ആലപ്പുഴ∙ സിപിഐയെ ലക്ഷ്യമിട്ടു സിപിഎം ജില്ലാ സെക്രട്ടറി നടത്തിയ ‘അവസരവാദികൾ’ പരാമർശത്തിനു സിപിഐ നേതൃത്വം ഉടൻ മറുപടി പറയില്ല. എന്നാൽ, അടുത്ത മാസം രാമങ്കരിയിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി അതിൽ മറുപടി നൽകാനാണു സാധ്യത. സംസ്ഥാന നേതാക്കളെ ആരെയെങ്കിലും ഈ യോഗത്തിൽ പങ്കെടുപ്പിക്കാനും ആലോചനയുണ്ട്. കുട്ടനാട്ടിലെ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ രാജിവച്ചു സിപിഐയിൽ ചേർന്നതുമായി ബന്ധപ്പെട്ടാണു സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ സിപിഐയെ രൂക്ഷമായി വിമർശിച്ചത്. പാർട്ടിയിലെ അവസരവാദികളെ പുറത്താക്കിയെന്നും അവർ എത്തേണ്ടിടത്ത് എത്തിയെന്നും റിവിഷനിസ്റ്റുകളുടെ പാർട്ടിയിൽ ചേർന്നെന്നും നാസർ പറഞ്ഞിരുന്നു.
പാർട്ടിയെ പരസ്യമായി അധിക്ഷേപിച്ചിട്ടും സിപിഐ നേതാക്കൾ പ്രതികരിച്ചിട്ടില്ല. സിപിഎമ്മിന്റേതു സ്ഥിരം പ്രതികരണമാണെന്നും ജില്ലാ സെക്രട്ടറി പ്രസംഗിച്ച ചില കാര്യങ്ങൾ അവരുടെ ആഭ്യന്തര കാര്യങ്ങളാണെന്നുമാണു സിപിഐ നിലപാട്. ലോക്സഭാ തിരഞ്ഞെടുപ്പു വരുന്ന സാഹചര്യത്തിൽ മറ്റൊരു പ്രധാന പ്രശ്നവും സിപിഐക്കു മുന്നിലുണ്ട്. കുട്ടനാട് ഉൾപ്പെട്ട മാവേലിക്കര മണ്ഡലം സിപിഐയുടെ സീറ്റാണ്. കുട്ടനാട് സംഭവങ്ങളുടെ പേരിൽ സിപിഎമ്മിനെ വല്ലാതെ പ്രകോപിപ്പിച്ചാൽ അതു തിരഞ്ഞെടുപ്പിൽ ദോഷകരമാകുമെന്നാണു സിപിഐയുടെ ആശങ്ക.
222 പേർ ഒന്നിച്ചു സിപിഎം വിട്ടെത്തിയതു സിപിഐയെ സംബന്ധിച്ചു വലിയ നേട്ടമാണ്. എന്നിട്ടു പോലും പുതുതായി എത്തിയവരെ പൊതുസമ്മേളനം നടത്തി സ്വീകരിക്കാത്തതും സിപിഎമ്മിനെ പിണക്കേണ്ടെന്ന ചിന്തയിലാണെന്ന് അറിയുന്നു.സിപിഐയിൽ ചേർന്ന രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണമെന്ന സിപിഎമ്മിന്റെ ആവശ്യത്തിനു പ്രസിഡന്റ് തന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്നു സിപിഐ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ജില്ലാ ആസ്ഥാനത്ത് ഉൾപ്പെടെ മറ്റു ചില മേഖലകളിലും സിപിഎമ്മിലെ അസംതൃപ്തർ സിപിഐയിൽ ചേരാൻ സാധ്യതയുണ്ടെന്നു സൂചനയുണ്ട്. അവരിൽ ചിലരുമായി സിപിഐ നേതാക്കൾ സ്വകാര്യമായി ചർച്ച നടത്തിയെന്നാണു വിവരം. എന്നാൽ, ഇക്കാര്യം സിപിഐ നേതാക്കൾ സ്ഥിരീകരിക്കുന്നില്ല. ആർഎസ്പിയിൽ നിന്നും ചിലർ സിപിഐയിലെത്തുമെന്നു നേതാക്കൾ അനൗദ്യോഗികമായി പറയുന്നുണ്ട്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local