ചേർത്തല∙ മാരാരിക്കുളം വടക്ക് പഞ്ചായത്ത് 8–ാം വാർഡിലെ കണിയാംവെളി–തയ്യിൽ റോഡ് കുളമായി, വെള്ളക്കെട്ടിൽ വീഴാതെ യാത്രചെയ്യാൻ കഴിയില്ല. 25 വർഷങ്ങൾക്ക് മുൻപ് നിർമിച്ച കണിയാംവെളി–തയ്യിൽ റോഡിൽ ഇതുവരെ പുനർനിർമാണം നടത്താത്തതിനാൽ റോഡിലൂടെ യാത്രചെയ്യാൻ പോലും കഴിയില്ല. ചെറുതും വലുതുമായ കുഴികളിലെല്ലാം മഴവെള്ളം നിറഞ്ഞതോടെ ഇതുവഴി യാത്രചെയ്യുന്നവരെല്ലാം വെള്ളക്കെട്ടിൽ വീഴുക പതിവാണ്.
പൊന്നുച്ചിറ പാടശേഖത്തിലൂടെ കടന്നുപോകുന്ന റോഡിലൂടെ ഏറെയും യാത്ര ചെയ്യുന്നത് തോപ്പുവെളി, മിച്ചവാരംവെളി തുടങ്ങിയ പ്രദേശത്തുള്ളവരാണ്. മറ്റുവഴികളില്ലാത്തതിനാൽ വെള്ളക്കെട്ടിലൂടെയാണ് പലതും യാത്ര ചെയ്യുന്നത്. ഇരുവശങ്ങളിലും കാടുപിടിച്ചു കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും ഏറെയാണ്. റോഡ് പുനർനിർമിച്ച് യാത്രദുരിതം പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.