ADVERTISEMENT

ആലപ്പുഴ∙ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി തുടങ്ങും. ഇനി 52 ദിവസം തീരക്കടൽ സജീവമാകും. പരമ്പരാഗത യാനങ്ങൾക്കു കൂടുതൽ മത്സ്യക്കൊയ്ത്തു ലഭിക്കുമെന്നാണ് പ്രതീക്ഷ. വർഷങ്ങൾക്കു ശേഷം മത്തിയുടെയും അയലയുടെയും ലഭ്യത വർധിച്ചത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമാകുന്നുണ്ട്. തീരക്കടൽ മത്സ്യബന്ധനത്തിൽ ഇത്തരം ഇനങ്ങളാണ് ഏറെയും ലഭിക്കുക. 12 നോട്ടിക്കൽ മൈൽ (22.22 കിലോമീറ്റർ) അകലെ വരെയുള്ള ഭാഗമാണ് തീരക്കടൽ. ജില്ലയിലെ യാനങ്ങളിൽ 90% പരമ്പരാഗത രീതിയിലുള്ളവയാണ് ജൂലൈ 31 വരെയുള്ള 52 ദിവസമാണ് നിരോധനം. സംസ്ഥാനത്ത് ആദ്യമായി ട്രോളിങ് നിരോധിച്ചത് 1988ൽ ആണ്. പിന്നീട് പല വർഷവും നിരോധന ദിവസങ്ങളുടെ കാര്യത്തിൽ ഏറ്റക്കുറച്ചിലുണ്ടായി. നിരോധന കാലത്ത് ട്രോളിങ് ബോട്ടുകൾ കൂട്ടമായി കടലിനോടു ചേർന്നുള്ള കായൽ പ്രദേശത്തു കെട്ടിയിടുകയാണു പതിവ്. ഈ സമയം ബോട്ടുകളുടെ അറ്റകുറ്റപ്പണിക്കു വിനിയോഗിക്കും.

പാടില്ല, ഈ വലകൾ

നിരോധന കാലത്ത് ട്രോളിങ് വല, ഗിൽനെറ്റ്, പഴ്സ് സീൻ തുടങ്ങിയ വലകൾ ഉപയോഗിക്കരുതെന്നാണ് നിയമം. ട്രോളിങ് ബോട്ടുകളിലാണ് ഇത്തരം വലകൾ ഉപയോഗിക്കാറുള്ളത്. വളരെ ചെറിയ കണ്ണികൾ ഉള്ളവയായതിനാൽ മീൻകുഞ്ഞുങ്ങൾ നശിക്കും എന്നതിനാലാണ് ഇവയ്ക്കു വിലക്ക്. അതേസമയം, ചില പരമ്പരാഗത വള്ളങ്ങളിലും ഇത്തരം ദോഷകരമായ വലകൾ ഉപയോഗിക്കുന്നുണ്ടെന്നു ട്രോളിങ് ബോട്ടുകാർ ആരോപിക്കുന്നു.

ഹാർബറുകളിൽ നിരീക്ഷണം

നിരോധന കാലത്ത് ഹാർബറുകളിലും മറ്റും ഫിഷറീസ് വകുപ്പ് നിരീക്ഷണം ശക്തമാക്കും. ഇത്തവണ ഇതിനായി രണ്ടു വള്ളങ്ങൾ അധികമായി എടുത്തിട്ടുണ്ട്. എല്ലാ വർഷവും രണ്ടു ബോട്ടുകളാണ് നിരീക്ഷണത്തിന് ഉപയോഗിച്ചിരുന്നത്. അഴീക്കൽ, കൊച്ചി തുറമുഖങ്ങളുമായി ബന്ധപ്പെട്ടാണു ബോട്ടുകൾ രക്ഷാപ്രവർത്തനത്തിനും മറ്റുമായി പ്രവർത്തിക്കുക. കടൽ രക്ഷാ സ്ക്വാഡിലെ ആറുപേരെ ഇവയിൽ നിയോഗിക്കും. അർത്തുങ്കൽ, തോട്ടപ്പള്ളി ഹാ‍ർബറുകളിലും വലിയഴീക്കലിലും പുതുതായി എടുത്ത വള്ളങ്ങളിൽനിന്നു നിരീക്ഷണമുണ്ടാകും. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്കു തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്.

