ഇറവങ്കര ∙ മണിക്കൂറുകളോളം നീളുന്ന കാത്തിരിപ്പ്, പ്രായത്തിന്റെ അവശത പലപ്പോഴും കാത്തിരിപ്പിനു തടസ്സമാകുമ്പോൾ അടുത്തദിവസം എത്താമെന്നു ചിന്തിച്ചു മടങ്ങുന്നവരേറെ. ജീവിതശൈലി രോഗത്തിനുള്ള മരുന്നു വാങ്ങൽ കടമ്പ ദുരിതമാകുന്നു. തഴക്കര പഞ്ചായത്തിലെ ഇറവങ്കര പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ജീവിതശൈലി രോഗത്തിനുള്ള മരുന്നു വിതരണം 2 ദിവസമാണു നടക്കുന്നത്. ചൊവ്വ, വെള്ളി ദിവസങ്ങളിലെ മരുന്നു വിതരണ സമയത്തു നൂറിലേറെ പ്പേരാണു പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്നത്. ഇവരെല്ലാം ഡോക്ടറെ കണ്ടു മരുന്നു വാങ്ങി മടങ്ങുമ്പോഴേക്കും മണിക്കൂറുകൾ പിന്നിട്ടിരിക്കും.
ഡോക്ടറുടെ മുറിയുടെ വാതിലിലും പരിസരത്തുമായി 2 ദിവസം ഇവിടെ നീണ്ടനിരയാണ്. പ്രായമായവർ രോഗികളുടെ തിരക്കു മൂലം മണിക്കൂറുകളോളം കാത്തു നിൽക്കണം. നിലവിലെ 2 ദിവസം എന്ന രീതി 3 ദിവസമാക്കിയാൽ പ്രശ്നത്തിനു കുറച്ചെങ്കിലും പരിഹാരം ഉണ്ടാകുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതു സംബന്ധിച്ചു കഴിഞ്ഞ മാസം ചിലർ പഞ്ചായത്ത് അധികൃതർക്കു നിവേദനം നൽകി. 2 ഡോക്ടർമാരുടെ സേവനമുള്ള ഇവിടെ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഏതെങ്കിലും ഒരു ഡോക്ടർ അവധിയായാൽ തിരക്കേറും.
''ഒപി ടിക്കറ്റുകളുടെ എണ്ണം 100 കടന്നാൽ പിന്നെ ഒന്നു മുതലാണ് ഇവിടെ നൽകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി ആയപ്പോഴും ടോക്കൺ 100 പോലും ആയില്ല. ബാക്കി അൻപതിലേറെ പേർ കാത്തു നിന്നു. ജീവിതശൈലി രോഗത്തിനു മരുന്നു നൽകുന്ന ദിവസങ്ങളിൽ മാത്രമാണു തിരക്ക് ഏറെയുള്ളത്. അതിനാൽ മരുന്നുവിതരണം 3 ദിവസമാക്കണം.'' -വർഗീസ് പാറപ്പുറത്ത്, കുന്നം