ADVERTISEMENT

എഐ ക്യാമറകൾക്കു പിഴച്ചു; പരാതിയുമായി യാത്രക്കാർ

ആലപ്പുഴ ∙ ജില്ലയിലില്ലാത്ത വാഹനത്തിൽ മുഹമ്മയിലൂടെ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തെന്നു കാണിച്ചു പിഴയടയ്ക്കാൻ മോട്ടർ വാഹന വകുപ്പ് നോട്ടിസ് നൽകി. മുഹമ്മയിലെ എഐ ക്യാമറ പകർത്തിയ ചിത്രം സഹിതമാണ് ആലപ്പുഴ സ്വദേശിനി സമീന ലത്തീഫിന് 500 രൂപ പിഴയടയ്ക്കാൻ നോട്ടിസ് നൽകിയത്. സമീനയുടെ 5482 എന്ന നമ്പറിൽ അവസാനിക്കുന്ന ഇരുചക്ര വാഹനത്തിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്തെന്നാണു നോട്ടിസിലുള്ളത്. എന്നാൽ, ഈ വാഹനം തൊടുപുഴയിൽ ബന്ധുവിന്റെ വീട്ടിലാണ്. നോട്ടിസിലെ ചിത്രത്തിലുള്ളത് 3482 എന്ന നമ്പറിൽ അവസാനിക്കുന്ന മുച്ചക്ര വാഹനമാണ്. ഇതാണു നിയമലംഘനം നടത്തിയത്.

മറ്റൊരു സംഭവത്തിൽ, തട്ടാരമ്പലത്തിലെ എഐ ക്യാമറ കാറിന്റെ മുൻസീറ്റിൽ ഡ്രൈവർക്കൊപ്പമുണ്ടായിരുന്നയാൾ സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്നതിനു വാഹന ഉടമയ്ക്കു നോട്ടിസ് നൽകി. എന്നാൽ കാറിൽ മുൻപിലിരുന്ന രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടെന്നു നോട്ടിസിലെ ചിത്രത്തിൽ വ്യക്തമാണ്. കോട്ടയം സ്വദേശി ഷൈനു ജോൺ ഏബ്രഹാമിനാണ് 500 രൂപ പിഴ അടയ്ക്കാൻ നോട്ടിസ് ലഭിച്ചത്.വാഹന ഉടമകൾ പരാതിയുമായി എത്തിയാൽ പരിശോധിക്കാമെന്നും നിയമലംഘനം നടത്തിയിട്ടില്ലെന്നു വ്യക്തമായാൽ പിഴ ഒഴിവാക്കി നൽകുമെന്നും മോട്ടർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.

എഐ ക്യാമറകൾ സ്ഥാപിച്ചതോടെ ജില്ലയിലെ അപകടങ്ങളിൽ 37% കുറവെന്നു മോട്ടർ വാഹന വകുപ്പ്. മുൻ മാസങ്ങളിലെ അപകടക്കണക്കും ഏപ്രിൽ 20 മുതൽ മേയ് 20 വരെയുള്ള ഒരുമാസത്തെ കണക്കുമായുള്ള താരതമ്യത്തിലാണ് കുറവ് കണ്ടത്. എഐ ക്യാമറകൾ വഴി പിഴ ഈടാക്കുമെന്ന ഭയം വന്നതോടെ ആളുകൾ നിയമം പാലിക്കാൻ തുടങ്ങിയെന്നാണു വിലയിരുത്തൽ. എന്നാൽ ഈ കാലയളവിൽ എഐ ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും പ്രവർത്തിച്ചു തുടങ്ങിയിരുന്നില്ല. 

ജില്ലയിൽ 1984 നോട്ടിസുകൾ

എഐ ക്യാമറകൾ കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് ജില്ലയിൽ 1984 നോട്ടിസുകളാണ് ഇന്നലെ വരെ അയച്ചത്. സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രയ്ക്കാണു കൂടുതൽ നോട്ടിസുകൾ അയച്ചത്. ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര, ഡ്രൈവിങ്ങിനിടെയുള്ള ഫോൺ ഉപയോഗം, ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര എന്നിവയും ജില്ലയിലെ ക്യാമറകളിൽ പതിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com