ജില്ല ‘ട്രോളു’ന്നത് അയലത്തെ ഹാർബറുകളിൽ

ജില്ലയിൽ ട്രോളിങ് ബോട്ടുകൾ വളരെ കുറവായതിനാൽ നിരോധനം ജില്ലയിലെ മത്സ്യമേഖലയെ കാര്യമായി ബാധിക്കില്ലെന്നു പറയാം. ജില്ലയിൽ 20ൽ താഴെ ട്രോളിങ് ബോട്ടുകളെ റജിസ്റ്റർ ചെയ്തിട്ടുള്ളൂ എന്നാണു വിവരം. ഇവ തന്നെ ജില്ലയിൽനിന്നല്ല കടലിൽ പോകുന്നത്. ജില്ലയുടെ തെക്കേ അതിർത്തിക്കടുത്ത് അഴീക്കൽ ഹാർബറിൽനിന്നും വടക്ക് വൈപ്പിൻ, മുനമ്പം ഹാർബറുകളിൽനിന്നുമാണ് അവ പോകുന്നത്. ജില്ലയിൽ തോട്ടപ്പള്ളിയിലും അർത്തുങ്കലിലും ഹാർബറുകൾ ഉണ്ടെങ്കിലും ട്രോളിങ് ബോട്ടുകൾ പ്രവേശിക്കാൻ അവിടെ സൗകര്യമില്ല. ഈ ഭാഗങ്ങളിൽ കടൽ അത്ര ശാന്തമല്ലാത്തതാണു കാരണം.

വിലക്കില്ലാതെ ദുരിതം 

ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലായി അയ്യായിരത്തോളം തൊഴിലാളികളാണ് കടലിൽ മത്സ്യബന്ധനം നടത്തി ജീവിക്കുന്നത്. ട്രോളിങ് നിരോധനകാലത്തെ ജീവിതം അവർക്ക് കഷ്ടപ്പാടിന്റേതാണ്. വലിയഴീക്കൽ കുന്നുംപുറത്ത് സുമേഷ് ദേവരാജൻ പറയുന്നു: ട്രോളിങ് നിരോധനം ശാസ്ത്രീയമായി അനിവാര്യമാണെങ്കിലും മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമാകും. ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കൊപ്പം കായലിൽ പോകാറുണ്ടെങ്കിലും ചില മേഖലകളിൽ അതിനും അനുവദിക്കാറില്ല. അപ്പോൾ മറ്റു ജോലികൾ തേടി പോകും. അല്ലെങ്കിൽ 10 മാസത്തെ വരുമാനത്തിൽനിന്നു മിച്ചം വച്ചു 2 മാസം കഴിയണം.

അതിനുള്ളതൊന്നും ഇപ്പോൾ കിട്ടാറില്ല. ഇന്ധനച്ചെലവു കൂടിയതും കടലിൽ മീൻ കുറഞ്ഞതുമാണു കാരണം. ട്രോളിങ് നിരോധന സമയത്ത് ബോട്ടുകൾ യാർഡിൽ കയറ്റണം. അതിനും വേണം നല്ലൊരു തുക. പ്രളയ സമയത്തു ഞങ്ങളെ സർക്കാർ കാവൽ മാലാഖമാരെന്നു വിളിച്ചു. പക്ഷേ, ഞങ്ങളുടെ ജീവനും സ്വത്തിനും കാവലാകാൻ ഇവിടെ ഒരു അധികാരിയുമില്ല. പലരും കരുതുന്നത് ട്രോളിങ് അനുവദിച്ചിട്ടുള്ള സമയത്തു ബോട്ടുകാർക്കു നല്ല വരുമാനമാണെന്നാണ്. ഓരോ തവണയും കടലിൽ പോകുന്നത് പ്രതീക്ഷയോടെയാണ്. പക്ഷേ, ഈ സീസണിൽ മത്സ്യലഭ്യത കുറവായിരുന്നു. അമിതചൂടാകാം കാരണം – ട്രോളിങ് ബോട്ട് തൊഴിലാളിയായ അന്ധകാരനഴി മാവേലി തയ്യിൽ വിൻസെന്റ് പറയുന്നു. 

