ആലപ്പുഴ∙ മരുന്നു കടയിലേക്കെന്ന വ്യാജേന കുറിയർ വഴി ലഹരിമരുന്ന് കടത്തിയ കേസിൽ പ്രതികളുടെ ഫോൺവിളി വിവരങ്ങൾ എക്സൈസ് ശേഖരിക്കുന്നു. എക്സൈസിന്റെ സൈബർ സെൽ വഴി പൊലീസിന്റെ സൈബർ വിഭാഗത്തിന്റെ സഹായത്തോടെയാണു ഫോണിലെ വിവരങ്ങൾ കണ്ടെടുക്കുന്നത്. പ്രതികൾ നേരിട്ട് ഓൺലൈനായി ഓർഡർ ചെയ്തു ലഹരിയെത്തിച്ചു എന്നാണു നിലവിലെ അനുമാനം. ഫോൺ വിളികളുടെ വിശദാംശങ്ങൾ ലഭിച്ചെങ്കിൽ മാത്രമേ കൂടുതൽ പേർക്കു പങ്കുണ്ടോയെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ കണ്ടെത്താനാകൂ. പ്രതികൾ മുൻപും സമാന രീതിയിൽ ലഹരിയെത്തിച്ചെന്നാണു സൂചനയെങ്കിലും വ്യക്തമായ വിവരങ്ങൾ ലഭിക്കാനുണ്ട്.
ഇവരിൽ നിന്നു ലഹരിമരുന്ന് വാങ്ങിയിരുന്നവരെക്കുറിച്ചും വിവരങ്ങൾ ലഭിച്ചിട്ടില്ല.പിടിയിലാകുന്ന സമയത്തു പ്രതികൾ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതിനാൽ പരസ്പര ബന്ധമില്ലാത്ത വിവരങ്ങളാണ് എക്സൈസിനോടു പറഞ്ഞത്. റിമാൻഡിൽ കഴിയുന്ന പ്രതികളെ അടുത്ത ദിവസം ജയിലിലെത്തി ചോദ്യം ചെയ്യും. പ്രതികൾ ലഹരി വിമോചന കേന്ദ്രത്തിലായിരുന്നതിനാൽ അവിടത്തെ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തും.
നഗരത്തിലെ മരുന്നുകടയുടെ ലൈസൻസ് വിവരങ്ങൾ ഉപയോഗിച്ചു ഹൈദരാബാദിലെ മരുന്നു നിർമാണ കമ്പനിക്ക് ഓർഡർ നൽകിയാണു മാരക ലഹരിയായ ഡയസെപാം എത്തിച്ചത്. 10 മില്ലീലീറ്റർ വീതമുള്ള 100 കുപ്പികളിലായി ദ്രാവക രൂപത്തിലായിരുന്നു ലഹരിമരുന്ന്. കൊല്ലം വടക്കേവിള തണ്ടാശേരിവയലിൽ അമീർഷാൻ (24), മുള്ളുവിള നഗർ ദീപം വീട്ടിൽ ശിവൻ (30) എന്നിവരാണു ലഹരിമരുന്ന് കൈപ്പറ്റുന്നതിനിടെ കഴിഞ്ഞ ദിവസം എക്സൈസിന്റെ പിടിയിലായത്. ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ എം.നൗഷാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local