‘കുട്ടനാട്ടിൽ സിപിഎം വിട്ടവർ അവസരവാദികളുടെ പാർട്ടിയിൽ’; സിപിഐയെ പേരു പറയാതെ വിമർശിച്ച് ആർ.നാസർ

cpm-cpi-flag
SHARE

ആലപ്പുഴ ∙ കുട്ടനാട്ടിൽ സിപിഎം പുറത്താക്കിയവർ എത്തിയത് അവസരവാദികളുടെ പാർട്ടിയിലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ. പാർട്ടിയിലെ  അവസരവാദികളെയാണു സിപിഎം പുറത്താക്കിയത്. അവർ എത്തേണ്ട ഇടത്തു തന്നെ എത്തി. അവർ റിവിഷനിസ്റ്റുകളുടെ പാർട്ടിയിൽ ചേർന്നെന്നും സിപിഐയുടെ പേരു പരാമർശിക്കാതെ നാസർ പറഞ്ഞു. കുട്ടനാട്ടിൽ 3 ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 222 സിപിഎം പ്രവർത്തകരാണു  സിപിഐയിൽ ചേർന്നത്.  

 സിപിഐയിൽ ചേർന്ന രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ്  ആർ.രാജേന്ദ്രകുമാർ  അന്തസ്സുണ്ടെങ്കിൽ രാജിവയ്ക്കണമെന്നു നാസർ ആവശ്യപ്പെട്ടു. എന്നാൽ എൽഡിഎഫ് മുന്നോട്ടുവച്ച പ്രകടന പത്രികയുടെ അടിസ്ഥാനത്തിലാണ് താൻ വിജയിച്ചതെന്നും  പ്രകടന പത്രികയിലെ കാര്യങ്ങൾ നടപ്പിലാക്കാൻ 5 വർഷവും എൽഡിഎഫ് പ്രതിനിധിയെന്ന നിലയിൽ പ്രസിഡന്റായി തുടരുമെന്നും  ആർ.രാജേന്ദ്രകുമാർ തിരിച്ചടിച്ചു. രാമങ്കരി പഞ്ചായത്ത് ഭരണസമിതിയിൽ പ്രസിഡന്റ് ഉൾപ്പെടെ ഭൂരിപക്ഷം സിപിഎം അംഗങ്ങളും സിപിഐയിൽ ചേർന്നിരുന്നു.

കഴിഞ്ഞ ദിവസം സിപിഎം രാമങ്കരിയിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സമരത്തിന്റെ  ഉദ്ഘാടന വേദിയിലാണു ആർ.നാസർ കുട്ടനാട്ടിൽ പാർട്ടി വിട്ടവർക്കെതിരെ രൂക്ഷവിമർശനമുയർത്തിയത്. കുട്ടനാട്ടിൽ ഒരാൾ പോലും പാർട്ടി വിട്ടില്ലെന്നു നിലപാടെടുത്തിരുന്ന ജില്ലാ സെക്രട്ടറി ആദ്യമായാണു കൂട്ടരാജിയിൽ പരസ്യമായി പ്രതികരിക്കുന്നത്. കുട്ടനാട്ടിൽ പാർട്ടി വിട്ടെന്നു പറയുന്നവരൊന്നും പാർട്ടിയിൽ ഉണ്ടായിരുന്നവരല്ലെന്നു നാസർ പറഞ്ഞു. പാർട്ടിയിൽ ഉണ്ടായിരുന്ന 3 പേരെ പുറത്താക്കി. ബാക്കിയുള്ളവരെല്ലാം നേരത്തേപോയവരാണ്. 

രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാർ നിരന്തരം പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തുന്നയാളും അഴിമതിക്കാരനുമാണെന്നും നാസർ ആരോപിച്ചു.   ലോക്കൽ സെക്രട്ടറിയായിരുന്നപ്പോൾ ഓഫിസ് കെട്ടിടനിർമാണ ഫണ്ടിലും പിന്നീട് ജനകീയാസൂത്രണ പദ്ധതിയിലും തട്ടിപ്പ് നടത്തി. രണ്ടുവട്ടം പാർട്ടി പുറത്താക്കിയെങ്കിലും പിന്നീട് തെറ്റുതിരുത്തി തിരിച്ചുവന്നു. കഴിഞ്ഞ സമ്മേളനത്തിൽ രാമങ്കരി ലോക്കൽ കമ്മിറ്റി പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ പാനൽ പരാജയപ്പെട്ടു. ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയെങ്കിലും ഒരു യോഗത്തിൽ പോലും പങ്കെടുത്തില്ലെന്നും നാസർ പറഞ്ഞു.  


കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

 അതേസമയം 1994ൽ പാർട്ടിയിലെ വിഭാഗീയതയുടെ ഭാഗമായാണു തനിക്കെതിരെ അച്ചടക്ക നടപടിയെടുത്തതെന്നു രാജേന്ദ്രകുമാർ മറുപടി നൽകി. സിഐടിയു, വിഎസ് പക്ഷങ്ങൾ തമ്മിലുള്ള ഗ്രൂപ്പ് പോര് രൂക്ഷമായ കാലത്ത് വിഎസിനൊപ്പം നിന്നതിന്റെ പേരിലാണ്  തനിക്കെതിരെ നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS