വിശപ്പുരഹിത പദ്ധതിയിൽ അരി ക്ഷാമം രൂക്ഷം; നാട്ടുകാരുടെ സഹായം തേടി സംഘാടകർ

Mail This Article
കലവൂർ∙ കിടപ്പ് രോഗികൾക്കു നിത്യേന വീടുകളിൽ ഭക്ഷണം എത്തിക്കുന്ന വിശപ്പുരഹിത പദ്ധതിയിൽ അരി ക്ഷാമം, നാട്ടുകാരുടെ സഹായം തേടുന്നു. പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് മണ്ണഞ്ചേരി, മുഹമ്മ, ആര്യാട്, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലെ നാനൂറോളം കുടുംബങ്ങൾക്കു ദിവസവും രണ്ടു നേരത്തെ ഭക്ഷണം നൽകുന്ന പദ്ധതിയാണിത്. കൂടാതെ മംഗളാപുരം മരിയൻ മാനസികാരോഗ്യ കേന്ദ്രം, പാതിരപ്പള്ളി കാരുണ്യ ദീപം, കാട്ടൂർ മരിയ ഭവൻ, കലവൂർ സ്നേഹഭവൻ എന്നീ സ്ഥാപനങ്ങളിലും ആഴ്ചയിൽ ഒരു ദിവസം ഭക്ഷണം എത്തിക്കുന്നുണ്ട്.
2017ൽ ആരംഭിച്ച പദ്ധതി ഏറെ പ്രതിസന്ധികളിലൂടെയാണു കടന്നു പോകുന്നത്. മണ്ണഞ്ചേരിയിലെ 10 വാർഡുകളിൽ നിന്ന് ഒരോ മാസവും ജനകീയ അരി സമാഹരണം നടത്തിയാണ് പദ്ധതിക്ക് ആവശ്യമായ അരി കണ്ടെത്തുന്നത്. എന്നാൽ ഇപ്പോൾ നാട്ടുകാരെല്ലാം ഓണത്തിന്റെ ചെലവുകൾ കഴിഞ്ഞതിനാൽ വീടുകൾ കയറിയുള്ള അരിസമാഹരണം സാധ്യമല്ല. അടുത്ത മാസം ജനകീയ അരി സമാഹരണം നടത്തുന്നതുവരെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ 50 ചാക്ക് അരിയെങ്കിലും ആവശ്യമാണെന്ന് സംഘാടകർ പറഞ്ഞു.