നവീകരണത്തിൽ വീതി കുറഞ്ഞ് ചമ്പക്കുളം–എടത്വ റോഡ്; രണ്ട് വാഹനങ്ങൾക്ക് ഇരുദിശയിലേക്ക് ഒരേ സമയം പോകാൻ പ്രയാസം

HIGHLIGHTS
  • രണ്ട് വാഹനങ്ങൾക്ക് ഇരുദിശയിലേക്ക് ഒരേ സമയം പോകാൻ പ്രയാസം
അടുത്തിടെ നവീകരിച്ച ചമ്പക്കുളം–തായങ്കരി റോഡ്.
SHARE

കുട്ടനാട് ∙ ഉയർത്തി നവീകരിച്ചതോടെ വീതി കുറഞ്ഞ് ചമ്പക്കുളം–എടത്വ റോഡ് അപകടക്കെണിയാകുന്നു. വർഷങ്ങളായി തകർന്നു കിടന്ന ചമ്പക്കുളം മുതൽ തായങ്കരി വരെയുള്ള ഭാഗമാണ് അടുത്തിടെ നവീകരിച്ചത്. സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന ഭാഗം അടക്കം മണ്ണിട്ട് ഉയർത്തിയശേഷമാണു ടാറിങ് നടത്തിയത്. റോഡ് ഉയർത്തിയ ഭാഗം പൂർണമായി ടാറിങ് നടത്തിയതിനാൽ വശങ്ങൾ ഇല്ലാത്തതാണ് ഇപ്പോൾ അപകട സാധ്യത വർധിപ്പിക്കുന്നത്. റോഡിന്റെ പല ഭാഗങ്ങളിലും 4 മീറ്ററിൽ താഴെയാണു വീതിയുള്ളത്.

2 വലിയ വാഹനങ്ങൾ ഒരേ സമയം ഇരുവശങ്ങളിലേക്കും സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ചില ഭാഗങ്ങളിൽ വലിയൊരു വാഹനം കടന്നു പോയാൽ ഓട്ടോറിക്ഷ പോലും എതിർ ദിശയിൽ പോകാൻ സാധിക്കാത്ത അവസ്ഥയാണ്. മുൻപ്, ടാർ ചെയ്ത ഭാഗവും റോഡിന്റെ ഇരുവശവും ഒരേ ഉയരത്തിൽ കിടന്നിരുന്നതിനാൽ എതിരെ വരുന്ന വാഹനങ്ങൾക്കു സൈഡ് കൊടുക്കാൻ ബുദ്ധിമുട്ട് ഇല്ലായിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും പാടശേഖരമാണ്. ടാറിങ്ങിൽ നിന്ന് വാഹനം വശങ്ങളിലേക്ക് ഇറക്കിയാൽ പാടശേഖരത്തിലേക്കു മറിയുന്ന അവസ്ഥയുണ്ടാകും.

റോഡിനു വീതി കുറഞ്ഞതോടെ പാടശേഖരത്തിൽ എത്തുന്നവർക്കു റോഡിന്റെ വശങ്ങളിൽ വാഹനം പാർക്ക് ചെയ്തിട്ടു കൃഷിയിടത്തിലേക്കു പോകാൻ സാധിക്കുകയില്ല. കൂടാതെ വിത്ത്, വളം അടക്കമുള്ള സാധനങ്ങൾ കൃഷിയിടത്തിലേക്കു കൊണ്ടുവരാനും കഴിയുന്നില്ല. പെട്ടി ഓട്ടോറിക്ഷയിൽ പോലും സാധനങ്ങളുമായെത്തിയാൽ എതിരെ ഒരു വാഹനത്തിനും കടന്നു പോകാൻ സാധിക്കാത്തതിനാൽ ഗതാഗത കുരുക്കിനും സാധ്യതയേറെയാണ്. സ്കൂൾ ബസുകൾക്കു പോലും ഇപ്പോൾ സുരക്ഷിതമായും സമയക്രമത്തിലും റോഡിലൂടെ സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. റോഡിന്റെ ഇരുവശത്തും കല്ലുകെട്ടി മണ്ണിട്ട് ഉയർത്തിയാൽ മാത്രമെ പ്രശ്നത്തിനു ശ്വാശ്വത പരിഹാരമുണ്ടാവുകയുള്ളൂ. അധികാരികൾ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വലിയ അപകടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS