നാട്ടുകാർക്ക് ദുരിതം നൽകി ദേശാടന പക്ഷികൾ
Mail This Article
ചാരുംമൂട്∙ കെ–പി റോഡിൽ ചാരുംമൂട് ജംക്‌ഷനിൽ ബസ് കാത്തു നിൽക്കുന്ന യാത്രക്കാർക്കും വ്യാപാരസ്ഥാപനങ്ങൾക്കും ഇരുചക്രവാഹനയാത്രികർക്കും ജംക്‌ഷനിലെ വൃക്ഷത്തിൽ കൂടുകൂട്ടിയ ദേശാടനപക്ഷികൾ ദുരിതം സൃഷ്ടിക്കുന്നു. പക്ഷികളുടെ കാഷ്ഠം വീഴുന്നതിനാൽ ഇതിനോട് ചേർന്നുള്ള കാത്തിരിപ്പ് കേന്ദ്രത്തിലും യാത്രക്കാർക്ക് കയറി നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇത് കാരണം ബസുകൾ ട്രാഫിക്കിനോട് ചേർന്ന് ഗതാഗതതടസ്സം സൃഷ്ടിച്ചാണ് നിർത്തുന്നത്. എന്നാൽ, ദുർഗന്ധം കാരണം മിക്ക വ്യാപാര സ്ഥാപനങ്ങളും തുറക്കാറില്ല.
യാത്രക്കാർക്ക് ബസ് കാത്തു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഈ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിനെയും മറ്റ് ഉന്നത അധികാരികൾക്കും പരാതി നൽകിയിട്ടും ഇതുവരെയും നടപടിയില്ല. ഇതിന് സമീപമായി മൂവായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന ഹയർസെക്കൻഡറി സ്കൂളും എൽപിഎസ് സ്കൂളും ഐടിഐയും സ്ഥിതി ചെയ്യുന്നുണ്ട്. അടിയന്തരമായി ഇതിന് പരിഹാരം കാണണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.