നോക്കുകൂലി ആവശ്യപ്പെട്ട് മർദനം: 3 സിഐടിയു പ്രവർത്തകർ അറസ്റ്റിൽ

Mail This Article
എടത്വ ∙ ലോറിയിൽ തടി കയറ്റുന്നതിനു നോക്കുകൂലി ആവശ്യപ്പെട്ട് തടിവ്യാപാരിയെ മർദിച്ച കേസിൽ 3 പേർ അറസ്റ്റിൽ. സിഐടിയു പ്രവർത്തകരായ ജയൻ, ജയകുമാർ, രമേശൻ എന്നിവരാണ് അറസ്റ്റിലായത്.കോയിൽമുക്ക് സ്വദേശിയായ തടിവ്യാപാരി കൊഴുപ്പക്കുളം ജംക്‌ഷന് സമീപത്തുനിന്നു വാങ്ങിയ തടി ഇദ്ദേഹത്തിനൊപ്പമെത്തിയ തൊഴിലാളികൾ വാഹനത്തിൽ കയറ്റുന്നതിനിടെ സിഐടിയു അംഗങ്ങളായ ജയനും ജയകുമാറും രമേശനും നോക്കുകൂലി ആവശ്യപ്പെട്ട് എത്തുകയായിരുന്നു എന്നാണ് പരാതി.
നോക്കുകൂലി നൽകില്ലെന്ന് അറിയിച്ചതോടെ തടി കയറ്റുന്നതു തടസ്സപ്പെടുത്തുകയും തുടർന്ന് തർക്കത്തിനിടെ വ്യാപാരിയുടെ മുഖത്ത് കല്ലുകൊണ്ട് ഇടിക്കുകയുമായിരുന്നുവെന്ന് എടത്വ പൊലീസിന് നൽകിയ പരാതിയിലുണ്ട്. ബോധപൂർവമല്ലാത്ത നരഹത്യാശ്രമത്തിനും പിടിച്ചുപറിക്കുമാണ് മൂന്നംഗ സംഘത്തിനെതിരെ കേസെടുത്തത്.
3 പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐ: കെ.ബി ആനന്ദബോസ്, എസ്ഐ മാരായ മഹേഷ്, സുരേഷ്, എഎസ്ഐ: ശ്രീകുമാർ, സീനിയർ സിപിഒ: സുനിൽ, സിപിഒ: സിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.