ഹരിപ്പാട് കെഎസ്ആർടിസി സ്റ്റാൻഡിൽ ബസുകൾ ഉടൻ കയറിത്തുടങ്ങും

Mail This Article
ഹരിപ്പാട് ∙ കെഎസ്ആർടിസി ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കുന്നത് സംബന്ധിച്ചുള്ള നടപടികൾ പൂർത്തിയാകുന്നു. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും സ്റ്റാൻഡിലേക്ക് ബസുകൾ കയറാത്തത് വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. ഇതേ തുടർന്നു താലൂക്ക് വികസന സമിതി തഹസിൽദാരെ തീരുമാനമെടുക്കാൻ ചുമതലപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ചുള്ള നടപടികളാണ് ഇന്നലെ ആരംഭിച്ചത്. ബസുകൾ സ്റ്റാൻഡിലേക്ക് കയറുന്നതിനുള്ള തടസ്സങ്ങൾ ഇന്നലെ മാറ്റി. താലൂക്ക് ആശുപത്രിക്കു മുന്നിൽ റോഡിലേക്ക് ഇറക്കി കച്ചവടം ചെയ്തിരുന്നവരെ ഒഴിപ്പിച്ചു.
അതുപോലെ ദേശീയപാതയിലൂടെ തെക്ക് നിന്നു വരുന്ന കെഎസ്ആർടിസി ബസുകൾ പുതിയ റോഡ് വഴി സ്റ്റാൻഡിൽ പ്രവേശിക്കുന്നതിനു ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം റോഡ് കയ്യേറി കച്ചവടം നടത്തിരുന്നവരെയും മാറ്റി. പത്ത് കച്ചവടക്കാരെയാണ് മാറ്റിയത്. തുടർന്ന് കെഎസ്ആർടിസി ബസുകൾ ട്രയൽ റൺ നടത്തി. വടക്കുനിന്നും വരുന്ന ബസുകൾ റെയിൽവേ റോഡിന് സമീപത്തുനിന്നും പടിഞ്ഞാറോട്ട് തിരിഞ്ഞ് സ്റ്റാൻഡിൽ കയറി യാത്രക്കാരെ കയറ്റിയിറക്കി സ്റ്റാൻഡിനുള്ളിലൂടെ ദേശീയപാതയിൽ പ്രവേശിച്ച് വടക്കോട്ട് പോയി താലൂക്ക് ആശുപത്രി ജംക്‌ഷനിലുള്ള റൗണ്ട് ചുറ്റി തെക്കോട്ട് പോകണം.
കെഎസ്ആർടിസി ബസുകളുടെ ട്രയൽ റൺ വിജയകരമായിരുന്നു എന്നു അധികൃതർ പറഞ്ഞു.ദേശീയപാതയിൽ തെക്ക് നിന്നും വടക്കു നിന്നും വരുന്ന കെഎസ്ആർടിസി ബസുകൾ സ്റ്റാൻഡിലേക്ക് തിരിയുന്ന ഭാഗത്തും അതിന് തെക്കോട്ട് നീങ്ങിയും ട്രാഫിക് സിഗ്നലുകൾ, സൈൻ ബോർഡുകൾ, സ്പീഡ് ബ്രേക്കർ എന്നിവ സ്ഥാപിക്കുന്നതിന് ദേശീയപാതാ അതോറിറ്റി നടപടി സ്വീകരിച്ചാലുടൻ ബസുകൾ സ്റ്റാൻഡിൽ കയറിത്തുടങ്ങും. ഡപ്യൂട്ടി തഹസിൽദാർ ഉണ്ണിക്കൃഷ്ണൻ മൂസത്, എംവിഐ അഭിലാഷ് കെ. സദാനന്ദൻ, എസ്ഐ രാജേഷ് ഖന്ന, റവന്യു ഇൻസ്പെക്ടർ ബി. വിജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കെ. രാജീവ്, ഓവർസീയർ ശാന്തിനി എസ്. ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.