മത്സ്യത്തൊഴിലാളികൾ തുനിഞ്ഞിറങ്ങി; പൂച്ചാക്കൽ തോട്ടിലെ പായൽ നീക്കി
Mail This Article
പൂച്ചാക്കൽ ∙ പൂച്ചാക്കൽ തോട്ടിലെ പായൽ പോലും നീക്കാൻ അധികൃതർക്ക് ആകുന്നില്ല. ഒടുവിൽ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ നീക്കി. പായലും പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങളും നിറഞ്ഞ് രോഗഭീഷണി ഉയർത്തുകയാണ് പൂച്ചാക്കൽ തോട്. തോടിന്റെ അതിർത്തി പങ്കിടുന്ന പാണാവള്ളി, തൈക്കാട്ടുശേരി പഞ്ചായത്ത് അധികൃതർ അറിഞ്ഞിട്ടും നടപടി ഉണ്ടാകുന്നില്ല. മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിനും വള്ളം കൊണ്ടു പോകുന്നതിനും പായൽ തടസ്സമാണ്.പൂച്ചാക്കൽ ജെട്ടിക്കു സമീപവാസികളും മത്സ്യത്തൊഴിലാളികളുമായ പി. അനിൽകുമാർ, ടി. സനോജ്, ബാബു ചിറയ്ക്കൽ, രാജു കരീത്തറ തുടങ്ങിയവരുടെ നേതൃത്വത്തിൽ മുളയും മറ്റും ഉപയോഗിച്ച് കിഴക്കേ വേമ്പനാട് കായലിലേക്കു പായൽ നീക്കുകയായിരുന്നു.
വേലിയേറ്റത്തിൽ കായലിൽ നിന്നും തോട്ടിലേക്കു ഇനിയും പായൽ വരാതിരിക്കാനും പടിഞ്ഞാറ് കൈതപ്പുഴ കായലിൽ നിന്നും തോട്ടിലേക്കു വരുന്ന പായൽ വേമ്പനാട് കായലിലേക്കു പോകുന്നതിനും ക്രമീകരണവും ചെയ്തു. പൂച്ചാക്കൽ തോട്ടിലെ മാലിന്യങ്ങളെല്ലാം കോരി വൃത്തിയാക്കുമെന്നു പാണാവള്ളി, തൈക്കാട്ടുശേരി പഞ്ചായത്ത് അധികൃതർ പ്രഖ്യാപിച്ചിരുന്നു.
പൂച്ചാക്കൽ തോട്ടിൽ കുളിച്ചതിനെ തുടർന്ന് അപൂർവ രോഗമായ ബ്രെയിൻ ഇൗറ്റിങ് അമീബ ബാധിച്ചു 10–ാം ക്ലാസ് വിദ്യാർഥി പാണാവള്ളി കിഴക്കേമായിത്തറ ഗുരുദത്ത് മരിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ജൂലൈയിൽ പ്രഖ്യാപനം ഉണ്ടായത്. ഇതുവരെ നടപ്പായിട്ടില്ല. ശുചിമുറി മാലിന്യം, വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഒഴുകി വരുന്ന മാലിന്യങ്ങൾ ഉൾപ്പെടെ പൂച്ചാക്കൽ തോട്ടിലേക്കു വരുന്നുണ്ട്. ഇത് കൂടാതെയാണ് തോട് തിങ്ങിനിറഞ്ഞ് പായലും വന്നത്. ദുർഗന്ധം, കൊതുക്, ഈച്ച പെരുകൽ തുടങ്ങിയവയും തോട്ടിൽ നിന്നുണ്ട്.