കലക്ടർ ഇടപെട്ടു, ദേശാടനപ്പക്ഷികൾ ഉണ്ടാക്കിയ ദുരിതത്തിനു പരിഹാരമാകുന്നു...

Mail This Article
മാന്നാർ ∙ ജില്ലാ കലക്ടർ ഇടപെട്ടു, ദേശാടനപ്പക്ഷികൾ ജനത്തിനുണ്ടാക്കിയ ദുരിതത്തിനു പരിഹാരമാകുന്നു. കായംകുളം - തിരുവല്ല സംസ്ഥാനപാതയോരത്തെ ചെന്നിത്തല കല്ലുംമൂട് ജംക്‌ഷനു സമീപത്തെ രണ്ടു പാഴ്മരങ്ങളിൽ കൂടുകൂട്ടിയ ദേശാടനപക്ഷികൾ നാടിനും വഴിയാത്രികർക്കും ഏറെ ദുരിതങ്ങളാണ് സമ്മാനിച്ചത്. ഈ വഴിക്കു യാത്ര ചെയ്തവരുടെ ദേഹത്തേക്ക് ഇവ കാഷ്ടമിട്ടു വൃത്തികേടാക്കിയ നിരവധി സംഭവങ്ങളുണ്ട്.
വർഷങ്ങളായി തുടരുന്ന ഈ ദുരിതത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ടു ചെന്നിത്തല - തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള ജില്ലാ കലക്ടർക്ക് നിവേദനം നിവേദനം നൽകിയിരുന്നു. കഴിഞ്ഞ ദിവസം നിവേദനത്തിന്റെ മറുപടിയായി അപേക്ഷയിന്മേൽ നിയമാനുസൃത നടപടികൾ സ്വീകരിച്ച് അപേക്ഷകനെ അറിയിക്കുവാനും സ്വീകരിച്ച നടപടികൾ കലക്ടറേറ്റിൽ റിപ്പോർട്ട് ചെയ്യുവാനും ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് സെക്രട്ടറിയോട് നിർദേശിച്ചിട്ടുണ്ടെന്നും ഐപ്പ് ചാണ്ടപ്പിള്ളയ്ക്കു ലഭിച്ച മറുപടി കത്തിൽ പറയുന്നു.