടിലേക്കു കൊണ്ടുപോയി, അപ്പോഴും ഭീഷണിയുമായി ശ്രീമഹേഷ് പിന്നിലുണ്ടായിരുന്നു. മുഖത്തു കൂടി രക്തം ഒഴുകുന്നുണ്ടായിരുന്നു. വീട്ടിലെത്തി വെള്ളം കുടിക്കാൻ കൊടുത്തപ്പോൾ,  മക്കളേ അവൻ കുഞ്ഞിനെയും കൊല്ലുംഎന്നു സുനന്ദ അമ്മച്ചി പറഞ്ഞു–പുന്നമ്മൂട് മഠത്തിൽ പറമ്പിൽ നിഷ, പ്ലസ്ടു വിദ്യാർഥിനിയായ മകൾ ഫേബ എൽസ കോശി എന്നിവരുടെ വാക്കുകളിൽ ഇപ്പോഴും ഭയം. നക്ഷത്ര വീടിനു അകത്തുള്ളത് അറിഞ്ഞതോടെ ഫേബ ഓടി ആനക്കൂട്ടിൽ വീടിനു മുന്നിലെത്തിയപ്പോൾ ഏറെ ആളുകളുണ്ട്.

കുഞ്ഞ് അകത്തുണ്ടെന്നു നാട്ടുകാരോട്  ഫേബ പറഞ്ഞപ്പോൾ ശ്രീമഹേഷ് അകത്തേക്കു കയറാൻ അനുവദിച്ചില്ല. പൊലീസെത്തി ശ്രീമഹേഷിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. ഗ്രിൽ തുറന്ന് അകത്തു കടന്നപ്പോഴാണു സിറ്റൗട്ടിൽ സോഫയിൽ ചരിഞ്ഞു കിടക്കുന്ന നക്ഷത്രയെ കണ്ടത്. അപ്പോഴും രക്തം  ഒഴുകുന്നുണ്ടായിരുന്നു. മോളെ ആശുപത്രിയിൽ വേഗം കൊണ്ടുപോകൂ എന്നു ഫേബ അലറി വിളിച്ചപ്പോൾ,  വൈകിപ്പോയി എന്നാണു കൂടി നിന്നവർ തേങ്ങലോടെ പറഞ്ഞത്. സിറ്റൗട്ടിലെ മേശപ്പുറത്ത് ഒരു ടാബ് തുറന്നിരിക്കുന്നുണ്ടായിരുന്നു. നക്ഷത്ര അതിൽ കളിക്കവേയാണ്  അവൻ ക്രൂരത കാട്ടിയതെന്നു നിഷയും ഫേബയും രോഷത്തോടെ പ്രതികരിച്ചു.


പ്രതിയെ കണ്ട് ക്ഷുഭിതരായി നാട്ടുകാർ

മാവേലിക്കര ∙ ‘‘സ്വന്തം ചോരയിലുള്ള മകളെ വെട്ടിക്കൊന്നവനെ മാനസിക രോഗിയായി ചിത്രീകരിച്ചു രക്ഷപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ല, അവനെ വിട്ടു തരൂ, ഞങ്ങൾ ശിക്ഷിക്കാം, അല്ലെങ്കിൽ ഞങ്ങളുടെ മുന്നിലിട്ട് അവന് ഇടി കൊടുക്കൂ, ആരും വിഡിയോ എടുക്കില്ല”- ആറു വയസ്സുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ അച്ഛൻ ശ്രീമഹേഷിനെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ ക്ഷുഭിതരായ നാട്ടുകാർ ആക്രോശിച്ചു. വൻ പൊലീസ് അകമ്പടിയോടെ എത്തിച്ച പ്രതിയെ ജനക്കൂട്ടത്തിന്റെ രോഷത്തിൽ നിന്നു രക്ഷിക്കാൻ വീടിന്റെ ഗേറ്റ് പൊലീസ്  പൂട്ടിയിരുന്നു. ‘അവനെന്താ വലിയ രാജാവാണോ ഇത്രത്തോളം സംരക്ഷണം നൽകാൻ, അവനെ ഇറക്കിവിടൂ’ എന്നു  നാട്ടുകാർ വിളിച്ചുപറഞ്ഞു. ഇതിനിടെ ഒരു ഓൺലൈൻ ചാനലിന്റെ റിപ്പോർട്ടറെയും ക്യാമറമാനെയും ചിലർ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.

English Summary: Alappuzha murder case: FIR Report 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com