മാന്നാർ ∙ പഞ്ചായത്തിലെ ജനകീയ ഹോട്ടൽ പൂട്ടിയിട്ട് ഒരു മാസം, പഞ്ചായത്തു ഭരണസമിതി അറിഞ്ഞില്ലെന്ന് യുഡിഎഫ് ആരോപിച്ചു. മാന്നാർ മുട്ടേൽ മിനി സിവിൽ സ്റ്റേഷൻ വളപ്പിലാണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്. ജനകീയ ഹോട്ടൽ നടത്തിപ്പുകാർക്ക് സർക്കാരിൽ നിന്നും 1.44 ലക്ഷം രൂപ കൊടുക്കാനുള്ള കാരണത്താലാണ് പ്രവർത്തനം നിലച്ചത്.
മാന്നാർ പഞ്ചായത്തിലെ കുടുംബശ്രീ വൈസ് ചെയർപഴ്സനടക്കമുള്ള 4 സ്ത്രീകളുടെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തനം. മിനി സിവിൽ സ്റ്റേഷന് സമീപം പഞ്ചായത്ത് കെട്ടിടത്തിൽ വാടക വാങ്ങാതെയാണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കാൻ അനുവദിച്ചത്. കറന്റ് ചാർജ്, വെള്ളവും പഞ്ചായത്ത് ആണ് നൽകിയിരുന്നത്. സർക്കാരിൽ നിന്നും വൻതുക കുടിശിക ആയതുകൊണ്ട് മൂലം ഹോട്ടൽ നടത്തിപ്പുമായി മുന്നോട്ടു പോകുവാൻ സാധിക്കാത്ത സാഹചര്യത്തിലാണ് കുടുംബശ്രീയുടെ ഉത്തരവാദിത്തപ്പെട്ടവർ ഇതിൽ നിന്നും പഞ്ചായത്ത് ഭരണസമിതിയെ അറിയിക്കാതെ പിൻവാങ്ങിയത്.
നടത്തിപ്പുകാരായ 4 പേർക്കും ശാരീരികമായി ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞാണ് അവർ പിൻവാങ്ങിയതെന്നാണ് പൊതുജനത്തെ അറിയിച്ചത്. അവർ നാലുപേരും പഞ്ചായത്തിലെത്തുന്നതും അവരുടെ വാർഡിലെ വിവിധ പ്രവർത്തനങ്ങളിലേർപ്പെടുന്നതും പൊതുജനത്തിനറിവുള്ളതാണെന്നും യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് സുജിത് ശ്രീരംഗം പറഞ്ഞു. ഹോട്ടൽ നിർത്തിയതു സംബന്ധിച്ചു രേഖാമൂലം പഞ്ചായത്തിനെ അറിയിച്ചിട്ടില്ല. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയും കുടുംബശ്രീ ചെയർപഴ്സനും ചേർന്നു ജനകീയ ഹോട്ടലിന്റെ ഔദ്യോഗിക കാര്യങ്ങൾ നോക്കിയിരുന്നത്. അവരും പോലുമറിയാതെയാണ് ഹോട്ടൽ പൂട്ടിയത്.കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്തു കമ്മിറ്റിയിൽ ഈ വിഷയം അജണ്ടായപ്പോഴാണ് പഞ്ചായത്തംഗങ്ങൾ പോലും വിവരമറിയുന്നത്.
പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് ജനകീയ ഹോട്ടൽ അടച്ചുപൂട്ടാനുള്ള സാഹചര്യമുണ്ടാക്കിയെന്ന് സുജിത് ശ്രീരംഗം പറഞ്ഞു.ഹോട്ടൽ നിർത്തിയതു സംബന്ധിച്ചു പഞ്ചായത്ത് ഭരണസമിതി അറിഞ്ഞില്ലെന്ന യുഡിഎഫ് ആരോപണം തെറ്റാണ് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി പറഞ്ഞു. മൂന്നും നാലും മാസം കൂടിയിരിക്കുമ്പോഴാണ് സബ്സിഡി തുക ലഭിക്കുന്നത്. ജനകീയ ഹോട്ടൽ മാനേജ്മെന്റ് കമ്മിറ്റി വിളിച്ചു താൽപര്യമുള്ള യൂണിറ്റിനെ കൊണ്ട് ഹോട്ടൽ തുടങ്ങുന്നതിനുള്ള നടപടിയെടുക്കാമെന്നും പ്രസിഡന്റ് പറഞ്ഞു.