10 വർഷമായി ഫിഷിങ് ബോട്ടിൽ മത്സ്യബന്ധനത്തിനായി പോകാൻ തുടങ്ങിയിട്ട്. 4 – 10 ദിവസം ചിലപ്പോൾ ആഴക്കടലിൽ കഴിയേണ്ടിവന്നിട്ടുണ്ട്. വല്ലപ്പോഴുമാണ് വീട്ടിലെത്താൻ കഴിയുക. ട്രോളിങ് സമയത്ത് മറ്റ് ജോലികൾക്കൊന്നും പോകാറില്ല. പണിയുള്ളപ്പോൾ കിട്ടുന്ന തുക ഉപയോഗിച്ചാണ് ട്രോളിങ് സമയത്ത് വീട്ടു ചെലവ് കഴിയുന്നത്. എന്നാൽ, ഇത്തവണ അത്ര മെച്ചപ്പെട്ട പണിയൊന്നും ലഭിച്ചിരുന്നില്ല. കൊല്ലം നീണ്ടകര ഹാർബറിൽ നിന്നാണ് കടലിൽ പോകുന്നത്. ഉപരിതല മത്സ്യങ്ങളായ മത്തി, അയല എന്നിവയുടെ പ്രജനനം മേയ്– ജൂലൈ മാസങ്ങളിലായതിലാണ് കേരളത്തിൽ ഈ സമയത്തു ട്രോളിങ് നിരോധനം. ഈ രണ്ടു മത്സ്യങ്ങളുടെ ജീവിതചക്രം ഇങ്ങനെ

മത്തി 

ഒരുതവണ 75000 വരെ മുട്ടകൾ വെള്ളത്തിലൂടെ ഒഴുകിനടക്കുന്ന മുട്ടകൾ 24 മണിക്കൂറിനുള്ളിൽ വിരിഞ്ഞ് ലാർവകളായി മാറുംലാർവകൾ 3–4 ദിവസത്തിനുള്ളിൽ മീനുകളായി മാറും 6 മാസം കൊണ്ട് 7–8 സെന്റിമീറ്റർ നീളമെത്തും. (10 സെന്റിമീറ്ററിൽ കുറവുള്ള മത്തിക്കുഞ്ഞുങ്ങളെ പിടിക്കുന്നതിനാണു കേരളതീരത്ത് നിരോധനം) ഒരു വർഷം കൊണ്ട് 12–13 സെന്റിമീറ്റർ നീളമെത്തും. മുട്ടയിടാൻ തുടങ്ങും രണ്ടര വർഷമാണ് മത്തികളുടെ ആയുസ്സ്. രണ്ടര വർഷം കൊണ്ട് 18 സെന്റിമീറ്റർ നീളം വയ്ക്കും. 

അയല

ഒരു വർഷം കൊണ്ട് അയല 17–18 സെന്റിമീറ്റർ നീളമെത്തും. മുട്ടയിടാൻ തുടങ്ങും 3വർഷമാണ് അയലകളുടെ ആയുസ്സ്. 3 വർഷം കൊണ്ട് 25 സെന്റിമീറ്റർ വരെ നീളം വയ്ക്കും മുട്ടകൾ 24 മണിക്കൂറിനുള്ളിൽ വിരിഞ്ഞ് ലാർവകളായി മാറും6 മാസം കൊണ്ട് അയല 8-9 സെന്റിമീറ്റർ നീളമെത്തും. (14 സെന്റിമീറ്ററിൽ കുറവുള്ള അയലക്കുഞ്ഞുങ്ങളെപിടിക്കുന്നതിനാണു കേരളതീരത്ത് നിരോധനം) അയല ഒരുതവണ 78000 വരെ മുട്ടകൾ ഇടും

