ആലപ്പുഴ∙ ടാറിങ് നടത്തി ഒരു മാസത്തിനുള്ളിൽ റോഡ് തകർന്നു. തുമ്പോളി വികസനം പടിഞ്ഞാറ് കുരിശടിയിൽ നിന്നു വടക്കോട്ടുള്ള റോഡാണു തകർന്നത്. റോഡിന്റെ ഉദ്ഘാടനത്തിനു മുൻപാണു ചവിട്ടിയാൽ താഴുന്ന വിധത്തിൽ റോഡ് തകർന്നത്. ഹാർബർ എൻജിനീയറിങ് വകുപ്പിനു കീഴിലുള്ളതാണു റോഡ്. തീരപ്രദേശത്തെ 50ലധികം വീടുകളിലേക്കുള്ള പാതയാണിത്. ഏറെക്കാലം തകർന്നു കിടന്നതിനെത്തുടർന്നാണു റോഡ് പുനർനിർമിച്ചത്,
മെറ്റൽ നിരത്തി അതിനു മുകളിൽ പേരിനു മാത്രം ടാർ ഇട്ട് ഉറപ്പിക്കുകയായിരുന്നെന്നു നാട്ടുകാർ പറയുന്നു. ആവശ്യത്തിനു ടാർ ഉപയോഗിക്കാഞ്ഞതിനാൽ ടാറിങ്ങിനു വേണ്ട നിലവാരമില്ല. പലയിടത്തും ചുള്ളിക്കമ്പുകൊണ്ട് ഇളക്കിയാൽ പോലും ടാർ ഇളകി വരുന്ന സ്ഥിതിയാണ്. എത്രയും വേഗം പ്രശ്നത്തിനു പരിഹാരം കാണമെന്നാണു നാട്ടുകാരുടെ ആവശ്യം.
അതേസമയം ടാറിങ് നടന്ന ദിവസങ്ങളിൽ മഴ പെയ്തതോടെ പ്രവൃത്തി തടസ്സപ്പെട്ടിരുന്നെന്നും മഴ പെയ്ത ദിവസത്തെ ടാറിങ്ങാണ് ഇളകുന്നതെന്നും അധികൃതർ പറയുന്നു.
റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തി ബാക്കിയാണെന്നും ടാറിങ് ഇളകിയ ഭാഗം ഉടൻ ശരിയാക്കുമെന്നും അധികൃതർ പ്രതികരിച്ചു.