യാത്രാ തടസ്സമായി നദി നിറയെ പോള
Mail This Article
എടത്വ ∙ നദിയിൽ തിങ്ങിനിറഞ്ഞ പോള യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുന്നതായി പരാതി. എടത്വ ചമ്പക്കുളം റൂട്ടിൽ ചങ്ങങ്കരി മുതൽ തായങ്കരി വരെയുള്ള രണ്ടു കിലോമീറ്റർ ദൂരത്തിലാണ് പോള തിങ്ങിക്കിടക്കുന്നത്. ബോട്ടിന്റെ പ്രൊപ്പല്ലറിൽ പോള കുടുങ്ങുന്നതിനാൽ മിക്ക സമയവും ബോട്ട് നിന്നു പോകുകയും പോള നീക്കം ചെയ്ത ശേഷം യാത്ര തുടരുകയുമാണ് ചെയ്യുന്നത്. ഇതു കാരണം സമയം വൈകിയാണ് യാത്ര നടത്തുന്നത്.
തായങ്കരി – ചമ്പക്കുളം റോഡിന്റെ നിർമാണ പ്രവർത്തനം നടക്കുന്നതിനാൽ സ്കൂൾ ബസ് അടക്കം ഒരു വാഹനങ്ങളെയും റോഡിലൂടെ കടത്തി വിടുന്നില്ല. ബോട്ടിനെയാണ് ആശ്രയിക്കുന്നത്. വലിയ തിരക്കാണ് ബോട്ടിൽ. രണ്ടു ബോട്ടാണ് ഉള്ളത്. അത് പോള കാരണം വൈകിയാണ് സഞ്ചരിക്കുന്നത്. പാടശേഖരങ്ങളിൽ കൃഷിയുടെ ഒരുക്കങ്ങൾ തുടങ്ങിയതിനാൽ പാടത്തു നിന്നും വലിയ തോതിലാണ് പോള നദിയിലേക്കു ഒഴുക്കി വിടുന്നത്. ഇതാണ് നദിയിൽ പോള നിറയാൻ കാരണമെന്നാണ് യാത്രക്കാർ പറയുന്നത്.