ഈ നിയന്ത്രണം മത്സ്യസമ്പത്തിനു വേണ്ടി

‘പ്രജനന കാലത്ത് ഒരു മത്തി വലയിൽ കുടുങ്ങിയാൽ ഇല്ലാതാകുന്നത് 75,000 മത്തിമുട്ടകളാണ്. അവയിൽ പാതിയെങ്കിലും മത്സ്യക്കുഞ്ഞുങ്ങളാകും. മത്സ്യങ്ങളുടെ പ്രജനനകാലത്ത് മത്സ്യബന്ധനത്തിനു നിയന്ത്രണം ഏർപ്പെടുത്തുന്നതു  മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനാണ്’– കേരള ഫിഷറീസ് സർവകലാശാലയിലെ റിട്ട.റജിസ്ട്രാർ ഡോ. ബി.മനോജ്കുമാർ പറഞ്ഞു. ഉപരിതല മത്സ്യങ്ങളായ മത്തി, അയല എന്നിവയുടെ പ്രജനനം മേയ്– ജൂലൈ മാസങ്ങളിലാണ്. പ്രജനനകാലത്ത് മുട്ടയിടുന്നതിനായി ഇവ ആഴക്കടലിലേക്കു നീങ്ങും. ഇതിനാലാണ് മൺസൂൺ കാലത്ത് ട്രോളിങ് വലകൾ ഉപയോഗിച്ചുള്ള ആഴക്കടൽ മത്സ്യബന്ധനം നിരോധിക്കുന്നത്. കടലിന്റെ അടിത്തട്ടിൽ യന്ത്രസഹായത്തോടെയുള്ള വലകൾ ഉപയോഗിച്ച് അരിച്ചെടുക്കുകയാണു ട്രോളിങ് ബോട്ടുകൾ ചെയ്യുക. ഇടതൂർന്ന കണ്ണികളുള്ള വലകൾ വളർച്ചയെത്താത്ത കുഞ്ഞു മീനുകളെ മുതൽ പ്രജനനകാലം അടുത്ത മീനുകളെ വരെ കുരുക്കും, ഇതു മത്സ്യസമ്പത്ത് നശിക്കുന്നതിനു കാരണമാകും.

പ്രജനന കാലത്തു മത്സ്യബന്ധനം നടത്തിയാൽ 20 വർഷംകൊണ്ടു മീനുകൾ തീരമൊഴിയുമെന്നും ചാകരയെന്നത് ഓർമകളിലെ പ്രതിഭാസമായി മാറുമെന്നും ഫിഷറീസ് വിദഗ്ധർ പറയുന്നു. അയലയും മത്തിയും ചൂരയും ഉൾപ്പെടെ 58 ഇനം മത്സ്യക്കുഞ്ഞുങ്ങളെ കേരളതീരത്തു നിന്നു പിടിക്കുന്നത് ആറു വർഷം മുൻപു സർക്കാർ നിരോധിച്ചിരുന്നു. ടൺ കണക്കിനു മത്സ്യക്കുഞ്ഞുങ്ങളെ സംസ്ഥാനത്തിനു പുറത്തുള്ള മത്സ്യത്തീറ്റ, വളം നിർമാണ കേന്ദ്രങ്ങളിലേക്കു കയറ്റി അയയ്ക്കുന്നുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു നിരോധനം. നിശ്ചിത വലുപ്പത്തിൽ കുറവുള്ള മീൻകുഞ്ഞുങ്ങളെ പിടിക്കുന്നതിനാണ് നിയന്ത്രണം.

ആഴക്കടൽ മത്സ്യങ്ങളായ ചെമ്മീൻ, കിളിമീൻ, കണവ, കൂന്തൽ തുടങ്ങിയവയുടെ  പ്രജനന കാലം  സെപ്റ്റംബർ– നവംബർ മാസങ്ങളാണ്. ഇതിന്റെ അടിസ്ഥാനത്തിൽ  ഒക്ടോബർ – നവംബർ മാസങ്ങളിൽ കൂടി ട്രോളിങ് നിരോധനം നടപ്പാക്കാൻ വിദഗ്ധ സമിതി നേരത്തെ ശുപാർശ ചെയ്തിരുന്നു. എന്നാൽ ട്രോളിങ് കാലം നീളുന്നതു  മത്സ്യത്തൊഴിലാളികളുടെ ദുരിതം വർധിപ്പിക്കുമെന്നതു കണക്കിലെടുത്ത് സർക്കാർ ഈ നിർദേശം പരിഗണിച്ചിട്ടില്ല.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com