മുതുകുളം ∙ തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് യാത്രികന് റോഡിൽ വീണു പരുക്കേറ്റു. കാർത്തികപ്പള്ളി മഹാദേവികാട് കൊച്ചുപുരയിടത്തിൽ രാഹുൽ ഗോപിയാണ് അപകടത്തിൽപെട്ടത്. ആറാട്ടുപുഴ– വലിയഴീക്കൽ തീരദേശ റോഡിൽ വട്ടച്ചാലിൽ ആയിരുന്നു അപകടം. ബൈക്കിൽ നിന്ന് തെറിച്ചു റോഡിൽ വീണ രാഹുലിന്റെ തല സമീപത്തെ മതിലിന്റെ ഗേറ്റിൽ ശക്തിയായി ഇടിക്കുകയും ചെയ്തു.നെറ്റിയുടെ ഇടതു ഭാഗത്തെ എല്ലിനു പൊട്ടലും കൈകാലുകൾക്കു ചതവും ഉണ്ട്. ആറാട്ടുപുഴ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ എൽ. മൻസൂറിന്റെ നേതൃത്വത്തിൽ ആംബുലൻസ് എത്തിച്ച് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോലി സംബന്ധമായ കാര്യത്തിന് പുളിക്കീഴിൽ നിന്ന് വലിയഴീക്കൽ ഭാഗത്തേക്കു പോകുകയായിരുന്നു ഇയാൾ. അപകടത്തിൽ ഗേറ്റ് ഭാഗികമായി തകരുകയും ചെയ്തു.
HIGHLIGHTS
- നെറ്റിയുടെ ഇടതു ഭാഗത്തെ എല്ലിനു പൊട്ടലും കൈകാലുകൾക്ക് ചതവും