രണ്ടാം കൃഷി: കൊയ്ത്ത് 30 മുതൽ; നെല്ലിന്റെ വില കൊടുത്തു തീർത്തിട്ടില്ല, നെല്ല് എന്ന് സംഭരിക്കുമെന്ന് യാതൊരു അറിയിപ്പുമില്ല

Mail This Article
എടത്വ ∙ മാസങ്ങൾക്കു മുൻപ് കൊയ്ത്തു പൂർത്തിയാക്കിയ പാടശേഖരത്തെ കർഷകർക്ക് ഇനിയും നെല്ലിന്റെ വില കൊടുത്തു തീർക്കാത്ത സാഹചര്യം നിലനിൽക്കെ രണ്ടാം കൃഷിയുടെ (ഒന്നാം വിള) വിളവെടുപ്പ് 30 ന് തുടങ്ങും. തകഴി കൃഷി ഭവൻ പരിധിയിൽ 155 ഏക്കർ വരുന്ന പോളപ്പാടത്താണ് കൊയ്ത്ത് 30 ന് നടക്കുന്നത്. 156 ഏക്കർ വരുന്ന പാടശേഖരത്ത് കൃഷി 130 ദിവസം പിന്നിട്ടുകഴിഞ്ഞു. നെല്ല് സംഭരിക്കുന്നതിന്റെ റജിസ്ട്രേഷൻ നടപടി സ്വീകരിച്ചു എന്നല്ലാതെ കൊയ്ത്തു സംബന്ധിച്ച യാതൊരു തീരുമാനവും നടന്നിട്ടില്ല. നെല്ല് എന്ന് സംഭരിക്കുമെന്ന് യാതൊരു അറിയിപ്പുമില്ല.
സാധാരണഗതിയിൽ കൊയ്ത്തിന് ഒരുമാസം മുൻപ് , ഇതു സംബന്ധിച്ച് തീരുമാനം എടുക്കാൻ കലക്ടറേറ്റിൽ കൃഷി ഉദ്യോഗസ്ഥരുടെയും കർഷകരുടെയും കൊയ്ത്ത് യന്ത്ര ഇടനിലക്കാരുടെയും തൊഴിലാളി പ്രതിനിധികളുടെയും പാഡി മാർക്കറ്റിങ് അധികൃതരുടെയും യോഗം വിളിക്കുക പതിവാണ്. ഇക്കുറി ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ജില്ലയിൽ പതിനായിരത്തോളം ഹെക്ടറിലാണ് വിളവെടുപ്പ് നടത്തേണ്ടത്. ഇത്രയും സ്ഥലത്ത് പുഞ്ചക്കൃഷിയുടേതു പോലെ ഒന്നിച്ചു കൊയ്ത്ത് നടക്കില്ല. എന്നാലും കുറഞ്ഞത് 100 കൊയ്ത്തുമെതി യന്ത്രങ്ങൾ വേണ്ടിവരും. ഒരു മണിക്കൂറിന് 2000 രൂപ പ്രകാരം പാടശേഖര സമിതികൾ തന്നെ ഇടനിലക്കാർ വഴി ബുക്കു ചെയ്തിരിക്കുകയാണ്. ഒന്നര മണിക്കൂർ കൊണ്ട് കൊയ്ത്ത് പൂർത്തിയാക്കുകയാണു പതിവ്. എന്നാൽ മഴ സമയമായതിനാൽ കുറഞ്ഞത് 3 മണിക്കൂർ കൊണ്ടു മാത്രമേ കൊയ്ത്ത് പൂർത്തിയാക്കാൻ കഴിയൂ.
നെല്ലിന്റെ വില നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം കർഷകർ കൃഷി തന്നെ ഉപേക്ഷിക്കുന്ന സാഹചര്യമാണ് . അത്തരം സാഹചര്യത്തിൽ പുഞ്ചക്കൊയ്ത്ത് സുഗമമായി നടത്തുന്നതിനും നെല്ല് സംഭരിക്കുന്നതിനും ക്രമീകരണങ്ങൾ നേരത്തെ തന്നെ നടപ്പിലാക്കേണ്ടതാണ്. ഇപ്പോൾ തന്നെ കൊയ്ത്ത് വൈകി. അതിനിടയിൽ പുഞ്ചക്കൃഷിക്ക് പ്രാരംഭ നടപടി സ്വീകരിച്ചു കഴിഞ്ഞു. ഇക്കുറി കൃഷിയുടെ തുടക്കത്തിൽ തന്നെ കല്ലുകടിയായി. വിത്ത് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കർഷകർ ആശങ്കയിലാണ്.
കൂടുതൽ കർഷകർക്കും കർണാടക വിത്താണ് വേണ്ടത്. അത് ലഭിക്കുന്നതിനുള്ള നടപടി കൃഷി വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നു പറയുന്നെങ്കിലും കൃഷിഭവനുകളിൽ എത്തുന്ന കർഷകരോടു അറിയിക്കാം എന്നാണ് പറഞ്ഞുവിടുന്നത് എന്നു പരാതിയാണ്. ജില്ലയിൽ ഇക്കുറി 560 പാടശേഖരങ്ങളിലായി 27000 ഹെക്ടറിൽ പുഞ്ചക്കൃഷി ചെയ്യുമെന്നാണ് കൃഷിവകുപ്പ് അധികൃതർ പറയുന്നത്. പുഞ്ചക്കൃഷിക്ക് ആവശ്യമായ വിത്ത് ലഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായും കേരള സീഡ്, എൻഎസ്‌സി, കർണാടക വിത്തുകൾ ലഭ്യമാക്കാൻ നടപടിയായിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
''രണ്ടാം കൃഷിയുടെ വിളവെടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ അധികൃതർ മൗനത്തിലാണ്. കൊയ്ത്തു സംബന്ധിച്ച് തീരുമാനം എടുക്കാൻ കലക്ടർ യോഗം വിളിക്കണം. കൊയ്ത്ത് കഴിഞ്ഞ് അടുത്ത ദിവസം തന്നെ നെല്ല് സംഭരിക്കുകയും വില 15 ദിവസത്തിനകം നൽകാൻ നടപടി സ്വീകരിക്കുകയും വേണം.''
-തങ്കച്ചൻ പാട്ടത്തിൽ, ഐക്യ പാടശേഖര സമിതി സെക്രട്ടറി.