ചെങ്ങന്നൂർ ∙ മാവേലിക്കര –കോഴഞ്ചേരി റോഡിലെ 2 റെയിൽവേ അടിപ്പാതകളിലും ദുരിതയാത്ര നടത്തുന്ന തങ്ങളുടെ ഗതികേട് എന്ന് അവസാനിക്കുമെന്നാണ് യാത്രക്കാരുടെ ചോദ്യം. ചെങ്ങന്നൂർ പേരിശേരി അടിപ്പാതയിൽ സിമന്റു കട്ടകൾ ഇളകിക്കിടക്കുന്നതിനാൽ അപകടം പതിവാണ്. ഇരുചക്ര വാഹന യാത്രികരാണ് അപകടത്തിൽപെടുന്നതിലേറെയും. പല തവണ പരാതിപ്പെട്ടിട്ടും പൊതുമരാമത്ത് വിഭാഗം ഇതു നന്നാക്കാൻ തയാറാകുന്നില്ല.

ചെറിയനാട് മാമ്പള്ളിപ്പടി അടിപ്പാത തകർന്നു തരിപ്പണമായിട്ടു കാലമേറെയായി. ചെറിയ മഴയ്ക്കു പോലും അടിപ്പാതയിലെ കുഴികളിൽ വെള്ളം നിറയും. പിന്നീട് യാത്ര അപകടവരമ്പിലൂടെയാകും. കഴിഞ്ഞ ദിവസം പഞ്ചായത്തംഗം എം. രജനീഷിന്റെ നേതൃത്വത്തിൽ അടിപ്പാതയ്ക്കു സമീപത്തെ കാടു വെട്ടിത്തെളിച്ചു. പാതയോരത്തെ വെള്ളം ഒഴുക്കി വിടുകയും ചെയ്തു. അടിപ്പാത നന്നാക്കാൻ കൊടിക്കുന്നിൽ സുരേഷ് എംപിക്കും റെയിൽവേ, പൊതുമരാമത്ത് വകുപ്പുകൾക്കും പരാതി നൽകുമെന്ന് രജനീഷ് പറഞ്ഞു.